കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം മൂന്ന്


വേര്‍പ്പില്‍ കുളിര്‍ത്തുകുതിര്‍ന്നുശരീരം. ഈ
വേഷമഴിച്ചിനി വിശ്രമിക്കാം;
കാവുങ്ങലാശാനണിയറ പൂകുവാന്‍
ഭാവിയ്ക്കെ, ആരിതുപെണ്ണൊരുത്തി?
അന്നനടയില്‍പ്പതിഞ്ഞാടും കൂജനം,
ചെന്നിയോളം നീളും ചുണ്ടനക്കം.

'വെള്ളോട്ടുകിണ്ടിയില്‍ കാച്ചിയ പാലുമായ്
കുഞ്ഞാത്തോലങ്ങയെ കാത്തിരിപ്പൂ.'
ചൂണ്ടുവിരല്‍നീണ്ടു 'തേന്മാവിനപ്പുറം
ഉണ്ട് കുളവും കുളിപ്പുരയും.
ചെല്ലണം വേഷമഴിക്കാതെ; ഇവ്വണ്ണം
ചൊല്ലിഅയയ്ക്കയാല്‍ വന്നതാണേ'
കണ്‍പീലിയാലൊരുഴിച്ചില്‍, ചിരിച്ചാര്‍ത്തില്‍
തേമ്പി മിനുക്കിയസൂചനകള്‍.

കാലമിന്നോളം ഒരു കാവ്യത്തിനും ഒരു കവിയ്ക്കും വിശദീകരിക്കാൻ പറ്റാത്തതാണ് സ്ത്രീ പുരുഷബന്ധം. കീചകെന്ന അതിബലവാൻ ആയിരം ആനയ്ക്ക് തുല്യം ബലം. സൈന്യാധിപൻ. സൈരന്ധ്രിയായ മാലിനി എന്ന ദ്രൗപദി അഞ്ച് ഭർത്തക്കന്മാരുള്ളവൾ. ചരിത്രം നോക്കിയാൽ എങ്ങനെ സ്ത്രീ പുരുഷബന്ധം വിശദീകരിക്കും? സ്ത്രീയെ നിനക്കും എനിക്കും തമ്മിലെന്ത് ബന്ധം എന്ന് കവി യേശുവിന്റെ വാചകം സ്വന്തമാക്കി ചോദിക്കുന്നുണ്ട്. പ്രകൃതിയുടെ ഈ സ്വഭാവം നിർഗുണമാണ്.
കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന ദൃഢഗാത്രൻ കീചകവേഷം കെട്ടി ആടി. ആട്ടം കഴിഞ്ഞ് വേഷം അഴിയ്ക്കാൻ തയ്യാറായി. ആട്ടത്തിന്റെ കഠിനതകൊണ്ടും വേഷത്തിന്റെ കട്ടികൊണ്ടും വിയർപ്പിൽ പൊതിഞ്ഞശരീരമാണ്. വേഷമഴിക്കാൻ അണിയറയിലെത്തണം. ആ സമയമാണ് താത്രിയുടെ ദാസി അവിടെ എത്തുന്നതും, വേഷമഴിക്കാതെ തന്നെ ആ തേന്മാവിനപ്പുറമുള്ള കുളപ്പുരയിലേക്ക് വരൂ; അവിടെ വെള്ളിക്കിണ്ടിയിൽ കാച്ചിയ പാലുമായി തന്റെ കുഞ്ഞാത്തോൽ ആശാനെ കാത്തിരിക്കുന്നു, അതിനാൽ വേഗം വരൂ എന്ന് അറിയിക്കുന്നതും. അത് പറയുമ്പോൾ ദാസിയ്ക്കുമുണ്ട് ഒരു കള്ളച്ചിരി, അവളുടെ കണ്ണിൽ ചില സൂചനകളും. ദാസിയുടെ ഈ അറിയിപ്പിനെ കവി ഉപമിക്കുന്നത് അരയന്നം നടക്കുന്നപോലെ പതിഞ്ഞ് നടന്ന് വന്ന് മധുരശബ്ദത്തിൽ ഉള്ള കൂജനം ആയിട്ടാണ്.

ചത്തുമലച്ചൊരു കീചകചാപല്യം
ഹൃത്തിലുയിര്‍ത്തെഴുന്നേറ്റപോലെ
താനറിയാതെ ചെറുതായലറുന്നു
താളമോരാതെപണിക്കരാശാന്‍.

ദാസിവാക്യം കേട്ട പണിക്കരാശാൻ ഒന്ന് പകച്ചു. അതുവരെ കെട്ടിയ കീചകഭാവം അണിയറയിലെത്തിയാൽ സ്വതവേ ഇല്ലാതെ ആകേണ്ടതാണ്. ആ ഭാവം പെട്ടെന്ന് എഴുന്നേറ്റ് നിന്നു. ആശാൻ അറിയാതെ ഒന്നലറിയോ? താളം പിഴച്ചോ? ആശാൻ താത്രിയെ  പ്രേമിക്കുന്നുണ്ടോ? പ്രേമികൾക്കല്ലെ ഇത്തരം ഭാവമാറ്റങ്ങൾ, പതർച്ചകൾ ഉണ്ടാവുക?

ചോടുപിഴച്ചൊരു കൂടിയാട്ടത്തിനോ
ചോരത്തിളപ്പിന്‍ തിരയിളക്കം?
രാത്രിനേരത്തങ്ങു കാത്തിരുന്നീടുന്ന
താത്രി, ദുരൂഹമേ നിന്നൊരുക്കം
കാവുങ്ങലാശാന്‍റെ കീചക്കക്കണ്ണിലെ
കാമം നിനക്കെന്തേ കാന്തമാകാന്‍ ?

അതെ, ബന്ധം വളരുന്നതിന്റെ മുന്നൊരുക്കങ്ങൾ. രാത്രി നേരത്ത് കുളപ്പുരയിൽ കാത്തുനിൽക്കുന്ന താത്രിയുടെ ഒരുക്കം. യഥാർത്ഥത്തിൽ താത്രിയ്ക്ക് വേണ്ടത് കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന ആളേയോ അതോ അദ്ദേഹം ആടിയകീചകവേഷത്തേയോ? ദുരൂഹം തന്നെ. ആടാൻ കെട്ടിയ വേഷം അഴിക്കാതെ തന്നെ അങ്ങനെ ചെല്ലാനാണ് കുഞ്ഞാത്തോലിന്റെ കൽപ്പന. കീചകനായി ആടിയപ്പോൾ കാവുങ്ങലാശാന്റെ കണ്ണിലുണ്ടായിരുന്ന ആ സംഭോഗശൃംഗാരരസം താത്രിയ്ക്ക് കാന്തമാകാൻ, -താത്രിയെ ആകർഷിക്കാൻ- കാരണമെന്താണ്? ചോടുപിഴച്ചൊരു കൂടിയാട്ടമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാവുങ്ങൽ ആശാന്റെ അപ്പോഴത്തെ അൽപ്പം പരിഭ്രമം കലർന്ന അവസ്ഥയെ ആണ്. എന്നാൽ ചോരത്തിളപ്പ് ധാരാളം ഉണ്ട്. പ്രായം ഏകദേശം 23-24 ആയിരുന്നുള്ളൂ കാവുങ്ങൽ ആശാനെന്നോർക്കുക.

വേളി കഴിഞ്ഞവള്‍, കേളികളാടുവാന്‍
വേറെയുമാളുകളെന്നു കേള്‍വി.
വേഷപ്പകര്‍ച്ചയില്‍ മിഭ്രവമാര്‍ന്നുവോ?
ഭാവങ്ങള്‍ കണ്ടനുഭാവമായോ?

ഇവിടെ “മിഭ്രവമാർന്നുവോ” എന്നതിൽ അച്ചടിപ്പിശകുണ്ട് എന്ന് തോന്നുന്നു. അത് വിഭ്രമമാർന്നുവോ എന്നാകാം ശരിയായ രൂപം. കീചകന്റെ വേഷപ്പകർച്ച കണ്ട് താത്രിയ്ക്ക് വിഭ്രമം ആയിയോ എന്ന് അർത്ഥം. അതോ ആ കാമഭാവങ്ങൾ കണ്ട് അനുഭാവം തോന്നിയോ എന്നും കവി സംശയിക്കുന്നു.
കുഞ്ഞിക്കിടാവായ താത്രി വിവാഹം കഴിഞ്ഞ് കുഞ്ഞാത്തോലായി മാറി. വിവാഹം ചെയ്ത പുരുഷനോടല്ല ആദ്യരാത്രി തന്നെ സമ്പർക്കമുണ്ടായത്. ഇപ്പോൾ വേറെയുമാളുകൾ കേളി ചെയ്യാനുണ്ട് എന്ന് അരമന രഹസ്യം. എന്തുകൊണ്ടാണ് താത്രി കീചകനെ വേഷം അഴിക്കാതെ വരാൻ ക്ഷണിച്ചത്? ആ നടനാണോ അതോ ആ നടന്റെ വേഷപ്പകർച്ച ആണോ താത്രിയ്ക്ക് അനുഭൂതി നൽകിയത് ?

'രംഭാപ്രവേശ'ത്തില്‍ രാവണവേഷമായ്
ശങ്കര ശിഷ്യനാണൂഴമിപ്പോള്‍
ആശാന്‍റെ യാശിസ്സണിഞ്ഞേ ശിരസ്സിങ്കല്‍
ഈ ശിഷ്യനുള്ളൂ കിരീടരാശി.
ആടിക്കഴിഞ്ഞിട്ടും കീചകനെങ്ങാവോ,
കോടിപ്പുടവ ഒതുക്കുകല്ലില്‍

കീചകവധം കഴിഞ്ഞു. കീചകൻ മരിച്ചു. അടുത്ത കഥ 'രംഭാപ്രവേശം' (രാവണവിജയം ആട്ടക്കഥയിലെ ഒരു രംഗമാണ് രംഭാപ്രവേശം എന്നറിയപ്പെടുന്നത്) ആണ്. അത് രാവണൻ രംഭയെ ബലാൽസംഗം ചെയ്യുന്ന രംഗമാണ്. രംഭയാണ് രാവണനെ പെണ്ണിന്റെ അനുവാദമില്ലാതെ അവളെ തൊട്ടാൽ പത്ത് തലയും പൊട്ടിത്തെറിച്ച് മരിക്കും എന്ന് ശപിക്കുന്നത്. ആ രാവണവേഷം കെട്ടുന്നത് കാവുങ്ങൽ ആശാന്റെ ശിഷ്യൻ. കഥകളി നടന്മാർ അരങ്ങത്ത് പോകുന്നതിനു മുന്നേ, കിരീടം തലയിൽ വെയ്ക്കുന്നതിനു മുന്നേ, അണിയറയിൽ തന്റെ ആശാനുണ്ടെങ്കിൽ, ആശാന്റെ അനുഗ്രഹത്തോടെ മാത്രമേ കിരീടം തലയിൽ വെയ്ക്കൂ. കിരീടം തലയിൽ വെച്ചാൽ അപ്പോൾ മുതൽ വേഷപ്പകർച്ച. ഇവിടെ ശിഷ്യൻ ആശാന്റെ അനുഗ്രഹം വാങ്ങിയ്ക്കാൻ നോക്കുമ്പോൾ ആശാനെ കാണുന്നില്ല. വേഷം അഴിച്ച് ഉടുക്കാനുള്ള കോടിമുണ്ട് അണിയറയുടെ ഒതുക്കുകല്ലിൽ തന്നെ ഇരിക്കുന്നു.

ചെന്നിവിയര്‍പ്പു തുടച്ചും ചൊടിയാര്‍ന്നും
മുന്നില്‍ തിരശ്ശീലക്കാരണഞ്ഞു.
മദ്ദളം, ചേങ്ങല, ചെണ്ട, ഇലത്താളം
ഒത്തു തിമിര്‍ത്തരങ്ങത്തു മേളം.
പൊന്നാനി പാടിത്തുടങ്ങീ, തിരയ്ക്കുമേല്‍
പൊങ്ങാനും മുങ്ങാനും വൈകിനേരം.

ആശാനെ ആ സമയം കാത്തിരിക്കാൻ പറ്റില്ല. പൊന്നാനിപ്പാട്ടുകാരൻ, (കഥകളിയിലെ പ്രധാനപാട്ടുകാരനെ പൊന്നാനി എന്ന് വിളിക്കും. അത് എന്തുകൊണ്ട് എന്ന് അറിയില്ല) രംഭാപ്രവേശത്തിനുള്ള പാട്ട് തുടങ്ങി. മേളവും കൊഴുക്കുന്നു. രാവണനു തിരനോക്ക് ഉണ്ട്, അതിനായി തിരശ്ശീലക്കാർ വന്നു. തിരശ്ശീലയ്ക്ക് (തിര എന്ന് ഉദ്ദേശിക്കുന്നത് തിരശ്ശീലയെ ആണ്) മേൽ പൊങ്ങിയും തിരശ്ശീല താഴ്ത്തിയും തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞും ഒക്കെ ആണ് കഥകളിയിലെ ‘തിരനോക്ക്‘ എന്ന പ്രശസ്തമായ ചടങ്ങ് നടത്തുക. അതിനു സമയം വൈകുന്നു,  ആശാനെ കാത്തിരുന്ന് കാര്യമില്ലല്ലൊ.

തിരയ്ക്കുമേൽ പൊങ്ങാനും മുങ്ങാനും വൈകിനേരം എന്ന് ആലങ്കാരികമായി പറയുകവഴി ഈ വരികൾ മറ്റൊരു വിധത്തിലും വായിക്കാമെന്ന് തോന്നുന്നു. തിരയ്ക്ക്മേൽ പൊങ്ങുന്നതും മുങ്ങുന്നതും താത്രിസംഗമത്തെ സൂചിപ്പിക്കുന്നു. അതിനുള്ള പശ്ചാത്തലം എല്ലാം ഒരുങ്ങിക്കഴിഞ്ഞു. അതിനായി സമയം വൈകിത്തുടങ്ങി.

സംഭോഗശൃംഗാരാസക്തനായ് ലങ്കേശന്‍
രംഭാസമീപം സല്ലാപലോലം.

രംഭാപ്രവേശത്തിൽ രാവണൻ നീലവസ്ത്രധാരിയായി വരുന്ന രംഭയെ സംഭോഗാസക്തിയോടെ സമീപിക്കുകയാണ്. ഈ രംഗം കവി പറയുന്നത് തന്നെ ചില ധ്വനികളോടെ ആണ്. പശ്ചാത്തലത്തിൽ കുളപ്പുരയിൽ വേറെ രംഗം ആടുന്നുണ്ട്. ആ രംഗം നമുക്ക് അടുത്ത വരികളിൽ കവി കാണിച്ച് തരുന്നു.

ഒട്ടുസംഭീതിയാല്‍, മൊട്ടിട്ടലജ്ജയാല്‍
ഒട്ടിലയിക്കാന്‍ മടിച്ചു പിന്നെ,
അപ്സരസുന്ദരി രാവണരൂപത്തില്‍
ഉത്സുകകാമനയായ് പടര്‍ന്നു.
കണ്ണിലരിക്കുന്ന നിദ്രയെകൈവിരല്‍-
തുമ്പാല്‍തുടയ്ക്കുന്നു കണ്ടിരിപ്പോര്‍.
ആശാനുമിന്നേരം മറ്റൊരു രംഭയെ
ആലിംഗനം ചെയ്‍വതാരറിഞ്ഞു !

കഥകളി കണ്ടിരിക്കുന്നവർ രംഭയെ ബലാൽസഗം ചെയ്യുന്ന രാവണനെ ആണ് കാണുന്നത്. കവി പശ്ചാത്തലത്തിൽ കുളപ്പുരയിൽ നടക്കുന്ന സംഭവങ്ങളെ ആണ് ധ്വനിപ്പിക്കുന്നതും. അവിടെ രംഭയെ ബലാൽസംഗം ചെയ്യുന്ന രാവണനല്ല, മറിച്ച് രംഭ സ്വയം സമ്മതിച്ച് രംഭയെ ആലിംഗനം ചെയ്യുന്ന കാവുങ്ങൽ ആശാൻ ആണ്. അതോ കീചകനോ?

ധ്വനിപ്പിക്കുന്നത് അനുവാചകരിൽ ഓരോരുത്തരിലും അവരുടെ ഇഷ്ടത്തിനനുസരിച്ചാ സാർത്ഥവൽക്കരിക്കുന്നത്. ഒന്നും ശരിയല്ല ഒന്നും തെറ്റുമല്ല. അപ്സരസുന്ദരിയാകുന്ന രംഭ രാവണരൂപത്തിൽ കാമോത്സുകയായി പടരുന്നില്ല. എന്നാൽ കവി ഇവിടെ അങ്ങനെ ആണ് പറയുന്നത്. രംഭയെ ബലാൽസംഗം ചെയ്യുകയാണ് രാവണൻ. ഓരോരോ ദിവസങ്ങളിലും ഓരോരോ ഭർത്താക്കന്മാരാണ് ദേവസുന്ദരിമാർക്ക്. രംഭയുടെ അന്നത്തെ ഭർത്താവ്, രാവണന്റെ സഹോദരനായ കുബേരന്റെ പുത്രനായിരുന്നു. രംഭയെ ബലാൽസംഗം ചെയ്ക വഴി പുത്രഭാര്യയെ ബലാൽസംഗം ചെയ്യുകയാണ് ഉണ്ടായത്. ഇങ്ങനെ ഉള്ള ചില പ്രശ്നങ്ങൾ ഈ കവിതയിൽ ഞാൻ കാണുന്നുണ്ട്.  മറ്റൊന്ന് ആശാരി - മയൻ (ഭാഗം 4ൽ)

No comments:

Post a Comment