കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഒന്നാം ഭാഗം


ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല
ഒന്നിച്ചൊരഞ്ചുപേര്‍ വേട്ടു നിന്നെ
ആറാമന്‍ വേറൊരാള്‍ ഞാനാകിലേറുമോ?
ആരോമലാളേ, നീ ചൊല്ലിയാലും
അല്ലെങ്കിലഞ്ചാളേ വിട്ടെന്നെവേള്‍ക്കുക
അല്ലലും പൊല്ലാപ്പുമില്ല പിന്നെ.
ദേഹവും ദേഹിയും ഓഹരിവെയ്ക്കുന്ന
സാഹസം ദുസ്സഹമല്ലി, ഭദ്രേ?

8_Keechakan-Maalini.jpg
കീചകൻ & സൈരന്ധ്രി. ഫോട്ടോ:ഹരീഷ് നമ്പൂതിരി

ഈ മനോധർമ്മപരമായ ആട്ടം അന്നും ഇന്നും കീചകൻ കെട്ടുന്ന നടന്മാർ ആടുന്ന ഒന്നാണ്.

എണ്ണിയും കൈവിരല്‍ മുദ്രയാല്‍, കണ്ണിലെ
ഉണ്ണി ഉഴറിച്ചുഴിഞ്ഞെറിഞ്ഞും
ചില്ലിയും ചുണ്ടും ചിറിയും വിറപ്പിച്ചും
മല്ലീശരജ്വരബാധയാര്‍ന്നും.
കീചകന്‍ ചോദ്യമായ്; കേഴമാന്‍ കണ്ണിയാള്‍
കേഴുന്നു, സൈരന്ധ്രി കാതരയായ്

കഥകളിയിൽ കീചകൻ കത്തി വേഷധാരിയാണ്. ‘ചില്ലീലത കൊണ്ടെന്നെ തല്ലീടായ്ക‘ എന്നാണ് കീചകൻ പറയുന്നത്. ചില്ലീലത എന്ന് വെച്ചാൽ പുരികക്കൊടി. അത് കഥകളിയിൽ കാണിക്കുമ്പോൾ പുരികക്കൊടി ഇളക്കുകയും കണ്ണുകൊണ്ട് അഭിനയിക്കുകയും കീചകൻ ചെയ്യുന്നുണ്ട്. സൈരന്ധ്രിയാകട്ടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഭയപ്പാടോടെ നിൽക്കുകയും ആണ്. കണ്ണിലെ ഉണ്ണി എന്നാൽ കൃഷ്ണമണി. കഥകളിനടന്മാരുടെ മുഖാഭിനയത്തിൽ കൃഷ്ണമണി ഇളക്കത്തിനു നല്ലൊരു പങ്കുണ്ട്.


മല്ലീശര വില്ലിനോടു മല്ലിടുന്ന നിന്റെ
ചില്ലീലത കൊണ്ടിന്നെന്നെ തല്ലിടായ്ക ധന്യേ
(കീചകവധം ആട്ടക്കഥ - ഇരയിമ്മൻ തമ്പി http://www.kathakali.info/ml/node/1423)
എന്ന് ഇരയിമ്മൻ തമ്പി ആട്ടക്കഥയിൽ കീചകനെ കൊണ്ട് ആടിയ്ക്കുന്നു. അപ്പോൾ കീചകൻ മല്ലീശരജ്വരബാധ കയറിയവൻ എന്ന് നിശ്ചയം. മല്ലീശരൻ=കാമദേവൻ.

മണ്‍പാത്രം പോലെ മനുഷ്യരും കുന്തിയ്ക്ക്
കുമ്പാരക്കൂട്ടില്‍ കുടിയിരിക്കെ
പാവം കിഴവി അന്നോരാതെയോതിയ
പാഴ്‍വാക്കും മക്കള്‍ പ്രമാണമാക്കി
ഊഴമിട്ടോരാണ്ടൊരുത്തന്‍റെ പത്നിയായ്
വാഴും പതിവാണോ പാതിവ്രത്യം?

ഇവിടെ കവി സൂചിപ്പിക്കുന്നത് അർജ്ജുനൻ ദ്രൗപദിയെ വേട്ടതിനുശേഷം അർജ്ജുനനെ കൂടാതെ മറ്റ് പാണ്ഡവന്മാരുടെ കൂടെ, ദ്രൗപദി, പത്നിയായത് എങ്ങനെ എന്നാണ്. സ്ത്രീയുടെ പാതിവ്രത്യത്തെ കളിയാക്കുന്ന ബഹുഭർതൃത്വം അന്നു നിലവിലുണ്ടാവുമായിരിക്കാം. ഇന്നും ചില സമൂഹങ്ങളിൽ ചെറുതായി എങ്കിലും നിലനിൽക്കുന്നുമുണ്ട്. എങ്കിലും കവി ഇവിടെ സൈരന്ധ്രിയുടെ ഭർതൃമാതാവിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പോലെ ആണ് പറയുന്നത്.

കാമനെവെല്ലുന്ന ശൃംഗാരമാടുവാൻ
കാവുങ്ങല്‍ ശങ്കരന്‍ തന്നെ വേണം

ശൃംഗാരം രസരാജൻ എന്നറിയപ്പെടുന്നു. കാവുങ്ങൽ ശങ്കരപ്പണിക്കരുടെ വേഷത്തെ പറ്റി മുന്നേ എഴുതിയത് ഓർക്കുക. കീചകനാകട്ടെ അടിമുടി കാമപരവശനായി പ്രേമത്തോടെ ആണ് മാലിനിയോട് ഈ പദം ആടുന്നത്. കീചകവധത്തിലെ കീചകൻ ഒരു വിടനാണോ അതോ മാലിനിയോട് യഥാർത്ഥപ്രേമമുള്ളവനാണോ എന്ന് കഥകളിആസ്വാദകരുടെ ഇടയിൽ ചർച്ച ഉണ്ട്. അത് തന്നെ യഥാർത്ഥത്തിൽ നമുക്ക് കാവുങ്ങൽ ആശാനേയും കുറിയേടത്ത് താത്രിയേയും പറ്റി പറയാം. കാവുങ്ങൽ ആശാനു താത്രിയോട് പ്രേമമായിരുന്നുവോ? തിരിച്ച് ആരെയായിരുന്നു താത്രിക്ക് ആവശ്യം? കീചകനേയോ ആ വേഷം കെട്ടിയ കാവുങ്ങൽ ശങ്കരപ്പണിക്കരേയോ എന്ന് കവി എം. ഗോവിന്ദൻ 'സർപ്പം' എന്ന തന്റെ കഥയിലൂടെ (1968) ചോദിക്കുന്നു. (ഞാൻ വായിച്ചിട്ടില്ല ഈ കഥ. കലയും കാമവും എന്ന ലേഖനത്തിനു ആമുഖമായി ഇത് ശ്രീ ഗോവിന്ദൻ തന്നെ ഇത് പറയുന്നുണ്ട്.)

ചമ്രം പടിഞ്ഞൊരിരുപ്പില്‍ തലയാട്ടി
'അന്യോന്യ'മാരംഭമാരണന്മാര്‍

'അന്യോന്യം' എന്നാൽ വേദശാസ്ത്രങ്ങളെ കുറിച്ചുള്ള സംവാദമാണ്. പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തെ കുറിച്ച് ഓർക്കുക. സാധാരണ അന്യോന്യം വേദശാസ്ത്രങ്ങളെ പറ്റി ആണെങ്കിലും ഇവിടെ കവി ഉദ്ദേശിക്കുന്നത് കഥകളിയെ പറ്റിയുള്ള നമ്പൂരിമാർ തമ്മിലുള്ള സംവാദത്തെ ആണ്. കഥകളിക്കമ്പക്കാർക്കിടയിൽ ഇത് അന്നും ഇന്നും സ്വാഭാവികമാണ്. തുടർന്ന് വരുന്നത് ഈ അന്യോന്യത്തിനുള്ള സംഭാഷണങ്ങൾ ആണ്. അന്യോന്യത്തിന്റെ (സംവാദത്തിന്റെ) ആരംഭം ചെയ്യുകയാണ് ആരണന്മാർ (ആരണൻ=ബ്രാഹ്മണൻ, നമ്പൂതിരി).

ഓരോ കൈമുദ്ര മുഖരസഭാവാര്‍ദ്ര
സ്വാരസ്യം, കണ്‍കെട്ടും നല്ല ശിക്ഷ!'

ശിക്ഷ എന്നാൽ കഥകളി അഭ്യസനം. നടന്റെ കൈമുദ്രകളുടെ വടിവ്, രസാഭിനയം എന്നിവയൊക്കെ നോക്കി നല്ല കളരി അഭ്യാസം ഉണ്ട് കീചകനടന് എന്ന് അഭിപ്രായപ്പെടുന്നു.


'ബാലിസുഗ്രീവരണത്തില്‍ ഉരലൊരു
ശീലച്ചുരുള്‍പോലെടുത്തെറിഞ്ഞു
കാവുങ്ങല്‍ ചാത്തുണ്ണി; അമ്മാവനൊത്തവ-
വനാവും മരുമകൻ ശങ്കരനും.'

കഥകളി ഒരു കായികകലകൂടെ ആണ്. കളരിയിലെ അഭ്യാസബലത്തോടൊപ്പം ശരീരബലം കൂടെ ഉണ്ടെങ്കിൽ കേമമായി എന്ന് വിശ്വസിക്കുന്നു. കഥകളി അഭ്യസിക്കുന്ന സ്ഥലത്തെ തന്നെ കളരി എന്നാണ് പറയുന്നത് എന്നോർക്കുക. ഇവിടെ കാവുങ്ങൽ ശങ്കരപ്പണിക്കരുടെ അമ്മാമൻ നല്ലൊരു താടിവേഷക്കാരനായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ബാലിസുഗ്രീവന്മാർ താടിവേഷമാണ് കഥകളിയിൽ. അവർക്ക് കായികബലവും കൂടും. ഒരു ഉരൽ അങ്ങനെതന്നെ എടുത്ത് തുണിക്കഷ്ണം പോലെ എടുത്തെറിഞ്ഞു അമ്മാമൻ ചാത്തുണ്ണി പണിക്കർ.

'പാരമ്പര്യത്തില്‍ പുഴുക്കടി കാണുമോ,
പാടത്തെ പച്ചയില്‍ച്ചാഴിപോലെ?'

പാടത്തെ വിളഞ്ഞ നെല്ലിൽ ചാഴിശല്യം കർഷകർ സമ്മതിയ്ക്കാറില്ല. അതുപോലെ തന്നെ കാവുങ്ങൽ കളരിയുടെ പാരമ്പര്യത്തിൽ പുഴുക്കടിയും ഉണ്ടാവില്ല എന്ന് ഒരാൾ പറയുന്നു.

'നോനീനടനം നടാടെടെയായ്‌ കണ്ടപ്പോള്‍
നോല്‍മ്പും വ്രതവും മുടങ്ങി, കെട്ടോ,!'
ചുണ്ടില്‍ ചെരിഞ്ഞു ചിരികള്‍; അരങ്ങത്ത്
വേണ്ടൊരൌചിത്യം വെടിഞ്ഞിടാമോ?

നോൻ എന്നാൽ ഞാൻ എന്നർത്ഥം. പണ്ടത്തെ ജന്മി നമ്പൂതിരിമാർ സ്വയം വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചിരുന്നു. കാവുങ്ങൽ ആശാന്റെ കീചകനെ വേഷത്തെ പുകഴ്ത്തുകയാണ് ഈ നമ്പൂതിരി വിദ്വാൻ. കീചകന്റെ 'മാലിനി രുചിരഗുണ ശാലിനി..' എന്ന് തുടങ്ങുന്ന പ്രസ്തുത (ചില്ലീ ലതകൊണ്ടെന്നെ തല്ലിടായ്ക..) പദം അഭിനയിക്കുമ്പോൾ സംഭോഗശൃംഗാരമായിരിക്കണം ഭാവം. ‘കാമനെ വെല്ലുന്ന ശൃംഗാരമാടുവാൻ‘ എന്ന മുൻ വരികൾ ഓർമ്മിക്കുക. ഈ അഭിനയം കണ്ട നമ്പൂതിരി വീട്ടിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് ഭാര്യയെ പ്രാപിച്ചതിനാൽ നോൽമ്പും വ്രതവും മുടങ്ങിയതായിരിക്കണം. ഇല്ലാത്തത് ഉണ്ട് എന്ന് തോന്നിയ്ക്കുന്നതാണ് അഭിനയം. അത് തോന്നുന്നത് ആസ്വാദകന്റെ മനസ്സിലും ആവണം എന്ന് നാട്യശാസ്ത്രം. ഇവിടെ കാവുങ്ങൽ ശങ്കര പണിക്കരുടെ അഭിനയസാമർത്ഥ്യത്തിനുള്ള അഭിനന്ദനമായി ഈ നമ്പൂതിരിയുടെ അഭിപ്രായം എടുക്കാം. സംഭോഗശൃംഗാരഭാവം അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ അൽപ്പം കൂടിയാൽ അശ്ലീമായി ഭവിക്കാം. അത് അനൗചിത്യവും ആവും. അത്തരം അനൗചിത്രം ഒട്ടും ഇല്ലാതെ കാവുങ്ങൽ ശങ്കരപ്പണിക്കർ ഔചിത്യത്തോടെ ആടി എന്ന് നമുക്ക് അനുമാനിക്കാം.

പൊന്‍നൂലുമേലസ്സും കെട്ടിയ കുഞ്ചുണ്ണി-
ഇന്നൂറ്റാണ്ടാറാം പിറന്നനാളില്‍

കുഞ്ചുണ്ണി കുട്ടികാലത്താണ് സ്വർണ്ണനൂലും ഏലസ്സും ഒക്കെ കെട്ടി നടക്കുക. ഇപ്പൊ 106ആം പിറന്ന നാളായി. ആ പിറന്നാളിനു നടന്ന കളിയെ വർണ്ണിക്കുകയാവാം കവി. (ഈ വരികളിൽ അച്ചടിപ്പിശകുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഞാൻ കണ്ട രഞ്ചിമ പബ്ലിഷേഴ്സിന്റേതല്ലാത്ത മറ്റ് പതിപ്പുകൾ കൂടെ റഫർ ചെയ്യാൻ പറ്റിയാൽ കൃത്യമാവുമായിരുന്നു.)  പിറന്നാളിന്റെ അന്നത്തെ ഇല്ലത്തെ കളി പന്തൽ താഴെ വരികളിൽ വിവരിക്കുന്നു.

മുത്തിരിമൂന്നു ചാണ്‍ നീളത്തില്‍ നാളമായ്
ഒത്തപൊക്കത്തില്‍ നിലവിളക്ക്,
മുണ്ടകം കൊയ്ത മുറയ്ക്ക് കഥകളി
കണ്ടാലേ ഇല്ലങ്ങള്‍ക്കിമ്പമുള്ളൂ.
കറ്റമെതിതീര്‍ന്ന മുറ്റത്തു മുന്‍വശം
കെട്ടിയുറപ്പിച്ച പച്ചപ്പന്തല്‍

ഇവിടെ അന്നത്തെ സമൂഹത്തിൽ കഥകളി കാണുന്നത് എങ്ങനെ എന്ന് കുറിച്ചിരിക്കുന്നു. വള്ളുവനാട്ടിൽ അന്നൊക്കെ ജന്മിഗൃഹങ്ങളിൽ ആയിരുന്നു കഥകളി അരങ്ങേറാറുള്ളത്. അതും കൊയ്തും മെതിയുമൊക്കെ കഴിഞ്ഞ സമാധാന കാലങ്ങളിൽ. കഥകളി കലാകാരന്മാർ അന്നൊന്നും കഥകളി മാത്രം ഒരു തൊഴിലായി സ്വീകരിച്ചിരുന്നവർ ആയിരുന്നില്ല എന്ന് അനുമാനിക്കാം. അവരും കൃഷിയും മറ്റും കഴിഞ്ഞ് മറ്റ് സമയമാണ്കഥകളിയ്ക്കായി ഉഴിഞ്ഞു വെയ്ക്കുന്നത്. അങ്ങനെ ഒരു ജന്മി ഗൃഹത്തിലെ കളിപ്പന്തലിന്റെ കഥയാണിത്.

അത്താഴംപോലും തഴയും അകം നിറ-
ച്ചത്യാര്‍ത്തി, ആട്ടക്കഥകള്‍ കാണ്മാന്‍.
തേച്ചു കുളിച്ചു, കുറിയിട്ടു കൌതുകം-
വായ്ച്ചൂ, നമ്പൂരിമാര്‍ മുന്‍വരിയില്‍

കഥകളി അതിന്റെ കമ്പക്കാർക്ക് ഒരു തരം വികാരമാണ്. ഭ്രാന്തുപോലെ ആണ് ആ വികാരം പിടിപെട്ടാൽ. അതുകൊണ്ടാണല്ലൊ കളിഭ്രാന്ത് എന്ന് തന്നെ പറയാൻ കാരണം. എല്ലാ കളിഭ്രാന്തർക്കും കളി കാണാൻ ആർത്തി ആണ്. അന്നത്തെ ജന്മിഗൃഹത്തിലെ കളിപ്പന്തലിലെ അരങ്ങിന്റെ മുൻ വരിയിൽ തന്നെ നമ്പൂതിരിമാർ ഇടം പിടിക്കും. മാത്രമല്ല ആ ഭ്രാന്ത് മൂത്താൽ അടുത്ത കളി എവിടെ എന്ന് കളിക്കാരോട് തന്നെ അന്വേഷിക്കും. എവിടെ ആയാലും അവിടെ പോയി കാണുകയും ചെയ്യും. കളിയോഗത്തിന്റെ പുറകെ ഒഴുകി നടക്കുന്ന ഒരു ആസ്വാദകവൃന്ദം കഥകളിയ്ക്കല്ലാതെ വേറെ ഏത് കേരളീയകലയ്ക്ക് ഉണ്ട്? തനി ഭ്രാന്ത് തന്നെ.

തോളില്‍ തെളിവോലും പാവുമുണ്ടീരിഴ-
ത്തോര്‍ത്തരചുറ്റി വരിഞ്ഞുകെട്ടി
തറ്റും തെറുത്തു, തടുക്കിലും പായിലും
കുത്തിയിരിക്കും കണക്കുകൂട്ടി.
തെറ്റും ശരിയും ഇരുതട്ടില്‍ വെയ്ക്കുന്നു
മാറ്റു മനസ്സിലുരച്ചുനോക്കി
സൂരിനമ്പൂരിപ്പാടിന്‍റെ ഭ്രാന്തല്ല.

ഇവിടെ അന്നത്തെ കളിഭ്രാന്തന്മാരായ നമ്പൂരിമാരുടെ രേഖാചിത്രമാണ് കാണുന്നത്. തോളിൽ പാവുമുണ്ട്, ഈരിഴ ഉള്ള തോർത്ത് അരയിൽ താറുതെറുത്ത് ചുറ്റിയിരിക്കുന്നു. എന്നിട്ടവർ തടുക്കിലും പായയിലും ഒക്കെ ആയി ഇരുന്ന് അന്ന് കണ്ടതോ പണ്ട് കണ്ടതോ ആയ കഥകളി അരങ്ങിന്റെ തെറ്റുശരികൾ ഓർത്ത് പങ്ക് വെയ്ക്കുകയാണ്. അത് ഇന്ദുലേഖയിലെ സൂരിനമ്പൂരിയുടെ വെറും ഭ്രാന്തല്ല. ആത്മാർത്ഥതയോടെ, ശരിയായ അറിവോടെ ഉള്ള വിചിന്തനം തന്നെ ആണെന്ന് കവി ഓർമ്മിപ്പിക്കുന്നു.

സ്ഥൂലവും സൂക്ഷ്മവും കണ്ണിലെത്തും
നന്നേരസിച്ചാല്‍ തുടയടിത്താളത്തില്‍
കന്നത്തക്കാതലും കാതിലോതും
മുണ്ടും പണവും വിരലില്‍ നിന്നൂരിയ
പൊന്മോതിരവും പൊലിച്ചു നല്‍കും
എന്നല്ല, കെങ്കേമനൊന്നാംകിടക്കാര്‍ക്ക്
ജന്മവും തീറായുഴിഞ്ഞുവെയ്ക്കും.

ഇങ്ങനെ ഇരിക്കുന്ന അന്നത്തെ ജന്മിമാരുടെ കളിഭ്രാന്ത് എങ്ങനെ എന്ന് തുടരുന്നു. താളവും മേളവും ഒക്കെ കണക്ക് കൂട്ടി എല്ലാം ശരിയായാൽ, കേമമായി എന്ന് തോന്നിയാൽ ഉടൻ തന്നെ കയ്യിലുള്ളത് കൊടുക്കും. അത്യുഗ്രമായി എന്ന് തോന്നിയാൽ ജന്മിയുടെ ഏതെങ്കിലും സ്ഥലവും തീറാധാരം എഴുതി കൊടുക്കും. ഒരു തരം നിഷ്കളങ്കതയും കലയോടുള്ള ഭ്രമവും അന്നത്തെ ജന്മിമാർക്ക് ഉണ്ടായിരുന്നു എന്ന് കവി ധ്വനിപ്പിക്കുന്നു.

കല്ലുകടിച്ചാല്‍ 'അറുവഷളയ്യയ്യേ'
എല്ലും കളിയാക്കും ചൊല്ലുതീര്‍ക്കും.
രണ്ടുപിഴച്ചാല്‍ ഇരുവിരല്‍ തേറ്റയായ്
പന്നി നീയെന്ന പ്രതീകഹാസ്യം
വീണ്ടും പിഴച്ചാല്‍, മുച്ചീര്‍പ്പന്‍ കുലച്ചോനേ
ചെണ്ടകൊട്ടിച്ചും ചെടിപ്പ്തീര്‍ക്കും.
നമ്പൂരിവിട്ട കളിയാള്‍, കുറവന്‍റെ
നമ്പോലൻ‌ പോലെ, നാലമ്പലത്തില്‍,
ചുറ്റിത്തിരിയും ചൊറിഞ്ഞുചുണയറ്റു
കൊറ്റിനൊരിത്തിരിവറ്റുതേടി.
കൂത്തമ്പലത്തില്‍ച്ചെന്നാടാനോ, പാടാനോ
പൊത്തുവെരത്തും പൊരുത്തുമില്ല.
ആണ്ടിപണ്ടാരമായ് പാണ്ടിയില്‍ പോയ്പിച്ച-
തെണ്ടാം; തെരുക്കൂത്തില്‍നൊണ്ടിയാടാം.

മുന്നേ കേമന്മാരായും അതികേമന്മാരേയും അവർക്കു കിട്ടുന്ന ഗുണത്തേയും പറ്റി പറഞ്ഞ കവി, ഇവിടെ അൽപ്പം കാർക്കശ്യത്തോടെ ഉദ്ദേശിച്ച രീതിയി കലാകാരൻ എത്തിയില്ലെങ്കിലത്തെ കഥയാണ് പറയുന്നത്. അൽപ്പം പിഴച്ചാൽ കളിയാക്കൽ ശക്തമാണ്. അത് വെറും കളിയാക്കൽ. ഇനിയും പിഴച്ചാലോ, അപ്പോൾ ഭാഷ മാറി 'പന്നി' എന്ന് തന്നെ ആയി. അതും പ്രതീകാത്മകമാണ്. അതിലും പിഴച്ചാൽ “മുച്ചീർപ്പൻ കുലച്ചോൻ“ ആയി. മുച്ചീർപ്പൻ കുലക്കലൊക്കെ നമ്മടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന വിശ്വാസങ്ങളാണ്. മുച്ചീർപ്പൻ കുലച്ച വാഴ പിന്നെ വാഴില്ല എന്നാണ്. അത്ര ഭീകരമായി 'ചെണ്ടകൊട്ടിയ്ക്കും'. ചെണ്ടകൊട്ടിയ്ക്കുക എന്നത് ഒരു പ്രയോഗമാണ്. കളിയാക്കുക എന്നർത്ഥം, അതും നല്ലരീതിയിൽ നന്നായി തീരുവാനുള്ള ക്രിയാപരമയ വിമർശനം ആണ്. ഇത്രയും കളിയാക്കിയിട്ടും പറഞ്ഞിട്ടും ശരിയാകാത്ത കലാകാരന്റെ കഥ ആണ് പിന്നീട് പറയുന്നത്. നമ്പൂരി തന്നെ കയ്യൊഴിഞ്ഞ കലാകാരനു പിന്നെ ഒരു ഗതിയും ഇല്യാ. അവൻ കുറവന്റെ കുരങ്ങനെ പോലെ ആകുന്നു. വിശപ്പടക്കാൻ പെടാപ്പാട് പെടണം. കൂത്തമ്പലത്തിലേക്കൊന്നും ആ കലാകാരനുപ്രവേശനം തന്നെ ഇല്യ. പൊതുവായി കളിച്ചാൽ ആരും തിരിഞ്ഞ് നോക്കുകയുമില്ല. പിന്നെ ഗതി ആണ്ടിപണ്ടാരമായി നടന്ന് തെരുവിൽ കളിച്ച് വല്ലതും കിട്ടുമെങ്കിൽ അത്ര തന്നെ ഉള്ളൂ.

അതായത് അന്നത്തെ ഗ്രഹിതക്കാരായ നമ്പൂരിമാർ കയ്യൊഴിഞ്ഞ കഥകളി കലാകാരന്മാർക്ക് ഒരു രക്ഷയുമില്യായിരുന്നു എന്ന് ചുരുക്കം.

നമ്പൂരിപ്രഭാവകാലം, മലവാടം
അമ്പെ തിരുവാഴ്ച്ചക്കൂത്തുമാടം.
കൊല്ലങ്ങള്‍ തെല്ലേറെ, അന്നത്തെ നമ്പൂരി-
യില്ലം ഈറ്റില്ലം കഥകളിയ്ക്കും!

ഇത് ആ കാലത്തെ ഒന്നു കൂടെ കൊറിച്ചിടുന്ന വരികൾ ആണ്. സാമൂഹിക ജീവിതത്തിൽ മാത്രമല്ല കലാകാരന്മാരുടെ കലാജീവിതത്തിനേയും ജന്മിമാർ എങ്ങനെ സ്വാധീനിച്ചിരുന്നു എന്ന് കൃത്യമായി പറയുന്നു. അന്നത്തെ മലയാളഭൂമി ജന്മികളുടെ ആയിരിന്നു, അതുപോലെ കഥകളിയുടേതുമായിരുന്നു. (കഥകളി വളർന്നത് ജന്മികളുടെ അനുഗ്രഹം കൊണ്ട് ആണ് എന്ന് ന്യൂനതയില്യാതെ പറയുന്നു.)

ഇനി അടുത്ത ഭാഗം.

No comments:

Post a Comment