കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം നാല്‌


രാത്രിയൊടുക്കം ബകവധം; വേഷങ്ങള്‍
ഒക്കെ ഒന്നാംകിട, ഓര്‍ത്തുധാത്രി.

കീചകവധവും രംഭാപ്രവേശവും കഴിഞ്ഞ് അവസാനം ബകവധം ആണ് കളി. അന്നൊക്കെ രാത്രി മുഴുക്കെ കളി ഉണ്ടാകാറുണ്ടായിരുന്നു. അപ്പോ ഒരു രാത്രിയിൽ മൂന്നും നാലും കഥകൾ അവതരിപ്പിക്കാറുമുണ്ടായിരുന്നു. ഒരു കഥ മുഴുവനായി അവതരിപ്പിക്കുന്ന പതിവ് അന്നും ഇന്നും സാധാരണമല്ല കഥകളിയിൽ. താത്രിയുടെ മുത്തശ്ശി താത്രിയെ പറ്റി വേവലാതിപ്പെടുന്ന കൂട്ടത്തിൽ ആണ്. കവി സ്വന്തം മുത്തശ്ശിയെ ആണ് ഈ കഥാപാത്രത്തെ സൃഷ്ടിക്കാൻ മാതൃകയാക്കിയത് എന്ന് പറയുന്നുണ്ട് ഒരു ലേഖനത്തിൽ.

ആശാരിക്കോപ്പന്‍റെ ആരാധികതാത്രി
ആദരാല്‍ മോതിരമന്നു നല്‍കി.
വീണ്ടും അരക്കില്ലശില്‍പി അരങ്ങത്ത്
കണ്ടുവാഴ്ത്തീടാനക്കണ്‍കളെങ്ങോ!

ബകവധം കഥയിലെ ഒരു ലോകധർമ്മിയായ എന്നാൽ കഥകളിച്ചിട്ടയും ഉള്ള ഒരു വേഷമാണ് ആശാരി. ഖനകൻ എന്നേ ആട്ടക്കഥാകാരൻ പറയുന്നുള്ളൂ എങ്കിലും കഥകളി ആസ്വാദകരുടെ ഇടയിൽ ആശാരി എന്ന പേരിലാണ് ഈ കഥാപാത്രം അറിയപ്പെടുന്നത്. കോപ്പൻ നായർ എന്ന ആൾ പ്രസ്തുത ആശാരി വേഷത്തിൽ തന്മയത്വത്തോടേ പ്രവർത്തിച്ച് കീർത്തിമാനായ നടൻ ആയിരുന്നു. അതിനാൽ ആളുകൾ അദ്ദേഹത്തെ ആശാരികോപ്പൻ എന്ന് വിളിയ്ക്കാനും തുടങ്ങി. കോപ്പന്റെ ആശാരി വേഷാഭിനയം കണ്ട് ഇഷ്ടപ്പെട്ട് അനുമോദനസൂചകമായി പണ്ട് താത്രി വിരലിൽ കിടന്ന മോതിരങ്ങളിൽ ഒന്ന് ഊരി അദ്ദേഹത്തിനു സമ്മാനിച്ചു എന്ന് കവി പറയുന്നു. കണ്ടുവാഴ്ത്തീടാനാക്കൺകളെങ്ങോ എന്ന് കവി പറയുമ്പൊൾ ഈ അരങ്ങിൽ ആശാരി വന്ന നേരത്ത് താത്രി സദസ്യരുടെ ഇടയിൽ ഉണ്ടായിരുന്നില്യ എന്ന് സൂചന. ഒരിക്കൽ മോതിരമൂരിക്കൊടുത്ത് അനുമോദിച്ച താത്രി ഇന്നത് കാണാൻ ഇരിക്കാതെ ഇപ്പോൾ എവിടെ എന്ന് ഊഹിക്കാമല്ലൊ.

asari photo by Murali Varrier.jpg
ബകവധം കളിയിലെ ആശാരി വേഷം.കോട്ടക്കൽ ദേവദാസ്. ഫോട്ടോ:മുരളി വാര്യർ


ബകവധം കഥയെ പറ്റി അൽപ്പം. ദുര്യോധനൻ തന്റെ കുബുദ്ധി കൊണ്ട് പാണ്ഡവരേയും അമ്മ കുന്തിയേയും ഹസ്തിനപുരിയിൽ നിന്ന് വാരണാവതം എന്ന കുരുവംശത്തിലെ പൂർവികരുടെ നഗരത്തിൽ മാറ്റി പാർപ്പിച്ചു. അവിടെ അവർക്ക് പാർക്കുവാനായി അരക്കില്ലം നിർമ്മിച്ചു. ദുര്യോധനന്റെ വിശ്വസ്തനായ പുരോചനൻ എന്ന ശില്പീയാണ് അരക്കില്ലം നിർമ്മിച്ചത്. അരക്ക് കൊണ്ട് നിർമ്മിച്ചതിനാൽ അരക്കില്ലം എന്ന് പേർ. ആ ഗൃഹം ആകെ തീയ്യിട്ട് കത്തിച്ച് പാണ്ഡവരേയും അമ്മ കുന്തിയേയും നശിപ്പിക്കാനായിരുന്നു ദുര്യോധനന്റെ പ്ലാൻ. ഇത് മനസ്സിലാക്കിയ വിദുരർ തന്റെ വിശ്വസ്തനായ ഖനകനെ അവിടേയ്ക്ക് പറഞ്ഞയക്കുകയാണ്. ഈ ഖനകൻ അരക്കില്ലത്തിൽ നിന്നും ഒരു ഗുഹ നിര്‍മ്മിക്കുകയും ആ ഗുഹയിലൂടെ ഭീമൻ തന്റെ സഹോദരന്മാരേയും അമ്മയേയും എടുത്ത് രക്ഷപ്പെടുകയും ചെയ്തു. വിദുരർ അയച്ച ഈ ഖനകൻ ആണ് ആശാരിയായി കഥകളിയിൽ അറിയപ്പെടുന്നത്.

ആസുരശില്‍പ്പവിചക്ഷനാം മയന്‍
ആസൂത്രണം ചെയ്ത രമ്യഹര്‍മ്മ്യം

പുരോചനന്റെ മേൽനോട്ടത്തിൽ ആണ് അരക്കില്ലം നിർമ്മിച്ചത് എന്നാണറിവ്. അസുരശിൽപ്പിയായ മയൻ രൂപരേഖ തയ്യാറാക്കി അതിന്മേൽ പുരോചനൻ നിർമ്മിച്ചതാണോ എന്നറിയില്ല. എന്തായാലും കവിയുടെ ഈ ഭാവനയ്ക്ക് അവലംബം ആവശ്യമാണ്. (ഇന്ദ്രപ്രസ്ഥം മയൻ നിർമ്മിച്ചതാണ്. അവിടത്തെ മയസഭ എന്നറിയപ്പെടുന്ന ഹാളിലാണല്ലൊ സ്ഥലജലവിഭ്രാന്തി ദുര്യോധനനു വന്നത്)

നിര്‍മ്മിക്കും വേല കളിയല്ല, വീതുളി
നന്നായണച്ചു തേയ്ക്കുന്നുതച്ചന്‍.
വെറ്റിലത്തുമ്പുകള്‍ നെറ്റിയിലൊട്ടിയ്ക്കും
കോപ്പന്‍റെ ചുണ്ടില്‍ ചിരിപുരണ്ടു.
വായില്‍ നിറച്ചും മുറുക്കാന്‍ തുനിഞ്ഞതു-
പ്പാതെ തോരമുണ്ടോതച്ചനാര്‍ക്കും?
തുപ്പനുമഫനും ആശാരിമൂപ്പന്‍റെ
തുപ്പലേല്‍ക്കായ്‍വാന്‍ മുഖം തിരിച്ചു.
മുത്തശ്ശി പെട്ടെന്നു പൊട്ടിച്ചിരിക്കുന്നു:
ഇട്യാസുവിനും അമളി പറ്റി!
രണ്ടുവിരല്‍കൊണ്ടു ചുണ്ടുമറച്ചു, തന്‍
കണ്ഠം മുന്നോട്ടാഞ്ഞു നീട്ടിടുമ്പോള്‍.
മുമ്പിലിരിപ്പവരമ്പരന്നീടുന്നു,
പിന്‍പില്‍ ചിലമ്പിച്ചിരിയിരമ്പി!

ഇവിടെ ആശാരിയുടെ നടനവൈഭവം ആണ് കവി വിസ്തരിക്കുന്നത്. ലോകധർമ്മിയെങ്കിലും കഥകളിച്ചിട്ടയുള്ള ഈ വേഷത്തിന്റെ അഭിനയം ചില ചെയ്തികളിലൂടെ അത് കവി വർണ്ണിക്കുന്നു. ആശാരി തന്റെ വീതുളി മൂർച്ഛകൂട്ടാൻ കരിങ്കല്ല് പൊടിച്ച് അതിൽ തേയ്ക്കുന്നു. അന്ന് മുറുക്കൽ പതിവുള്ളതാണ് മിക്കവർക്കും. ആശാരിയും മുറുക്കും. മുറുക്കാൻ തേയ്ക്കുന്നതിനിടയിൽ വെറ്റിലയുടെ അറ്റം മുറിച്ച് അത് നെറ്റിയിൽ ഒട്ടിയ്ക്കുന്നത് സ്വാഭാവികം ആണ്. തലവേദനയ്ക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. വായിൽ മുറുക്കാൻ നിറഞ്ഞാൽ അത് തുപ്പണമല്ലൊ. വാസ്തവത്തിൽ നടൻ ഇതെല്ലാം കാണിക്കുന്നേ ഉള്ളൂ. യഥാർത്ഥത്തിൽ വെറ്റിലയും മുറുക്കാനുമൊന്നും ഇല്ല. എന്നിട്ടും കാണികൾക്ക് അനുഭവവേദ്യമാകുന്നു. തുപ്പാനായി ചുണ്ടിൽ വിരലുകൾ വെച്ച് വന്നപ്പോൾ തുപ്പൽ അവനവന്റെ ദേഹത്ത് ആവാതിരിക്കാനായി തുപ്പൻ നമ്പൂതിരിയും അഫൻ നമ്പൂതിരിയും ഇട്യാസുവുമൊക്കെ പെട്ടെന്ന് മാറുന്നു. അത് കണ്ട് അവർക്ക് അക്കിടി പറ്റിയതായി അറിഞ്ഞ് മുത്തശ്ശി ചിരിക്കുന്നു. മുത്തശ്ശി മാത്രമല്ല പിന്നിലിരിക്കുന്നവർ എല്ലാം ചിരിക്കുന്നു. അരങ്ങിനു മുന്നിൽ ഇരിക്കുന്നവരായിരുന്നു തുപ്പനും അഫനും ഇട്യാസുവുമൊക്കെ. അവരുടെ ദേഹത്തല്ലെ ആശാരി തുപ്പിയാൽ തെറിക്കൂ.

അന്തണന്മാര്‍ക്കഭിരുചികെട്ടുപോയ്,
കമ്പം കലകളില്‍നിന്നകന്നു.
തായം കളിയും തലപ്പന്തുമമ്പല-
വാരമുണ്ടാല്‍ കയ്യില്‍ ചീട്ടുകെട്ടും !
തായമ്പക കേട്ടാല്‍ താളമറിയില്ല;
തേവാരിക്കാന്‍ പോലും നേരമില്ല.
തോളില്‍ച്ചുമക്കുന്നശൂദ്രരില്‍നിന്നാവാം,
തോലിട്ടൊരുണ്ണിയ്ക്കും തോന്നിവാസം !

നല്ലൊരു കഥകളി അരങ്ങിനെ പരിച്ചയപ്പെടുത്തി കവി കാലം മാറ്റുന്നു. നമ്പൂതിരിമാർക്ക് (അന്തണൻ=ബ്രാഹ്മണൻ) കലകളിൽ അഭിരുചി ഇല്യാതെ ആയി. താളമറിയാതെ ആയി. എന്തിനു നിത്യതേവാരത്തിനു കൂടെ സമയമില്യാതെ ആയി. അവർ സമൂഹത്തിലെ മറ്റുള്ളവരിൽ നിന്നും കണ്ട് പഠിച്ചതാകാം എന്ന് കവി പറയുന്നു. വഴിനടക്കാൻ പ്രായമാകാത്ത നമ്പൂതിരിക്കുട്ടികളെ നായന്മാർ അവരവരുടെ തോളിൽ ചുമന്ന് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. തോലിട്ട ഉണ്ണി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപനയനം എന്ന നമ്പൂതിരിമാരുടെ ഇടയിൽ നടക്കുന്ന ചടങ്ങ് സമയത്ത് ഉള്ള കുട്ടികളെ ആണ്. ഉപനയനവും സമാവർത്തനവും കഴിയാൻ നാലുകൊല്ലത്തോളം എടുക്കും. ആ സമയം പൂണൂൽ എന്ന നൂലാവില്ല ഉണ്ണികളുടെ ശരീരത്തിൽ. പകരം കൃഷ്ണമൃഗത്തോൽ കൊണ്ട് ഉണ്ടാക്കിയ ഒരു നൂലാവും. അതിനാലാണ് തോലിട്ട ഉണ്ണി എന്ന പ്രയോഗം.

നാരായണന്‍ ബകനായാല്‍ ഭയാനകം,
ആരാണിവണ്ണം ചുവന്നതാടി ?

കവളപ്പാറ നാരായണൻ നായർ എന്ന ഒരു പ്രസിദ്ധ കഥകളി നടൻ ഉണ്ടായിരുന്നു. അദ്ദേഹം ചുവന്നതാടി വേഷം കെട്ടാൻ പ്രസിദ്ധനുമായിരുന്നു. കവി നാരായണൻ നായരുടെ വേഷം നേരിട്ട് കണ്ടിട്ടുണ്ട്. കാവുങ്ങൽ ആശാന്റെ വേഷവും കവി കണ്ടിട്ടുണ്ട്.

നിന്നുള്ളിലൂണെന്നാല്‍ എന്നുള്ളില്‍ നീയെന്ന
തൂന്നിയാടുന്നൊരു വല്ലഭത്വം.

bakan and bheeman uthsavam ikkf2015 fb page.jpg
ചിത്രം IKKF 2015 Dubai. ബകൻ ആയി കാവുങ്ങൽ ദിവാകര പണിക്കർ. (ചുവന്നതാടി നിൽക്കുന്നു. ഭീമൻ ഇരുന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നു. നിന്നുള്ളിലൂണെന്നാല്‍ എന്നുള്ളില്‍ നീയെന്നതൂന്നിയാടുന്നൊരു വല്ലഭത്വം)

വല്ലഭത്വം=പ്രബലമായ എന്നർത്ഥം. നാരായണന്റെ ബകവേഷം ഭയാനകമാണ്. ബകൻ, തനിക്ക് ഊണുമായി വന്ന ഭീമനോട് പറയുന്നതായിരിക്കാം ഇത്. അതായത് ബകന്റെ ഭയാനകത്വം കാണിക്കാനുള്ള വരികൾ. ഭീമൻ ഊണുമായി ബകൻ വസിക്കുന്ന കാട്ടിൽ വരുന്നു. എന്നിട്ട് ബകനെ വിളിച്ച് കൊടുക്കാതെ കൊണ്ടുവന്നതെല്ലാം അവിടെ ഇരുന്ന് ഭീമൻ തന്നെ കഴിക്കുന്നു. വിശന്ന് ഇരിക്കുന്ന ബകൻ കാണുന്നത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഭീമനെ ആണ്. ബകൻ അപ്പോ ഭീമനോട് പറയുന്നത് കുഴപ്പമില്ല നീ കഴിച്ചോ, ശേഷം നിന്നെ ഞാൻ കഴിക്കും അപ്പോൾ നീയും നീ കഴിച്ച ഭക്ഷണവും ഒന്നിച്ച് എന്റെ ഉള്ളിൽ ആവും എന്ന്. വിശന്ന് ദേഷ്യത്തോടെ ബകനായി ആടുന്ന നാരായണന്റെ വേഷമഹിമ പറയുകയാണ് കവി ഇവിടെ.

നാലഞ്ചുനാഴിക ദൂരത്തിലാര്‍ത്തല-
ച്ചാലോലം ചെല്ലുന്നൊരട്ടഹാസം,
ദംഷ്ട്രകള്‍ രണ്ടും പുറത്തിട്ടു യുദ്ധത്തി
നുദ്ധത വീര്യം വെളിച്ചു നില്‍ക്കെ,
പൊത്തുന്നു കണ്‍കള്‍ പൊറുതിയ്ക്കായ് പൈതങ്ങള്‍,
മൂത്തോരും കൂട്ടത്തില്‍ പെട്ടുപോകും.
ചെല്ലിച്ച വൃദ്ധന്‍ ചമയമണിഞ്ഞാലോ
കൊല്ലാനും വെല്ലാനും ശക്തിയാര്‍ന്നോന്‍
നാരായണന്‍റെ അലര്‍ച്ച കേള്‍ക്കുന്നവര്‍
നാമം ജപിയ്ക്കുന്നു പേടി തീരാന്‍.
വേഷപ്പകര്‍ച്ചയും വീരാട്ടഹാസവും
ആരേയും ഞെട്ടിക്കും ഭാവഹാസം

നാരായണൻ എന്ന ചുവന്നതാടി കെട്ടുന്ന നടന്റെ നടനപ്രഭാവം കവി ഇവിടെ വരച്ച് കാട്ടുന്നു. ചുവന്നതാടി വേഷം കെട്ടി അലറിയാൽ ആ അലർച്ച നാലഞ്ച് നാഴിക ദൂരെ കേൾക്കാം. ചുവന്നതാടി വേഷം ഇടയ്ക്കിടയ്ക്ക് ദംഷ്ട്രങ്ങൾ പുറത്ത് കാണിച്ചാണ് അലറുക. കുട്ടികൾ അത് കണ്ട് പേടിച്ച് കണ്ണടയ്ക്കും. നാരായണൻ എന്ന നടൻ വൃദ്ധനാണ്. എന്നാൽ വേഷം കെട്ടി അരങ്ങത്ത് വന്നാൽ ആ വൃദ്ധത്വം എല്ലാം പോകും. ചുവന്നതാടിയായി ദേഹമിളക്കി അഭിനയിക്കും.  ഒന്ന് അലറിയാൽ പേടിക്കും പേടി മാറാൻ ‘അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും..‘ എന്ന അർജ്ജുനപ്പത്ത് ചൊല്ലും. അത്ര ഗംഭീരമായിരുന്നു നാരായണന്‍ എന്ന നടന്റെ വേഷപ്പകർച്ചയും അഭിനയവും എന്ന് കവി പുകഴ്ത്തുന്നു.
ചുവന്ന താടി വേഷക്കാരുടെ മുദ്രാഭിനയവും ദേഹാഭിനയവും ഒന്നും മറ്റുള്ള വേഷങ്ങളെപോലെ ആകില്ല. അവരുടെ കിരീടം ഏറ്റവും വലുപ്പം കൂടിയതാണ്. താടിയും ചുട്ടിയും ഒക്കെ വലുപ്പമുള്ളതാണ്. ആരേയും ഞെട്ടിക്കുവാൻ കെൽപ്പുള്ളതാണ്.

മൂധേവി ദാസിയുമൊത്തെങ്ങു പോയ് താത്രി
മൂടിപ്പുതച്ചേതു മുക്കിലാവോ ?
താത്രിയച്ചേട്ടതന്‍ കോന്തലന്തുപ്പത്തു
കെട്ടിക്കുടുക്കിയ താക്കോല്‍പോലെ.
മൂക്കുവിയര്‍ത്തു വിറയ്ക്കുന്നു, ദുശ്ശങ്ക
മുത്തശ്ശിയ്ക്കെന്തോ; മുഖം വിളര്‍ത്തു
പന്തിയല്ലാത്ത പരിസരഗന്ധങ്ങള്‍
എന്തുമാമൂക്കുമുകര്‍ന്നെടുക്കും
വാക്കുകള്‍ നാക്കിലും, നോക്കുകള്‍ മൂക്കിലും,
മുത്തശ്ശിയ്ക്കെന്നന്നു താത്രി ചൊല്ലി.
കുട്ടിയാണപ്പോള്‍ കുറിയേടത്തല്ലവള്‍,
കൂമ്പാളക്കോണമുടുക്കും കാലം.

താത്രി സദസ്യരുടെ ഇടയിൽ നിന്നും ദാസിയോടൊത്ത് എഴുന്നേറ്റ് പോകുന്നത് മുത്തശ്ശി കണ്ടിരുന്നു. ഇതുവരെ വന്നതുമില്ല. ഇനി എവിടേയെങ്കിലും മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണാവൊ! മുത്തശ്ശി സംശയിക്കുകയാണ്. മാത്രമല്ല ദാസിയെ കുറ്റം പറയുകയും ചെയ്യുന്നു. ചേട്ട എന്ന് ഉദ്ദേശിക്കുന്നത് ദാസിയെ ആണ്. ചേട്ടയായ ദാസിയുടെ കോന്തലയുടെ തലപ്പത്ത് കെട്ടിയ താക്കോൽ പോലെ ആണ് താത്രി എന്ന് മുത്തശ്ശി താത്രിയെ ശകാരിക്കുന്നു. ആലോചിച്ച് മൂക്ക് വിയർത്ത മുത്തശ്ശിയ്ക്ക് പെട്ടെന്ന് ദുശ്ശങ്ക തോന്നുകയാണ്. അപ്പോൾ മുഖം വിളർക്കുന്നു. വൃദ്ധയായ മുത്തശ്ശി അവരുടെ ജീവിതാനുഭവങ്ങൾ കൊണ്ട് പെട്ടെന്ന് തന്നെ പരിസരം മനസ്സിലാക്കും. ആ കഴിവ് കണ്ട് താത്രി, മുത്തശ്ശി കണ്ണുകൊണ്ട് കാണാതെ മൂക്കുകൊണ്ട് കാണുമെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. അത് പരിഹാസം മാത്രമല്ല, മുത്തശ്ശിയുടെ കഴിവിനെ അനുമോദിക്കുക കൂടെ ആയിരുന്നു. പക്ഷെ അത് പണ്ട്, താത്രിയുടെ കുട്ടിക്കാലത്ത്. അന്നവൾ കുറിയേടത്ത് താത്രി അല്ലായിരുന്നു. അതായത് വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു എന്ന്. അവളുടെ കുട്ടിക്കാലം ആയിരുന്നു. മുത്തശ്ശി ഓർക്കുകയാണ്. താത്രിയുടെ കൂമ്പാളക്കോണകമുടുക്കുന്ന കാലത്തെ പറ്റി അറിയണമെങ്കിൽ മുത്തശ്ശി തീർച്ചയായും താത്രിയുടെ ഇല്ലത്തെ (കൽപ്പകശ്ശേരി) തന്നെ ആയിരിക്കും.

മുത്തശ്ശിയുടെ ദുശ്ശങ്കകൾക്ക് പശ്ചാത്തലമായി അന്നുണ്ടായിരുന്ന നമ്പൂതിരിസമുദായത്തിന്റെ ഒരു രേഖാചിത്രം കൂടെ ഇനിയുള്ള വരികളിലൂടെ നമുക്ക് കാണിച്ച് തരുന്നു.

ആണ്ടുകളെത്രപോയ്, ഈ വാഴ്‍വിന്‍ വാട്ടങ്ങള്‍
കണ്ടുതാന്‍, കേട്ടുതാന്‍ കൊണ്ടറിഞ്ഞൂ !
നമ്പൂരിമാരുടെ സംബന്ധസന്ധ്യകള്‍,
അന്തര്‍ജ്ജനത്തിന്‍റെ ഗദ്ഗദങ്ങള്‍,
കാര്യസ്സന്മാരുടെ കൈക്കളിക്കോലമായ്
കാടുകയറുന്ന നമ്പൂരിത്തം.

കൊല്ലങ്ങൾ എത്രയായി കഴിഞ്ഞ് പോകുന്നു. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും തന്നെ ജീവിതം കഴിഞ്ഞു. അഫൻ നമ്പൂതിരിമാരുടെ സംബന്ധസമ്പ്രദായം, അകത്തുള്ള അന്തർജ്ജനങ്ങളുടെ ദുരവസ്ഥയും അവരുടെ കരച്ചിലുകളും, അതും പോരാത്തതിനു കാര്യസ്ഥന്മാരുടെ കൈകളിലെ പാവപോലെ പെരുമാറുന്ന നമ്പൂതിരിമാർ. നമ്പൂതിരിയ്ക്ക് ഇല്ലത്തിനകത്തും പുറത്തും ആഹ്ലാദിക്കാൻ ഒന്നും ഇല്ല. വിഡ്ഢിത്തം പോലെ കാടുകയറുന്നതാണ് കേമപ്പെട്ട ആ നമ്പൂരിത്തം!

വേട്ടോളെ പൊട്ടിയൊരോട്ടുപാത്രം പോലെ,
തട്ടിന്മേല്‍ വിട്ടൊളിസേവയോരാന്‍.
പോയേടം, പോയേടം മക്കള്‍, മകത്തടി-
പോലെ, ഇല്ലത്തില്ലൊരുണ്ണിപോലും.
വേളികഴിച്ചു കുടിവെച്ച പെണ്ണിനു
വൈധവ്യം, ഭര്‍ത്താവോ ജീവനോടെ!
നാലഞ്ചു വേട്ടു നമ്പൂരി, സപത്നിമാര്‍,
നാള്‍തോറുമേറുന്ന മത്സരങ്ങള്‍.
എച്ചിലിലയ്ക്കും കടിപിടികൂടുന്നു;
മച്ചിലെ മഞ്ചയില്‍ മച്ചിമാരായ്.

നമ്പൂതിരി ആൺപ്രജകളിൽ മൂത്തവർ മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം കഴിക്കൂ. എന്നാലും അവർക്ക് ഒളിസേവ ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ല. ഒന്നിലധികം വേൾക്കുകയും ആകാം. ലൈംഗീക അരാജകത്വം നിലനിന്നിരുന്നു. കൂടാതെ നാലും അഞ്ചും തവണ വേളികഴിച്ചതിനാൽ സപത്നി മത്സരം അന്തപ്പുരങ്ങളിൽ ഉണ്ടായിരുന്നു.

ആചാരം ചൊല്ലി എറാന്‍മൂളി, കുഞ്ഞാത്തോല്‍-
മാരെ കുരങ്ങാക്കാന്‍ ദാസിമാരും
ഓരോകുശുമ്പുരചെയ്യുമ്പോള്‍ ശുണ്ഠിയായ്,
ഒറ്റയ്ക്കുപെട്ടാല്‍ കണ്ണീരൊഴുക്കി.

ഇങ്ങനെ ഒക്കെ എങ്കിലും ഈ കുഞ്ഞാത്തോലുകളെ കളിപ്പിക്കാൻ ദാസിമാർക്കും നമ്പൂതിരിമാരെ കളിപ്പിക്കാൻ കാര്യസ്ഥന്മാർക്കും കഴിഞ്ഞിരുന്നു. നമ്പൂതിരിജനങ്ങളുടെ ശുദ്ധഗതി കാരണം ആയിരുന്നു അത്. തമ്മിൽ തമ്മിൽ അവർ മത്സരിച്ചിരുന്നു പാരകൾ വെച്ചിരുന്നു എന്നാലും ഒറ്റയ്ക്കാകുമ്പോൾ അവർ ദുഃഖിതരായിരുന്നു.

അമ്മാത്തു ചെന്നാലവിടെയും മത്സരം
ചുമ്മാതെ എത്ര മുനിഞ്ഞിരിക്കും?
ലജ്ജാവിവശയാണെന്നാലും മാംസവും
മജ്ജയും മറ്റും മനസ്സുമില്ലേ?
നോട്ടക്കുറവൊന്നുപെട്ടാല്‍ കുടുംബത്തിന്‍
കുറ്റിപറിച്ചെന്ന കുറ്റമായി.

ഇത് ഭർത്തൃഗൃഹത്തിലേയും സ്വന്തം ഇല്ലത്തിലേയും കാര്യം. ഇനി അമ്മാത്ത് ചെന്നാൽ അവിടേയുമുണ്ട് മത്സരസ്വഭാവമുള്ളവർ. (അമ്മാത്ത് എന്ന് പറഞ്ഞാൽ അമ്മയുടെ ഇല്ലമാണ്.)
നമ്പൂതിരിമാർക്ക് അവരവർ വേളികഴിച്ച സ്ത്രീകളെ വേണ്ട. അവർ സംബന്ധത്തിനും മറ്റ് ഒളിസേവയ്ക്കും പോകും. വേളികഴിച്ച് വന്നവർ വികാരം അമർത്തി പിടിച്ച് ജീവിക്കും. അതിനിടക്ക് എന്തെങ്കിലും ചെറിയ തെറ്റ് പറ്റിയാൽ അവരെ കുടുംബത്തിന്റെ കുറ്റി പറിച്ചെന്ന് പറഞ്ഞ് വളരെ ക്രൂരമായി തന്നെ കുറ്റപ്പെടുത്തും.

അട്ടിയായട്ടത്തും വച്ചവിറകും തീ-
പെട്ടാല്‍ തറവാടു ഭസ്മമാക്കും.

വിറക് അട്ടത്ത് വെച്ചു എന്ന് കരുതിയിട്ട് കാര്യമില്ല. ചെറുതായ ഒരു അഗ്നിസ്പർശം മതി മുഴുവൻ കത്തി തറവാട് തന്നെ ഭസ്മമാകാൻ. ഇത് കവി ഒരു മുന്നറിയിപ്പ് എന്ന നിലയിൽ പറഞ്ഞതായിരിക്കും. അന്തർജ്ജനങ്ങൾ അന്തപ്പുരവാസികൾ എങ്കിലും അവരിലൊരാൾക്ക് സഹിക്കാതെ നിയന്ത്രണം നഷ്ടപ്പെട്ടാൽ തറവാട് തന്നെ നശിക്കും എന്ന് സൂചന.

കൂട്ടിന്‍റെ ചുറ്റും കുറുക്കന്മാര്‍, കോഴിക്കു
കൂകാനോ പാകം? പിടകളല്ലേ?
കൊക്കിപ്പെറുക്കാം നടുമുറ്റത്തേകയായ്
കൊത്തിവിരീച്ചൊരു കുഞ്ഞുമില്ല
പൂടയും തൂവല്‍ത്തുടരും പൊരുത്തമായ്,
പാടവം പോര പറന്നു പോകാന്‍.

ചുറ്റും കുറുക്കന്മാർ നിരന്നാൽ പിടക്കോഴികൾ എന്ത് ചെയ്യും! ആൺ കോഴി കൂകിയറിയിക്കുമായിരിക്കും, പിടക്കോഴികൾ എന്ത് ചെയ്യും? അവർക്ക് ഒരു കുഞ്ഞുപോലും രക്ഷയ്ക്ക് വരാതെ, നടുമിറ്റത്ത് ഏകയായി കൊക്കിപ്പെറുക്കാം. പറന്ന് പോകാനുള്ള കഴിവ് ഇല്ല. നമ്പൂതിരി സ്ത്രീജങ്ങളുടെ നിസ്സഹായതാവസ്ഥയെ ആണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.

ഉണ്ണാന്‍ പഴയരിയന്നം ഉറങ്ങുവാന്‍
ഉന്നം നിറച്ചഴകാര്‍ന്നമഞ്ചം
മൂടിപ്പുതയ്ക്കുവാനാടകള്‍, വേവും ഉള്‍-
ച്ചൂടുമൊതുക്കുവാനെന്തുചെയ്യും?
കുമ്പിടാന്‍ തേവരും, വാരസ്യാര്‍ കുമ്പിളില്‍
കൊണ്ടുവരും പൂവും പൂജചെയ്യാന്‍,
ഈറനണിഞ്ഞകിനാവുകള്‍ കണ്ണിണ-
യോളം കനിയും, കൊഴിഞ്ഞുവീഴാന്‍!
സ്വപ്നവും വേരറ്റ ഭഗ്നമനസ്സിനു
വിഘ്നേശ്വരന്‍ തുണവീഴുവോളം.

അവരുടെ അവസ്ഥ നോക്കുമ്പോൾ ഗംഭീരമാണ്. പഴയരിച്ചോറ് സമൃദ്ധമായി ഉണ്ണാം. ഉറങ്ങാനോ സപ്രമഞ്ചക്കട്ടിലുണ്ടാകും. പുതച്ച് കിടക്കാൻ വസ്ത്രങ്ങൾ ധാരാളം. പക്ഷെ ഉള്ളിലെ ചൂട് മാറ്റാൻ ഒന്നും ഇല്ല. എന്നും പോയി വന്ദിക്കാൻ തേവരുണ്ട് ശ്രീലാകത്ത്. പൂജ ചെയ്യാൻ വേണ്ട പൂവ് എന്നും വാരസ്യാർ കൊണ്ട് വന്ന് തരും. എല്ലാം ബഹുസുഖം. ഉള്ളിലെ തീ മാത്രം മാറില്ല. അവരുടെ സ്വപ്നങ്ങൾ ഒരിക്കലും വിടരില്ല. കാരണം ചുറ്റിനും നിയന്ത്രണങ്ങൾ തന്നെ. അവരുടെ മുറിവേറ്റ മനസ്സിനു സാക്ഷാൽ വിഘ്നേശ്വരൻ തന്നെ തുണ. അന്തർജ്ജനങ്ങളുടെ മാനസിക സംഘർഷങ്ങൾ ആണ് കവി പറയുന്നത്. തുടർന്ന് നാട്ടിൽ നടന്ന ചില കഥകൾ പറയുന്നു:

കോട്ടൂരൊരുത്തിമരിക്കാതെ പിണ്ഡം, കൈ-
കൊട്ടിഘോഷിച്ചു പടി അടച്ചു.
വേട്ടയാടുന്നു മാന്‍പേടയെ കാട്ടിലെ
ദുഷ്ടജന്തുക്കള്‍ വിശപ്പുമാറ്റാന്‍.
സ്മാര്‍ത്തവിചാരമവയ്ക്കില്ലി,ണകളെ
ആട്ടിയകറ്റുന്ന നീതിയില്ല.

സ്മാർത്തവിചാരം കൂടെ കൂടാതെ കോട്ടൂർ ഒരു മനയിലെ സ്ത്രീജനത്തെ ഇരിക്കപ്പിണ്ഡം വെച്ച് പുറത്താക്കി പടിയടച്ചു. കാട്ടിലെ മാൻ പേടയെ പോലെ വേട്ടയാടുന്ന ദുഷ്ടജന്തുക്കൾ കാരണം ആ അന്തർജ്ജനം അവിഹിത ഗർഭം ധരിച്ചു എന്നായിരുന്നു ആരോപണം. അവർക്ക് ദുഷ്ടജന്തുക്കളെ ആട്ടിയകറ്റാനുള്ള ത്രാണിയൊന്നും ഇല്ലാ. ആരോപണം വന്നു വിചാരണ തന്നെ ഇല്ലാതെ പടിയടച്ച് ആട്ടിയോടിച്ചു. ആരും അധികം അറിയപ്പെടാതെ ഈ സംഭവം കഴിഞ്ഞിട്ടുണ്ടാകണം.

കോതയത്തില്ലത്തെ കുട്ടിക്കാവിന്‍ കഥ
കാതം കടന്നും തന്‍കാതിലെത്തി
തന്നെ പ്രസവിച്ചൊരില്ലത്തെപ്പേടിച്ചു
ചെന്നവള്‍ ചാടി പടുകിണറ്റില്‍.
വീണോളെ വീണ്ടെടുക്കാനല്ല, വിപ്രന്മാര്‍
വീറോടറുകൊലയ്കൊത്തുകൂടി
വീര്‍പ്പുവിടാനുമാവാതൊരപ്പാവത്തെ
കൊട്ടത്തേങ്ങാകൊണ്ടെറിഞ്ഞുകൊന്നു.

കോതയത്ത് മനയ്ക്കലെ കുട്ടിക്കാവിന്റെ കഥ കവി തന്റെ കുട്ടിക്കാലത്ത് കേട്ടറിഞ്ഞതാണ്. ഈ നമ്പൂതിരി പെൺകിടാവിനേയും പരപുരുഷബന്ധം സംശയിച്ച് വിചാരണയൊന്നും കൂടാതെ നമ്പൂതിരിമാർ ശാരീരികമായി അക്രമിക്കാൻ തുടങ്ങി. തന്റെ സ്വന്തം ഇല്ലത്തെ ആൺപ്രജകളുടെ അക്രമണം പേടിച്ച് അവൾ ഓടി. ഓടി ഓടി ഒരു പൊട്ടക്കിണറ്റിൽ ചെന്ന് വീണു. കിണറ്റിൽ വീണ അവളെ രക്ഷിക്കാനല്ല നമ്പൂതിരിമാർ തുനിഞ്ഞത്. കരയിൽ കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങകൾ ഓരോന്നായി കിണറ്റിൽ കിടക്കുന്ന അവളുടെ ശരീരത്തിലേക്കെറിഞ്ഞ് അവളെ കൊല്ലുകയാണ് അവർ ചെയ്തത്. ഇങ്ങനെ കൊട്ടത്തേങ്ങകൾ കൊണ്ട് എറിയുമ്പോൾ നമ്പൂരിപെൺകിടാവ് അരയോളം വെള്ളത്തിൽ നിന്ന് (അത്രയേ കിണറ്റിൽ വെള്ളമുണ്ടായിരുന്നുവത്രെ) തന്റെ മുതുക് കാട്ടി ഇവിടെ എറിഞ്ഞോ ഇവിടെ എറിഞ്ഞോ എന്ന് ഉറക്കെ ശബ്ദിച്ചിരുന്നതായി കവി ഒരു ലേഖനത്തിൽ പറയുന്നുണ്ട്.

അന്തണന്മാര്‍ക്കൊപ്പം നായന്മാര്‍നായാട്ടില്‍,
കുന്തമെടുത്തും കുരല്‍കൊടുത്തും.
ശൂദ്രനും രുദ്രന്‍; ഗ്രഹണമുഹൂര്‍ത്തത്തില്‍
ക്ഷുദ്രകീടത്തിനും കാളകൂടം.
കേട്ടാല്‍ നടുങ്ങുന്ന നിഷ്ഠൂരചേഷ്ടകള്‍
ഒട്ടല്ല, പാട്ടാണുനാട്ടിലെങ്ങും

മുത്തശ്ശിപെട്ടെന്നൊരാര്‍ത്തനാദം; "താത്രി
താത്രി എവിടെപ്പോയ്, താത്രിക്കുട്ടി ? "

ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പങ്കാളികൾ ആയി നമ്പൂതിരിമാരുടെ കൂടെ നായന്മാരും മറ്റ് ജാതിക്കാരും ഉണ്ടായിരുന്നു എന്ന് കവി പറയുന്നു. ഗ്രഹണമുഹൂർത്തത്തിൽ പാമ്പിനു വിഷമേറും എന്നൊരു പഴഞ്ചൊല്ലിലൂടെ നമ്പൂതിരിമാരുടെ സഹായികളായ മറ്റ് ജാതിക്കാരും അതിക്രൂരന്മായിരുന്നു എന്ന് കവി സൂചിപ്പിക്കുന്നു. ഇത്തരം കഥകൾ നാട്ടിലാകെ പാട്ടാണ്. ഇതൊക്കെ ഓർക്കുന്ന മുത്തശ്ശിയുടെ ഉള്ളിൽ നിന്ന് അറിയാതെ ഒരു കരച്ചിൽ പുറപ്പെട്ടു. താത്രീ നീ ഈ രാത്രി എവിടേ പോയീ? മുത്തശ്ശി കരഞ്ഞുകൊണ്ട് ചോദിച്ചു.

No comments:

Post a Comment