കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം രണ്ട്


ഓലമറയ്ക്കു പിറകില്‍ അകത്തുള്ളോര്‍,
ഓരോരുത്തിയ്ക്കും തുണയ്ക്കൊരുത്തി.
ചെണ്ടയ്ക്കുകോലുപോലന്തര്‍ജ്ജനങ്ങള്‍ക്കു
തണ്ടുണ്ടും കൊട്ടും പിണാത്തിമുമ്പില്‍.

ഒന്നാം ഭാഗത്തിന്റെ അവസാനം പറയുന്ന പോലെ ഒരു നമ്പൂതിരി ജന്മിയുടെ ഗൃഹത്തിലെ കഥകളി അരങ്ങിനേയും ആസ്വാദകവൃന്ദത്തെയും പറ്റി ഭാഗം രണ്ടിലും തുടരുന്നു. അന്നത്തെ നമ്പൂതിരി സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്ത് പോകാൻ പറ്റിയിരുന്നില്ല. പോകുമ്പോൾ ഒരു ഓലക്കുടകൊണ്ട് മറച്ച് വേണം നടക്കാൻ. ഒപ്പം വൃഷലിമാരായി നായർ സ്ത്രീകളിൽ ഒരാളെങ്കിലും വേണം. അവർ നമ്പൂതിരി സ്ത്രീ പറഞ്ഞത് അനുസരിക്കുവാൻ മാത്രമേ പാടൂ. തണ്ടുണ്ടും കൊട്ടുക എന്നത് ഒരാൾ പറഞ്ഞത് വിധേയത്വത്തോടെ ചെയ്യുന്നതിനുള്ള ഒരു നാടൻ ഭാഷാപ്രയോഗമാണ്. പിണാത്തി=ദാസി. ദാസികൾ നമ്പൂതിരി സ്ത്രീകളെ എപ്പോഴും അകമ്പടി സേവിക്കണം. ചെണ്ടയ്ക്ക് ചെണ്ടക്കോൽ എപ്പോഴും വേണമല്ലൊ.

പാവിൻഞെറികളില്‍ പാപ്പയായ് താറുടു
ത്തേതും മറയ്ക്കാത്ത മാറിടത്തില്‍,
പാലയ്ക്കാമോതിരമാലകളായ്, കുട്ടി-
ക്കാവുകള്‍, നെറ്റിയില്‍ നീള്‍ക്കുറികള്‍.

മുത്തുപൊഴിയും മുഖത്തുനിന്നെപ്പോഴും,
ചിത്തവിശുദ്ധിതന്‍ മുഗ്ദ്ധദൃശ്യം.

ഇവിടെ അന്നത്തെ നമ്പൂതിരി സ്ത്രീജനങ്ങളെ വരച്ച് കാട്ടുന്നു കവി. അന്ന് സ്ത്രീജനങ്ങൾ മാറുമറച്ചിരുന്നില്ല. ഒരു മുണ്ട് താറുടുക്കന്ന പോലെ ഉടുത്ത് സമ്പത്തുള്ളവർ അതിനുമുകളിൽ മേൽത്തരം വസ്ത്രവും പുതച്ച് ആണ് നടപ്പ്. താറുടുത്ത മുണ്ട് അരയിൽ ഉറപ്പിക്കാൻ വേണ്ടി ഒരുഅറ്റം അൽപ്പം വലുപ്പത്തിൽ കട്ടിയിൽ ചുരുട്ടി ഇടത് ഭാഗത്ത് അരയിൽ ഉറപ്പിക്കും, ആ ഭാഗത്തിനെ ആണ് പാപ്പ എന്ന് പറയുന്നത്.
നമ്പൂതിരി സ്ത്രീകളുടെ സാത്വികഭാവത്തിൽ നിന്നും ഉദിക്കുന്ന മുഖഭാവത്തെ കുറിച്ചും അലങ്കാരങ്ങളെ കുറിച്ചും ആണ് മറ്റ് വരികൾ. പാലയ്ക്കാമോതിരം എന്നത് അന്നത്തെ ഒരു മാലയുടെ, ആഭരണത്തിന്റെ പേരാണ്. അതിൽ പച്ചയും ചുകപ്പുമൊക്കെ ഉള്ള മണികളുണ്ടാകും.
വിവാഹം കഴിക്കാത്ത നമ്പൂതിരി പെൺകിടാങ്ങളെ പറയുന്നതാണ് കുട്ടിക്കിടാവുകൾ എന്നത്. അത് നമ്പൂതിരിമാർ സ്വയം പറയുന്നതല്ല. മറിച്ച് ദാസിമാരും മറ്റും സംബോധന ചെയ്യുന്നത് ആണ്. കുഞ്ഞിക്കാവ്, കുട്ടിക്കാവ് എന്നൊക്കെ ആകും ദാസികൾ സംബോധന ചെയ്യുന്നത്. അന്നത്തെ കാലത്ത് ഒരിക്കലും പേരുവിളിച്ച് നമ്പൂതിരിസമുദായത്തിൽ ഉള്ളവരെ സംബോധന ചെയ്യില്ലായിരുന്നു.

പൊട്ടിച്ചിരിയില്‍, കൈക്കൊട്ടിക്കളിപ്പാട്ടില്‍
നട്ടുപടര്‍ത്തിയ ജീവിതങ്ങള്‍
നാളുകള്‍ നീളും, കിനാവിന്‍ തളിരുകള്‍;
നാളെ,പ്പൂമൊട്ടോ, പുഴുവിനൂട്ടോ?

ഇവിടെ നമ്പൂതിരിസ്ത്രീജനങ്ങളുടെ ഒരു ചിത്രം കാണാം. നാളെ,പ്പൂമൊട്ടോ, പുഴുവിനൂട്ടോ എന്ന് ചോദിയ്ക്കുക വഴി കവി വരാൻ പോകുന്ന താത്രീവിചാരത്തിനു ആമുഖമിടുകയാണ്.

ഓലക്കുടവട്ടമവകാശം കാല്‍പ്പാടു
ഭൂമി, ഇല്ലം വിട്ടാലമ്പലത്തില്‍.
കുട്ടിക്കാവിന്നൊരുകൂട്ടാളനെത്തുമ്പോള്‍,
നാട്ടാര്‍ക്ക് കുഞ്ഞാത്തോലായ് ഭവിയ്ക്കും

അതെ, നമ്പൂതിരിസ്ത്രീജനങ്ങൾക്ക് ഓലക്കുടവട്ടമേ നോക്കാൻ പാടൂ അന്ന്. വിവാഹിതരാവാത്തവർ ഇല്ലത്ത് നിന്ന് പുറപ്പെട്ടാൽ അമ്പലത്തോളം. വിവാഹിതരാവാത്തവരെ ആണ് കുട്ടിക്കാവ് എന്ന് പറയുക. വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിൽ എത്തിയാൽ അവിടെ ഉള്ളവർക്ക് അവൾ കുഞ്ഞാത്തോലായി. മുന്നേ പറഞ്ഞപോലെ കുട്ടിക്കാവും കുഞ്ഞാത്തോൽ വിളികളും എല്ലാം നമ്പൂതിരിക്കിടാങ്ങളെ നമ്പൂതിരി സമൂഹത്തിനു പുറത്തുള്ളവർ സംബോധനചെയ്യുന്ന പ്രയോഗങ്ങൾ ആണ്.

പുറ്റില്‍ പൊതിഞ്ഞൊരു കീടംചിറകില്‍ പൂ-
മ്പാറ്റയായ് പെട്ടെന്ന് പാറും‍പോലെ!

വിവാഹം കഴിയുന്നത് വരെ നമ്പൂതിരിസ്ത്രീജനങ്ങൾ പുറ്റിൽ പൊതിഞ്ഞ കീടമാണ്. അതിനുശേഷമേ അവർക്ക് പുറത്ത് ദാസിമാരൊത്ത് പോകാനുള്ള അനുവാദം കൂടെ ഉള്ളൂ. പെൺകിടാവ് എന്നും ആധിതന്നെ എന്ന് ചുരുക്കം.

മേലാകെ മൂടിപ്പുതച്ചമ്മാല്‍ത്തോല്‍മാരും
മൂലോകവാര്‍ത്തയായ് മുത്തിമാരും.
ഒത്തൊരുമിച്ചു കളികണ്ടും, കൂട്ടത്തില്‍,
ഓര്‍ത്തും ഓര്‍ക്കാപ്പുറവാര്‍ത്തചൊല്ലി.

ഇനി വിവാഹം കഴിഞ്ഞ് കുഞ്ഞിക്കിടാവ്, ആത്തോലായി ഭവിച്ചെങ്കിലോ? അവർ മുന്നേ പറഞ്ഞ പോലെ മേലാകെ മൂടിപ്പുതച്ച് ഓലക്കുടയും ദാസിയുമായി കളി കാണാൻ വരും. കൂടെ മുത്തശ്ശിമാരും ഉണ്ടാകും. അവർക്ക് കൂട്ടം കൂടാനും ബഹുവിധവർത്തമാനത്തിനും ഒരു അരങ്ങാണ് അന്നത്തെ ഇല്ലങ്ങളിലെ കഥകളി അരങ്ങുകൾ! അതേ അവർക്ക് ബഹുജനസമ്പർക്കവുമുള്ളൂ.

ഓട്ടുവളകളിളകിടുമൊച്ചയില്‍
ഒട്ടൊളിപ്പിച്ചുമൊട്ടൊച്ചവെച്ചും
കൊയ്തകണ്ടങ്ങളില്‍ കൊറ്റികള്‍പോലവര്‍
കോടിവിശേഷം കൊറിച്ചിരുന്നു:

അതെ, അവർ കൊയ്ത കണ്ടങ്ങളിൽ വന്നിരിക്കുന്ന കൊറ്റികളെ പോലെ ആണ്. അവർക്ക് തമ്മിൽ തമ്മിൽ പറയാൻ 'ശ്ശി' വിശേഷം കാണും. കോടിവിശേഷം=പുതുമയുള്ള വർത്തമാനങ്ങൾ എന്നോ അനവധി വർത്തമാനങ്ങൾ എന്നോ അർത്ഥം പറയാം.
ഇനി അതെന്തൊക്കെ ആണെന്ന് കവി പറഞ്ഞ് തരുന്നു. ആ വിശേഷം പറച്ചിലിന്റെ ശബ്ദരേഖകൾ കേൾക്കൂ.

'അപ്പാട്ടെ കുട്ടന്‍റെ കാലിലെമന്തൊന്നാ-
രപ്പോത്തിക്കീരി മുറിച്ചുകീറി.'

അപ്പാട്ടെ കുട്ടന്റെ കാലിലെ മന്ത് ഒരു ഡോക്ടർ കീറി മുറിച്ചു.

'മണ്ണൂരെ പൊട്ടനു ചിറ്റായ്മ കോലോത്തെ
പെണ്ണുമായ്, കോങ്കണ്ണിത്തമ്പുരാട്ടി!'

മണ്ണൂർ ഉള്ള പൊട്ടനു കോങ്കണ്ണിയായ കോലോത്തെ കോങ്കണ്ണി പെണ്ണുമായി അടുപ്പം.

'രാരല്ലൂരപ്ഫനു മാറാത്തനോവത്രേ
വേളിക്കക്കാര്യമറിഞ്ഞുകൂടാ.'

രാരല്ലൂർ കുടുംബത്തിലെ രണ്ടാമത്തെ ആൾക്ക് ഭേദമാവാത്ത തരത്തിലുള്ളാ എന്തോ ഒരു വേദന. എന്നാൽ അത് വേളിയ്ക്ക് (ഭാര്യയ്ക്ക്) അറിയുകയും ഇല്ല.

'ഏഴാം‍മാസത്തിലൊരുണ്ണിയെ പെറ്റപ്പോള്‍
ഏതാണ്ടുമുണ്ടെന്നു കണ്ടുകാണും'

വിവാഹം കഴിഞ്ഞ് ഏഴാം മാസത്തിൽ പ്രസവിച്ചപ്പോൾ എന്തോ ഉണ്ട് എന്ന് മനസ്സിലായിക്കാണും. ഇവിടെ ആരാണ് പ്രസവിച്ചത് ആരാണ് മനസ്സിലാക്കുന്നത് എന്നൊന്നും പറയുന്നില്ല കവി. കാരണം സദസ്സിൽ ഒരുകൂട്ടം ആളുകൾ കൂടിയിരിക്കുന്നു. അവരിൽ പലരും പലതും പറയുന്നു. ആ പറയുന്നവ എല്ലാവരും എല്ലാം ആദ്യം മുതൽ കേൾക്കണമെന്നില്ലല്ലൊ. ഉദാഹരണമായി ചില ശബ്ദരേഖകൾ മാത്രമേ കവി കേൾപ്പിക്കുന്നുള്ളൂ.

'കാര്യസ്സന്‍ രാമന്‍റെ കൈനേട്ടം കാരണം
കാലത്തും, തേവര്‍ക്ക് ശാന്തിമുട്ടി.'

ശബ്ദരേഖകൾ കേൾക്കുന്നില്ലേ? അവരോടൊപ്പം കൂടാൻ വായനക്കാർക്ക് പറ്റുന്നില്ലേ? തേവർ=എന്ന് വെച്ചാൽ പരദേവത. എല്ലാ ഗൃഹങ്ങളിലും ഒരോ ദൈവത്തെ പരദേവതയാക്കി കുടിയിരിത്തിയിട്ടുണ്ടാകും. ഈ ദേവതയ്ക്ക് നിത്യേന പൂജയും മറ്റും ഉണ്ടാകും.

നാട്ടുനടപ്പും നടുമുറ്റച്ചര്‍ച്ചയും
കേട്ടും കേള്‍പ്പിച്ചും രസിച്ചിരിക്കെ,
ആടട്ടെ കീചകന്‍, കേഴട്ടെ സൈരന്ധ്രി,
ആര്‍ക്കതിലര്‍പ്പിക്കാന്‍ കാതും‍കണ്ണും?

അതെ, വിശേഷം പറഞ്ഞിരിക്കാൻ ഇതാണവസരം. ഇപ്പോ അരങ്ങ് നോക്കി ഇരിക്കാൻ ആർക്കാ പറ്റുക? ഇപ്പോഴേ അവർക്ക് സമാനരുമായി തന്നെ സമ്പർക്കം ഉള്ളൂ. കീചകൻ ആടട്ടെ, സൈരന്ധ്രി കരയട്ടെ. ഞങ്ങൾക്ക് വേറേം പറയാനുണ്ട്. കളി കാണാം. അതിനനുസരിച്ച് അഭിപ്രായം  പറയുകയും ചെയ്യാം. കൂട്ടത്തിൽ മറ്റ് വിശേഷങ്ങളും. കഥകളി കാണാൻ വന്നവർ എല്ലാം കളിഭ്രാന്തന്മാരോ ഭ്രാന്തികളോ ആയിരിക്കണമെന്നില്ലല്ലൊ.

തൊട്ടരികത്തെ വരിയില്‍ കുറിയേടം
താത്രി, രമണീയ ശില്‍പഗാത്രി.
കാവായകാലം കനിഞ്ഞ കിനാവുകള്‍
കാളിക്കരിഞ്ഞതുലുള്ളുരുകി
കേളിയരങ്ങിലെ മേളമെയ്യോളങ്ങള്‍
കാതിലും കണ്ണിലുമേറ്റുവാങ്ങി
ഉദ്രസ മുദ്രകളുള്ളത്തില്‍ നാമ്പിടും
സര്‍ഗ്ഗസൂത്രങ്ങളില്‍ കോര്‍ത്തിണക്കി
താരുണ്യം താരാട്ടും തന്നിളം മെയ്യൊളി
താനെ മൈക്കണ്‍ മിഴിയാലുഴിഞ്ഞും
ധാത്രിക്കരികില്‍ മരുവുന്നതാത്രിയൊ-
രത്ഭുതദൃശ്യം, അതീവവശ്യം.

ഈ വരികളിലൂടെ കവി കുറിയേടത്തെ കുഞ്ഞാത്തോൽ സാവിത്രി എന്ന താത്രിയെ ലാസ്യഭാവമുള്ള ഒരു മോഹിനീരൂപമായി അവതരിപ്പിക്കുന്നു. അവൾ രമണീയശിൽപ്പരൂപത്തിളുള്ള ആകാരത്തോടു കൂടിയവൾ ആണ്. അവളുടെ കളിയറിവുകളോ, അതി കേമം! കുഞ്ഞിക്കാവായ കാലത്തു മുതലുണ്ടായിരുന്ന കിനാവുകൾ എല്ലാം കാളിക്കരിഞ്ഞതിൽ അവൾക്ക് ഉള്ളിൽ അതിയായ ദുഃഖമുണ്ട്. പ്രതികാരവും ഉണ്ടായിരിക്കാമോ? ഉള്ളുരികി എന്ന് കവി പറയുമ്പോൾ അങ്ങനെ ഒരു ധ്വനി തോന്നിയാൽ തെറ്റില്ല. എന്തായാലും അവൾ കളിയരങ്ങിലെ മേളവും നടന്മാരുടെ ശരീരചലനങ്ങളും മുദ്രകളും എല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട്.(ഉദ്രസം=വർദ്ധിച്ച് രസത്തോടുകൂടിയ എന്ന് ശബ്ദതാരാവലി) അവൾ കാണുന്ന കഥകളിമുദ്രകൾ എല്ലാം മനസിലുള്ള സർഗ്ഗസൂത്രങ്ങളിൽ (സർഗാത്മകമായ അറിവിനോട് തട്ടിച്ച് നോക്കാറുണ്ട്) കോർത്തിണക്കുന്നുണ്ട്. മാത്രമല്ല ഇടയ്ക്ക് അവൾ അവളുടെ യൗവ്വനയുക്തമായ, സൗന്ദര്യമുള്ള അവനവന്റെ ശരീരത്തേയും തന്നത്താൻ സ്വന്തം കണ്ണുകളെ കൊണ്ട് നോക്കി ആസ്വദിക്കുന്നുമുണ്ട്.
അവൾക്കൊരു ധാത്രിയുമുണ്ട്. ധാത്രി എന്നാൽ അമ്മ. മുത്തശ്ശിയമ്മ എന്ന് ഇനി വരുന്ന കവിഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇവിടെ കവി താത്രിക്ക് ഒരു മുത്തശ്ശിയെ കൂടെ കൊടുക്കുന്നു. യഥാർത്ഥത്തിൽ താത്രിയ്ക്ക് അങ്ങനെ ഒരു മുത്തശ്ശി ഉണ്ടായിരുന്നുവൊ എന്നറിയില്ല. താത്രിയുടെ ഇല്ലത്തെ മുത്തശ്ശി ആണെന്ന് കവി ഇനി വരുന്ന ചില സൂചനകളിലൂടെ പറയുന്നുണ്ട്. കൂട്ടുകുടുംബമായിരുന്നു അന്നൊക്കെ എന്നതിനാൽ മുത്തശ്ശിമാർ ധാരാളം ഉണ്ടാകാൻ സാധ്യതയുണ്ട്..  അന്ന് മുത്തശ്ശിയമ്മ പേരക്കിടാങ്ങൾക്ക് ഒരു കൂട്ടും സഹായവും വിവരദാതാവും അഭ്യൂദയാകാംഷിയുമൊക്കെ ആയിരുന്നു. അങ്ങനെ ഉള്ള മുത്തശ്ശിയമ്മയ്ക്കരുകിൽ ആണ് ലാവണ്യവതിയായ താത്രി കളി കാണാൻ ഇരിക്കുന്നത്.

നിത്യനിയതിതൻ സൃഷ്ടിരഹസ്യങ്ങള്‍
പാര്‍ത്താല്‍ വിചിത്രവിലാസ രംഗം

ഇത് കവിയുടെ ആത്മഗതം എന്ന് അനുമാനിക്കാം. നിത്യമായ വിധിയുടെ അല്ലെങ്കിൽ കർമ്മത്തിന്റെ, സൃഷ്ടിഫലം = കർമ്മഫലം ഓർത്താൽ വിചിത്രം തന്നെ എന്ന് കവി പറയുന്നു. അവ എന്തൊക്കെ എന്ന് താഴെ സൂചിപ്പിക്കുന്നു.

കയ്യയച്ചേകം ചമയവും ചന്തവും
ഇയ്യാം‍പാറ്റയ്ക്കുമിളം‍ചിറകില്‍
ഈടേകുന്നില്ലതു പൂവിനും പൊന്നിനു
ചൂടേറും‍പോതിലും ഗന്ധമില്ല.
വാനിൽവളരൊളി വാര്‍മഴവില്ലതിന്‍-
വാറില്‍ തൊടുക്കാനൊരമ്പെവിടെ ?
നൂറിനുനൂറഴകേകുന്നു നന്മയൊ-
ട്ടേറെക്കുറച്ചും; മറിച്ചുവെച്ചും !

നിത്യനിയതി ഇയ്യാം പാറ്റയുടെ ചിറകുകൾക്കും ഭംഗി കയ്യയച്ച് കൊടുക്കും. പൊന്നിനു ഭംഗിയും ഈടും നൽകും. പൂവുകൾക്ക് അധികം ഈട് നൽകില്ല. എന്നാൽ പൊന്നിനു ചൂടു നൽകുന്ന സമയത്തും ഗന്ധം കൊടുക്കുന്നില്ല. (പോത്=പൊഴുത് അഥവാ നേരം, പൂവ്, പൊത്ത് എന്നൊക്കെ ശബ്ദതാരാവലി അർത്ഥം നൽകുന്നു.) വാർമഴവില്ലിൽ തൊടുക്കാൻ അമ്പ് ഇല്ല. വില്ലായി നിൽക്കുന്നെങ്കിൽ അമ്പ് വേണമല്ലൊ. മുന്നേ പറഞ്ഞ കീചകന്റെ രംഗത്തിൽ മല്ലീശരൻ (കാമദേവൻ) ബാധയാർന്ന കീചകൻ സൈരന്ധ്രിയോട് പറയുന്നത്, നിന്റെ പുരികക്കൊടിയാകുന്ന ചില്ലീ ലത കൊണ്ട് എന്നെ തല്ലീടായ്ക എന്നാണ്. ആ പുരികക്കൊടി വളഞ്ഞ് നിൽക്കുന്നത് വാർമഴ വില്ല് പോലെ.
താത്രിയുടെ ബാല്യത്തിൽ തന്നെ വിവാഹം കഴിഞ്ഞു. വിവാഹം ചെയ്ത ആൾ അല്ലായിരുന്നു ആദ്യരാത്രിയിൽ കണ്ടതും എന്നതിനാൽ താത്രിയുടെ ചില്ലീലതയാകുന്ന വില്ലിനു അമ്പെയ്യാൻ നോക്കിയ ആളെ അല്ലാ ആ‍ദ്യരാത്രിയിൽ തന്നെ കണ്ടത് എന്ന് ഓർക്കുക. ഇത് പശ്ചാത്തലവർണ്ണന പോലെ ഞാൻ വായിക്കുന്നു. ബാല്യത്തിൽ എന്ത് ചില്ലീ ലത! എന്ത് അമ്പ്! കാലവിശേഷം! എന്നിരുന്നാലും ശേഷം താത്രിയുടെ ചെയ്തികൾ ഇനി വായിക്കാം നമുക്ക്.

തന്‍ തുണക്കാരിയെ താത്രി വിളിച്ചെന്തോ
മന്ത്രിച്ചു, മന്ദഹാസം പൊഴിച്ചു.

ചൊല്‍വതില്‍ മുമ്പെയറിഞ്ഞവള്‍, ലക്ഷ്യംചെ-
ഞ്ചോരിവച്ചാര്‍ത്തില്‍ച്ചുരുള്‍ നിവര്‍ത്തി
കുഞ്ഞാത്തോലിന്‍റെ മനോരാജ്യച്ചെങ്കോലും
തന്‍ കയ്യിലാണെന്ന തണ്ടവള്‍ക്ക്.

അതെ, താത്രി തന്റെ ഇംഗിതം തോഴിയോട് പറഞ്ഞു. എന്നും ഒപ്പം നടക്കുന്ന ദാസിയ്ക്ക് താത്രി പറയാതെ തന്നെ താത്രിയുടെ മനസ്സിലിരിപ്പ് അറിഞ്ഞു എന്ന് ഗമയും ഉണ്ട്. താത്രി വിളിച്ച് മന്ദഹസിക്കുന്നത് കണ്ടപ്പോൾ തന്നെ തുണക്കാരിയ്ക്ക് ആ മന്ദഹാസത്തിൽ അവളെ വിളിച്ചതിന്റെ ലക്ഷ്യം കണ്ടിരുന്നു. (ചെഞ്ചോരിവായുടെ ചാർത്ത് ചുകന്നവായ ചുണ്ട്.)

രണ്ടാളും ചിക്കെഴുന്നേറ്റു നീങ്ങുന്നു,
മിണ്ടാതെ പോകുമിപ്പോക്കിതെങ്ങോ ?
അന്യോന്യം നോക്കിയരികത്തിരിക്കുന്നോര്‍:
ഇന്നു താത്രിയ്ക്കും കളി മടുത്തോ ?

താത്രിയും ദാസിയും സദസ്യരുടെ ഇടയിൽ നിന്നും പെട്ടെന്ന് (ചിക്കെന്ന്) എഴുന്നേറ്റപ്പോൾ, എല്ലാവർക്കും സംശയമായി. കഥകളി അരച്ചുകലക്കി കുടിച്ച ആളാണു താത്രി. അവൾ ഇടയ്ക്ക് എഴുന്നേറ്റ് പോവുക എന്ന് വെച്ചാൽ കളി അത്ര മോശമോ, താത്രിയ്ക്കും മടുത്തുവോ കഥകളി എന്ന് സംശയിച്ചു സദസ്യർ.

ആട്ടപ്രകാരം വിധിപോലറിഞ്ഞവള്‍
നോറ്റുമനഃപ്പാഠമാക്കിപാട്ടും.
ഏഴുരാവൊപ്പം കഥകളികണ്ടിട്ടും
ഏണാക്ഷിയെട്ടിനും കാത്തിരുന്നൂ.
ഇന്നിപ്പോള്‍ പെട്ടെന്നു ചാടിപ്പിടഞ്ഞെണി-
റ്റെന്തിനൊരുങ്ങിപ്പുറത്തിറങ്ങി ?
ഉണ്ണിമചില്ലിവളയ്ക്കുന്നു, നങ്ങേമ
കണ്ണിറുക്കുന്നു, ചുമച്ചു തേതി.
കൂട്ടത്തില്‍ച്ചേര്‍ന്നുപിണാത്തികള്‍, ആത്തോലിന്‍-
കൂത്തിലവര്‍ക്കും കുറത്തിയാട്ടം.

കഥകളി അറിഞ്ഞ് കണ്ട് ആസ്വദിക്കുന്നവൾ ആയിരുന്നു താത്രി. വെറുതെ അരങ്ങിനു മുന്നിൽ പോയി ഇരിക്കുന്നവൾ അല്ലായിരുന്നു. അതിനാൽ തന്നെ താത്രിയ്ക്ക് കഥകളി മടുക്കുകയുമില്ലായിരുന്നു. ഒരാഴ്ച്ച മുഴുവൻ ഉറക്കമൊഴിച്ച് കളി കണ്ടാലും മതിവരാതെ, പിന്നെ എട്ടാം നാളും അവൾ കളിവിളക്കിനു മുന്നിൽ പോയി ഇരുന്നിരുന്നു. അതാണ് ശരിയ്ക്കും കളിഭ്രാന്ത് ! കഥകളി മോശമായാലും കണ്ടിരിക്കും. അത്രയും താഴ്ന്ന നിലവാരമെങ്കിൽ മാത്രമേ എഴുന്നേറ്റ് പോരൂ. അതാണ് കളിഭ്രാന്തന്മാരുടെ പ്രത്യേകത.
അങ്ങനെ ഉള്ള ഒരാൾ കഥ മുഴുവൻ കഴിയാതെ ഇടയിൽ പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്തിറങ്ങുമ്പോൾ പലരും സംശയിക്കും. ഉണ്ണിമയും നങ്ങേമയും തേതിയും എല്ലാം സ്വാഭാവികമായും സംശയിച്ചു. ഇവരുടെ ദാസിമാരും അവരവരുടെ തമ്പുരാട്ടിമാരുടെ മനോഗതിയനുസരിച്ച് സംശയിച്ചു. അവർക്ക് തമ്പുരാട്ടി പറഞ്ഞതാണല്ലൊ വലിയ കാര്യം!
ഓർക്കുക, താത്രിയുടെ നടപ്പ്ദോഷത്തെ പറ്റി പലർക്കും സംശയമുണ്ടായിരുന്നു. കാവുങ്ങൽ ആശാൻ ആദ്യത്തെ ആളുമായിരുന്നില്യ. താത്രി തന്നെ സ്മാർത്തവിചാരം നടത്താനായി സ്വയം മുൻ കൈ എടുത്ത് ഇണങ്ങൻ കണ്ടഞ്ചാത നമ്പൂതിരിയോട് പറഞ്ഞതാണ് എന്നും രേഖപ്പെടുത്താത്ത ചരിത്രമുണ്ട്. താത്രിയുടെ സ്മാർത്തവിചാരത്തിനു ദുരൂഹതകൾ ഏറെയുമുണ്ട്. അത് വിധിപോലെ ഉള്ള സ്മാർത്തവിചാരം കൂടെ ആയിരുന്നില്യ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

കീചകനാടിമുടിഞ്ഞു; സൈരന്ധ്രിയെ
കാമിച്ചവൈഭവം കൈതവമായ്.

കീചകൻ ആ രംഗം ആടിക്കഴിഞ്ഞു. പാടിരാഗം (“പാടി“ എന്നത് അപ്പോൾ ചെല്ലിയ രാഗത്തിന്റെ പേരാണ്) അവസാനിച്ചു. പാതിരാത്രി കഴിഞ്ഞ് പാടി രാഗം കേൾക്കുന്നത് ഒരു അനുഭവം തന്നെ ആണ്. കത്തിവേഷധാരികൾക്ക് പറ്റിയ രാഗവും ആണ് പാടി. ആ പാടിയിൽ ആണ് കീചകൻ സൈരന്ധ്രിയെ കാമിക്കുന്നത്. കാവുങ്ങൽ ആശാന്റെ കീചകന്റെ വൈഭവം കൈതവം എന്ന് കവി. കൈതവം=വഞ്ചന, ഉപായം എന്നൊക്കെ അർത്ഥമുണ്ട്. അഭിനയം ഒരു തരത്തിൽ വഞ്ചന ആണ്, ഇല്ലാത്തത് ഉണ്ട് എന്ന് കാണിക്കുകയാണെന്ന് ഭാരതീയ രസസിദ്ധാന്തങ്ങൾ പറയുന്നു. ഇവിടേയും കവി താത്രി കാവുങ്ങൽ ആശാൻ തമ്മിലുള്ളബന്ധത്തിന്റെ പുകമറ തന്നെ സൃഷ്ടിക്കുന്നു. യഥാർത്ഥത്തിൽ താത്രി ആ കീചകനെ ആയിരുന്നുവോ ഇഷ്ടപ്പെട്ടത് അതോ കീചകൻ കെട്ടിയ ആകാരസൗഷ്ഠവമുള്ള കാവുങ്ങൽ കളരിയുടെ ആ കാവലാളേയോ?

നമുക്ക് മുന്നോട്ട് പോവാം..

No comments:

Post a Comment