കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം എട്ട്


കാവുങ്ങലാശാനെ ആട്ടിയകറ്റാനും,
ചാവാതെ പിണ്ഡംവച്ചൂട്ടുവാനും,
സ്മാര്‍ത്തന്മാര്‍ ചൊല്ലവേ, കൊച്ചിയരചനും
ഓച്ഛാനിച്ചാജ്ഞയനുസരിച്ചു.
സ്വന്തമാക്കീടാം കലയെ, ഏറാന്‍ മൂളി-
യന്ത്രമാക്കുന്നോര്‍ക്കു കാലദോഷം !
ലേശമധികാരം കൈവശം, അന്നേരം
മോശം വരുന്നു വിശേഷബുദ്ധി !

താത്രി യാത്രയായി. ആരോപണവിധേയരായ മറ്റ് പുരുഷന്മാരെ പോലെ കീചകൻ കെട്ടിയ കാവുങ്ങൽ ശങ്കരപ്പണിക്കരും, സ്മാർത്തന്മാരുടെ ഉപദേശം കൈക്കൊണ്ട കൊച്ചിരാജാവിന്റെ, അറിയിപ്പനുസരിച്ച് സമൂഹത്തിൽ നിന്നും ഭ്രഷ്ടനാക്കപ്പെട്ടു. അദ്ദേഹത്തേയും പടിയടച്ച് പിണ്ഡം വെച്ച് പടിവാതിലടച്ചു കുറ്റിയിട്ടു. ഇവിടേയും സ്മാർത്തന്മാരുടെ ഉപദേശം അനുസരിച്ചതിനു കവി, കൊച്ചിരാജാവിനെ കുറ്റപ്പെടുത്തുന്നു. അൽപ്പം അധികാരമേ ഉള്ളൂ കൈവശം, അപ്പോഴേക്കും വിശേഷബുദ്ധിതന്നെ ഇല്ലാതായി എന്നാണ് കവി പറയുന്നത്. ബ്രിട്ടീഷ്ഭരണമായിരുന്നു അന്ന് എന്നോർക്കുക. കലയെ വേണമെങ്കിൽ സ്വന്തമാക്കാം പക്ഷെ താൻ പറയുന്നത് അനുസരിക്കുന്ന ഒരു യന്ത്രമാക്കിയാൽ അത് അങ്ങനെ ചെയ്യുന്നവർക്ക് കാലദോഷം വരുത്തുകയേ ഉള്ളൂ. ഇവിടെ കല എന്നുദ്ദേശിക്കുന്നത് കാവുങ്ങലാശാനെ തന്നെ. കാവുങ്ങലാശാനെ ഭ്രഷ്ടനാക്കി നാടുകടത്താതെ കൊച്ചിരാജ്യത്ത് തന്നെ താമസിപ്പിച്ചിരുന്നെങ്കിൽ അത് നന്നായേനേ എന്നും രാജ്യഭ്രഷ്ടനാക്കിയത് രാജാവിന്റെ കാലദോഷമെന്നും കവി പറയുന്നു.

വഞ്ചിരാജ്യത്തുമീ വേഴ്ചകൾ‍; എങ്കിലും
വഞ്ചനയല്‍പ്പം ക്ഷയിച്ചപോലെ.

എന്നാൽ ഇത് കൊച്ചിരാജ്യത്തെ കാര്യം മാത്രമല്ല. തെക്ക് തിരുവിതാം‌കൂറിലും ഏറെക്കുറെ സമാനമാണ് കാര്യങ്ങൾ ഒക്കെ. എന്നാലും തെക്ക് തിരുവിതാംകൂറിൽ കള്ളവും കപടവും അൽപ്പം ക്ഷയിച്ചിട്ടുണ്ട് എന്ന് കവി പറയുന്നു. (ഓർക്കുക, മലബാറിൽ നിന്നും വെട്ടെത്ത് നാട്ടിൽ നിന്നും കൊച്ചിയിൽ നിന്നുമൊക്കെ ആളുകളോടിപ്പോവുന്നത് തെക്ക് തിരുവിതാംകൂറിലേക്കാണ്. അന്ന് കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരുമൊക്കെ ആയിരുന്നു. ഇന്ന് കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കലാകാരനും.

ശങ്കരന്‍ യാത്ര പുറപ്പെട്ടു തെക്കോട്ട്
തന്‍കലാവൈഭവം കൈമുതലായ്,
കീചകകീര്‍ത്തി അതിര്‍ത്തി കടന്നെത്തി
കീഴ്വാനില്‍ വെള്ളി തെളിഞ്ഞ പോലെ.
കൊച്ചിയില്‍ കൊള്ളാത്തോന്‍, കൊട്ടാരയോഗത്തില്‍
പച്ചയായ്, കത്തിയായ്, പാര്‍ത്ഥിവനായ്,
ആടിയരങ്ങിൽ‍; സദസ്സാകെ ആഹ്ലാദം;
'ആഹാ, മഹാകേമം! ആദരാർഹം !'
കണ്ടവര്‍ കണ്ടവര്‍ കൊണ്ടാടി; തമ്പിമാര്‍
തമ്പുരാന്‍ തൻ തിരുമുമ്പിലെത്തി.
ഉണ്ടായൊരത്ഭുതംകൂറി, മഹാക്ഷേത്ര-
സന്നിധാനത്തില്‍ ജനസഹസ്രം.
'വേണം നമുക്കുടന്‍ കാണണമീവേഷം'
വേണാട്ടരചനുമിമ്പമേറി.

കാവുങ്ങൽ ആശാൻ തിരുവനന്തപുരത്ത് എത്തി. (അദ്ദേഹത്തിന്റെ ജീവിതകഥ മുന്നേ എഴുതിയത് ഓർക്കുക) വെള്ളി മേഘം പോലെ അദ്ദേഹത്തിന്റെ കീർത്തി അപ്പോഴേക്കും തിരുവിതാംകൂറിലും അത് വഴി വേണാട്ടരചന്റെ അടുത്തും എത്തിയിരുന്നു. അദ്ദേഹം കൊച്ചിയിൽ നിന്നും ഭ്രഷ്ടനാക്കപ്പെട്ടവനാണ്. എന്നാലും തിരുവിതാംകൂർ കൊട്ടാരം കളിയോഗത്തിൽ അദ്ദേഹം പച്ചവേഷത്തിലും കത്തിവേഷത്തിലും ഒക്കെ ആടി ആസ്വാദകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു.   കാവുങ്ങൽ ആശാന്റെ നടനവൈഭവം തിരുവിതാംകൂർ രാജാവിന്റെ ചെവിട്ടിലുമെത്തി. എന്നാൽ തനിക്കും ഒന്ന് കാണണം കാവുങ്ങലാശാന്റെ വേഷപ്പകർച്ച എന്ന് വേണാട്ടരചൻ അരുളിച്ചെയ്തു.

ഉമ്പര്‍കോന്‍ നാട്ടിലെ രംഭയെ, രാക്ഷസ-
ത്തമ്പുരാന്‍ തന്നിലണച്ചു പുല്‍കി,
രഞ്ജിതകാമം രമിക്കവേ, രോമാഞ്ച-
സഞ്ചിതമക്കാഴ്ച്ച തൃക്കണ്‍പാര്‍ക്കേ.
കല്‍പിച്ചരുളിപോൽ പൊന്നു തിരുമേനി:
'അസ്സലായ് ഭോഗശൃംഗാരശൈലി !
ചെയ്യാത്ത ലീല നാം ചെയ്തെന്ന തോന്നലില്‍
മെയ്യും മനസ്സും കുളിരണിഞ്ഞു.
ഈ മനോധര്‍മ്മ രാജാവിനെ മാനിക്കാന്‍
നാം മുതിരായ്കില്‍ നമുക്കു നഷ്ടം.'

ഇവിടേയും രംഭാപ്രവേശം എന്ന കഥ തന്നെ ആടിയതായി കവി സൂചിപ്പിക്കുന്നു. രംഭാപ്രവേശത്തിലെ രാവണനായിട്ടാണ് കാവുങ്ങൽ ആശാൻ അഭിനയിച്ചത്. അഭിനയം എന്നാൽ കപടമാണെന്ന് ഭാരതീയരസസിദ്ധാന്തം. കപടമായത് വാസ്തവമെന്ന് തോന്നിക്കണം. കാവുങ്ങൽ ആശാൻ തന്റെ നടനവൈഭവം കൊണ്ട് തിരിവിതാംകൂർ രാജാവിനു കൂടെ മനസ്സിൽ കുളിരണിയിച്ചു. മാത്രമല്ല അദ്ദേഹത്തിനെ മാനിക്കണം, എന്തെങ്കിലും പാരിതോഷികം കൊടുക്കണം എന്ന് തന്നെ രാജാവ് തീരുമാനിച്ച് കാവുങ്ങലാശാനെ വിളിച്ചു. കാവുങ്ങൽ ശങ്കര പണിക്കർ രസരാജനായ ശൃംഗാരം അഭിനയിക്കാൻ അതികേമനായിരുന്നു. ഈ കാവ്യത്തിൽ മുന്നേയും അത് പറഞ്ഞിട്ടുണ്ട്. നോനീ നടനം കണ്ടപ്പോൾ വ്രതവും നോൽമ്പുമൊക്കെ പോയി എന്ന് മുന്നേ പറഞ്ഞത് ഓർക്കുക.

"താണുതൊഴുതുണര്‍ത്തുന്നേന്‍, തിരുവുള്ള-
ത്താരില്‍ തരക്കേടു തോന്നരുതേ!
എന്നിടം കയ്യിലണിഞ്ഞിടാം ഞാന്‍ വീര-
ശൃംഘല, ഭ്രഷ്ടായ നാള്‍ മുതല്‍ക്കേ
കൊച്ചിഭൂപാലന്‍റെ പൊല്‍ച്ചാര്‍ത്തലങ്കാരം
കാത്തുവലം കൈ കരുതി വെച്ചു"

കാവുങ്ങൽ ആശാൻ എന്ന അഭിമാനിയായ കഥകളി നടൻ വഞ്ചിരാജാവിനെ താണുതൊഴുതുകൊണ്ട് മറ്റൊരു കാര്യം ആണ് അപ്പോൾ പറഞ്ഞത്. അത് എന്താണെങ്കിൽ,: “തിരുവുള്ളക്കേട് തോന്നരുത്. ഞാൻ കൊച്ചിരാജ്യത്തിൽ നിന്നും ഭ്രഷ്ടനായവനാണ്. അന്ന് ഭ്രഷ്ടാക്കിയപ്പോൾ തന്നെ ഞാൻ ഒരു കാര്യം മനസ്സിൽ തീരുമാനിച്ചിരുന്നു; ഭ്രഷ്ടാക്കിയ രാജാവിൽ നിന്ന് തന്നെ വീരശൃംഘല വാങ്ങുമെന്നും ആ വീരശൃംഘല തന്റെ വലതുകയ്യിൽ തന്നെ കെട്ടുമെന്നും. അതിനാൽ വഞ്ചീശ്വരൻ തരുന്ന വീരശൃംഘല ഞാനെന്റെ ഇടതുകയ്യിലേ ധരിക്കുകയുള്ളൂ. വലതു കൈ കാലിയാക്കി തന്നെ കിടക്കും.“
വീരശൃംഘല കിട്ടിയാൽ അത് വലതുകയ്യിൽ അണിയണമെന്ന് പാരമ്പര്യം. കാവുങ്ങൽ ആശാന്റെ മനസ്സിലിരിപ്പ് അപ്പോഴേ മറ്റുള്ളവർ അറിയുന്നുള്ളൂ. അല്പം അഹങ്കാരമല്ലേ അത് എന്ന് കൂടെ ചിലർ പറഞ്ഞു. (ഭ്രഷ്ടനാക്കിയ രാജാവിൽ നിന്നല്ല എങ്കിലും മറ്റൊരു കൊച്ചിരാജാവിൽ നിന്നും അദ്ദേഹം സമ്മാനം വാങ്ങി എന്നത് ചരിത്രം. രാമവർമ്മ രാജാവ് കാവുങ്ങൽ ആശാൻ തിരിച്ചെത്തിയപ്പോഴേക്കും നാട് നീങ്ങിയിരുന്നു.

ശ്രീമൂലമൊന്നുമുരിയാടിയില്ലെ,ന്നാല്‍
ആ മുഖം മ്ലാനമായൊട്ടുനേരം.
കാലില്‍ വീണോരെക്കടാക്ഷിച്ചു നമ്മുടെ
കാരണവന്മാർ‍, ദയാപരന്മാർ‍,
പോറ്റിപ്പുലര്‍ത്തുന്നിതിന്നുമേ ഭീരുക്കള്‍
പെറ്റു പെരുക്കിയ പിള്ളമാരെ!
ശങ്കരനെന്തൊരഭിമാനി, നാമവ-
നെന്തു ചെയ്താലും നമുക്കു ലാഭം.
കഷ്ടം, അറിഞ്ഞില്ല കൊച്ചിരാജാവും തന്‍
നഷ്ടം, ഈ ഭ്രഷ്ടനതിവിശിഷ്ടന്‍!
മാണിക്യക്കല്ലൊരു മണ്‍കട്ടയായ് കണ്ടു,
മാനസവിഭ്രാന്തിയാലോ മന്നന്‍!
തെറ്റായാതെന്നു തീരുനീട്ടയച്ചാലോ,
തെറ്റിദ്ധരിച്ചേക്കാം മാടഭൂപന്‍.

കാവുങ്ങൽ ശങ്കരപ്പണിക്കരുടെ ഇപ്രകരമുള്ള അപ്രതീക്ഷിതമായ മറുപടി കേട്ട്, തിരുവിതാംകൂർ മഹാരാജാവ് അൽപ്പനേരം മിണ്ടാതെ ഇരുന്നു. താൻ നൽകുന്ന വീരശൃംഘല ഇടത് കയ്യിലെ ധരിക്കൂ എന്നത് തന്നെ അപമാനിക്കുന്നതിനു തുല്യമായി രാജാവിനു ആദ്യം തോന്നിയിരിക്കാം. എന്നാൽ രാജാവ് പെട്ടെന്ന് തന്നെ സ്ഥായീഭാവം വീണ്ടെടുത്തു. അദ്ദേഹം ആലോചിച്ചു: “താനും തന്റെ കാരണവന്മാരുമൊക്കെ ആശ്രിതവത്സലന്മാരാണ്. ഇനിയുമങ്ങനെ ആയിരിക്കും. കണ്ടില്ലെ (എട്ടുവീട്ടിൽ)പിള്ളമാരെ ഇപ്പോഴും പോറ്റി പുലർത്തുന്നു. ഈ ശങ്കരൻ കണ്ടോ എന്തൊരു അഭിമാനി ! അതിവിശിഷ്ടമായ നടനവൈഭവവും! അവനുവേണ്ടി നാം എന്ത് ചെയ്താലും അതിൽ നമുക്ക് ഗുണമേ ഉണ്ടാകൂ. ആ കൊച്ചിരാജാവ് ഈ മാണിക്യക്കല്ലിനെ (ശങ്കര പണിക്കരെ) ഒരു മൺകട്ടയായി കണ്ടു എന്ന് തോന്നുന്നു. അല്ലെങ്കിൽ രാജ്യത്ത് നിന്ന് ഭ്രഷ്ടാക്കില്ലല്ലൊ. താൻ കൊച്ചിരാജാവിനു ഇത് പറഞ്ഞ് ഒരു കത്തയച്ചാൽ ചെലപ്പോൾ അത് തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാം. എന്തായാലും പണിക്കർക്ക് അർഹപ്പെട്ട സമ്മാനം നൽകുകതന്നെ.”

'കൈവന്ന ഭാഗ്യം കളഞ്ഞു കൈനീട്ടുന്നോ
കായ്യാലമോളിലെ തേങ്ങ കിട്ടാന്‍!'
ഈച്ചരപ്പിള്ള വിചാരിപ്പുകാരുടെ
ചോദ്യം: പ്രത്യുത്തരമൊത്തമട്ടിൽ‍:
'നേട്ടത്തേക്കാള്‍ വിലപ്പെട്ടതുകാവുങ്ങല്‍
വീട്ടുകാര്‍ക്കാത്മാഭിമാനമെന്നും.'

കാവുങ്ങൽ ശങ്കരപ്പണിക്കരുടെ ഈ മറുപടി കേട്ട് കൂടെ നിന്നിരുന്നവർ പലരും അദ്ദേഹത്തെ ഉപദേശിച്ചു. ഇപ്പോൾ തരാമെന്ന് പറഞ്ഞ തിരുവിതാംകൂർ മഹാരാജാവിന്റെ പാരിതോഷികം വാങ്ങി വലത് കയ്യിൽ തന്നെ ധരിക്കാതെ, ഇനിയും കിട്ടാത്ത,  കിട്ടുമോ എന്ന് ഉറപ്പ് കൂടെ ഇല്ലാത്ത കൊച്ചി രാജാവിന്റെ പാരിതോഷികം കാത്ത് വലതു കൈ ഒഴിച്ചിടുന്നത് കയ്യിലെ തേങ്ങ കളഞ്ഞ്, കയ്യാലമോളിലെ തേങ്ങയ്ക്ക് വേണ്ടി കൊതിയ്ക്കുന്ന പോലെ ആണ് എന്ന് ഒപ്പമുള്ള ഈച്ചരപ്പിള്ള വിചാരിപ്പുകർ. അതുകേട്ട പണിക്കർ ഒരു സംശവും കൂടാതെ മറുപടി പറഞ്ഞു: “ഞങ്ങൾ കാവുങ്ങൽ വീട്ടുകാർ ആത്മാഭിമാനികളാണ്. അത് കളഞ്ഞ് ഒന്നും തന്നെ നേടില്ല“.

അന്നാണനന്തപുരിയില്‍ കഥകളി
ചിന്മയാനന്ദം പകര്‍ന്നകാലം.
ചൊല്ലിയാടുന്നുഹിതം‍പോലെ അക്കലാ-
വല്ലഭന്മാര്‍ രണ്ടുപേരുമൊപ്പം;
കീചകവേഷത്തില്‍ കുഞ്ഞന്‍ പണിക്കരും
ബാഹുകവേഷം ബഹിഷ്കൃതനും
രണ്ടുപണിക്കന്മാരന്യോന്യമഭ്യാസം
കണ്ടും കാണിച്ചും കൈമാറി പാഠം.

അങ്ങനെ അനന്തപുരിവാസം കാവുങ്ങൽ ആശാന്റെ കഥകളി കാലമായിരുന്നു. അക്കാലത്ത് കൊട്ടാരം കളിയോഗം വക ധാരാളം അരങ്ങുകൾ കാവുങ്ങൽ ആശാനു ലഭിച്ചിരുന്നു. കൂട്ടത്തിൽ കുഞ്ഞൻ പണിക്കരും ഉണ്ടായിരുന്നു. ബഹിഷ്കൃതനായ ശങ്കരപ്പണിക്കരും പ്രസ്തുത കുഞ്ഞൻ പണിക്കരും കൂടെ ധാരാളം കൂട്ടുവേഷങ്ങൾ കെട്ടി അന്യോന്യം അഭ്യാസംവൈഭവങ്ങൾ കൈമാറുകയും പഠിക്കുകയും ചെയ്തു.
(കൊട്ടാരം കളിയോഗക്കാലത്ത് മാത്തൂർ കുഞ്ഞുപിള്ള പണിക്കർ എന്ന മഹാനടനായിരുന്നു കാവുങ്ങൽ ആശാന്റെ അഭ്യൂദയാകാംഷി. മാത്തൂരിനു കാവുങ്ങൽ ആശാനെ വലിയ ആദരവും പ്രിയവും ആയിരുന്നു. ഈ ബന്ധം കാവുങ്ങൽ ആശാനു വളരെ ഗുണം ചെയ്തു എന്ന് ചരിത്രം)

കൊമ്പത്തിരുന്നു കുണുങ്ങുന്നപക്ഷിക്കും
നൊമ്പരം; താവളം തന്‍റേതല്ല.
ഊണുമുണ്ടുത്സവമുണ്ട്, വഞ്ചീശന്‍റെ
ഊനം‍പെടാത്ത വാത്സല്യവായ്പ്പും.
എന്നാലുമുള്ളില്‍ പിടയുന്നു വേദന,
താങ്ങുവാനാവാത്ത ധര്‍മ്മ ദുഃഖം :
കുന്നിന്‍ ചെരിവില്‍ മഴവില്ലുചാര്‍ത്തിയ
കന്നിമയില്‍പിട പോയതെങ്ങോ?
നിത്യനിഷ്കാസിതജീവിതം; ഇത്തര-
മസ്തിത്വത്തിന്നോ കലാവിലാസം ?

കാവുങ്ങൽ ആശാനു തിരുവിതാംകൂർ വാസം എന്തുകൊണ്ടും സുഖമുള്ളതായിരുന്നു. ഊണിനും വസ്ത്രത്തിനും ഉറക്കത്തിനുമൊന്നും ഒരു കുറവുമില്ല. കളി അരങ്ങുകൾ ധാരാളം. എന്നിരുന്നാലും ആശാനു മനസ്സിനു സുഖം എന്നതുണ്ടായിരുന്നില്ല. ഈ നാട് തന്റെ അല്ല എന്നൊരു തോന്നൽ. തന്റെ സ്വന്തം നാട്ടിൽ സ്വന്തം കളിയോഗത്തിനോടൊപ്പം പോയി അരങ്ങ് കീഴടക്കണം എന്ന് അതിയായ മോഹം ആശാനു മനസ്സിൽ ഉണ്ടായിരുന്നു. ആത്മാഭിമാനികൾ അങ്ങനെ ആണല്ലൊ. സ്വരാജ്യത്തിൽ നിന്നും നിഷ്കാസിതൻ ആയവൻ അവന്റെ അസ്തിത്വം എന്താണ്? അവനെന്ത് കല? അവനെന്ത് കലാവിലാസം? എന്നൊക്കെ ആയിരുന്നു ആശാന്റെ ചിന്തകൾ. കൂട്ടത്തിൽ, പണ്ട് കുന്നിൻ ചെരിവിൽ മഴവില്ല് പോലെ വന്ന് ഭംഗി പടർത്തിയ മയിൽപേട എവിടെ പോയിരിക്കും ഇന്ന് എന്ന് ആകുലതയും ഉണ്ട്. കവി സൂചിപ്പിക്കുന്നത് ആശാനു താത്രിയോട് പ്രണയം ആയിരുന്നു എന്ന് തന്നെ.

കാവുങ്ങല്‍ വീട്ടുകാർ‍, ആട്ടക്കഥയിലെ
നായകർ‍, എത്ര തലമുറകള്‍?
ഉണ്ണീരി, രാവുണ്ണി, ചാത്തുണ്ണി, ഈവണ്ണം
എണ്ണം പറഞ്ഞവരൊന്നുരണ്ടോ ?

പാട്ടിനുപാട്ടുകാർ‍, ചിട്ടയ്ക്കുചുട്ടിക്കാർ‍,
മദ്ദളവാദ്യക്കാർ‍, ചേങ്ങലക്കാർ‍.
ഓരോതലമുറയെത്തുന്നു പോവുന്നു
ഓളംകണക്കെത്തുടര്‍ത്തുനിവായ്

കാവുങ്ങൽ കളരിയും കളിയോഗവും കൊച്ചി മലബാർ രാജ്യങ്ങളിൽ വളരെ പേരും പ്രശസ്തിയും ആർജ്ജിച്ചതാണ്. അങ്ങനെ പ്രശസ്തരായ ഉണ്ണീരെ പണിക്കർ, രാവുണ്ണി പണിക്കർ, ചാത്തുണ്ണി പണിക്കർ എന്നീ മുൻ ഗാമികളുടെ തുടർച്ച ആവേണ്ടതാണ് കാവുങ്ങൽ ശങ്കരപ്പണിക്കരും. കളിയോഗമായതിനാൽ പാട്ടിനും ചുട്ടിയ്ക്കും മേളത്തിനുമൊക്കെ ആളുകൾ വേണം. എല്ലാം കാവുങ്ങൽ തറവാട്ടിൽ നിന്നുള്ളവർ തന്നെ ആയിരുന്നു. തലമുറകളായി പേരെടുത്ത കാവുങ്ങൽ കളിയോഗം!

ഭ്രഷ്ടനായ് വീടുവിട്ടന്നു ഞാന്‍ കുന്നിന്മേല്‍
എത്തി, തിരിഞ്ഞൊന്നുനോക്കി നില്‍ക്കേ,
അന്തി, പടുതിരിപോലെ പടിഞ്ഞാറു
കാന്തിമയങ്ങി മറിഞ്ഞു വീഴ്കെ,
കൂടുപൂകീടും കുതുകമായ് പക്ഷികള്‍
കൂകിയുയര്‍ന്നു പറന്നു പോകെ,
കേള്‍ക്കായ് ഉച്ചത്തില്‍ കൂക്കൊന്നുവീട്ടില്‍ നി-
ന്നുള്‍ക്കുളിരാര്‍ന്നുരചെയ്തിതപ്പോൾ‍:
'കാവുങ്ങല്‍ വീണ്ടും പിറന്നിതാ ശങ്കരന്‍,
കാലത്തിനുണ്ടതിന്‍ കാവ്യനീതി !'

കാവുങ്ങൽ ആശാന്റെ ഓർമ്മകൾ തീരുന്നില്ല. അന്ന് തന്നെ ഭ്രഷ്ടനാക്കി താൻ നാട് വിടുമ്പൊൾ സന്ധ്യാസമയം ആയിരുന്നു. പക്ഷികൾ ചേക്കേറാൻ തുടങ്ങുന്നു. ആ സമയമാണ് കുന്നിൻ മുകളിൽ നിൽക്കുന്ന താൻ ഉച്ചത്തിൽ ഉള്ള ഒരു കൂക്ക് കേൾക്കുന്നത്. “കാവുങ്ങൽ തറവാട്ടിൽ മറ്റൊരു ഉണ്ണി പിറന്നിരിക്കുന്നു, ശങ്കരൻ എന്ന് തന്നെ പേർ” എന്ന അറിയിപ്പ് കൂക്കിനു പിന്നാലേ കേട്ടു. കാലത്തിന്റെ കാവ്യനീതി!

ആരോടുമല്ലാതൊരാത്മഗതം, അതി-
ന്നാലാപം വീട്ടിലണഞ്ഞ പോലെ,
ശങ്കരനെന്ന പേരിട്ടുവളര്‍ത്തീടു-
ന്നെന്‍ കുടുംബക്കാരപ്പിഞ്ചുമോനെ.

തന്റെ വീട്ടിൽ പിറക്കാൻ പോകുന്ന ഉണ്ണിയ്ക്ക് ശങ്കരൻ എന്ന് തന്നെ പേരിട്ട് വളർത്തണം എന്ന് പണിക്കർക്കും ഉണ്ടായിരുന്നു മോഹം.

കച്ചകെട്ടാനുമുഴിയാനും പ്രായമായ്
കൊച്ചിന്‌; പെണ്ണുങ്ങള്‍പെറ്റു വീണ്ടും.
അങ്ങെങ്ങോജീവിച്ചാലമ്മാമനാവില്ല,
അമ്മപെങ്ങന്മാരൊടൊത്തു വേണം.
കണ്ണിമുറിഞ്ഞാല്‍ കഴിവുമഴിയുന്നു
ഉണ്ണികള്‍ക്കുന്നം പിഴച്ചിടുന്നു.

തറവാട്ടിൽ വീണ്ടും പെണ്ണുങ്ങൾ പ്രസവിച്ചു. ഉണ്ണികൾ ഉണ്ടായി. അവരെല്ലാം കഥകളി അഭ്യസനത്തിനു പ്രായമായപ്പോൾ കച്ചകെട്ടി അഭ്യാസം തുടങ്ങി. പക്ഷെ താനോ? താൻ വേണമായിരുന്നു തറവാട്ടിലെ ഉണ്ണികളെ അഭ്യസിപ്പിക്കാൻ. ബഹിഷ്കൃതനായ താൻ ഇവിടെ ഇരുന്നാൽ അങ്ങ് സ്വന്തം തറവാട്ടിലെ ഉണ്ണികൾക്ക് ജീവിതലക്ഷ്യം തെറ്റും. പാരമ്പര്യത്തിന്റെ കണ്ണി താനായി മുറിക്കരുത്.

ശാസ്താവുതങ്ങള്‍ക്കുദൈവതം, ക്ഷേത്രത്തിന്‍
മുറ്റം കളരി, കളിയരങ്ങും.
കന്നിക്കളിക്കാരനായി ഞാനത്തിരു-
സന്നിധാനത്തിൽ‍; വെറുംചെറുക്കന്‍

കാവുങ്ങൽ തറവാട്ടിന്റെ കുടുംബപരദേവത ശാസ്താവാണ്. താൻ ചെറുപ്പമായിരുന്നപ്പോൾ തന്റെ കഥകളി അരങ്ങേറ്റത്തെ കുറിച്ച് കാവുങ്ങൽ ആശാൻ ഓർക്കുന്നു. ശാസ്താവിന്റെ തിരുസന്നിധിയിൽ ആയിരുന്നു അരങ്ങേറ്റം.

ഭീമനായാടീബകവധത്തിൽ‍, വേഷം
കേമമായത്രേ, ഗുരുപ്രസാദം.
സ്വാമീശരണം, ശരണമെന്നയ്യപ്പ
സ്വാമീപൊറുത്താലും, തെറ്റുസര്‍വ്വം.
അജ്ഞാതവാസം കഴിഞ്ഞൊരുഭീമനായ്
അത്തിരുമുമ്പില്‍ ഞാനാടുമല്ലൊ !

ബകവധം ആട്ടക്കഥയിലെ ഭീമനായിട്ടായിരുന്നു അന്ന് അരങ്ങേറ്റത്തിനു വേഷം കെട്ടിയത്. ആദ്യമായി വേഷം കെട്ടി അരങ്ങത്ത് വരുകയാണ്. അന്ന് ആ ഭീമന്റെ വേഷം കെട്ടി അഭിനയിച്ചത് അതികേമമായി എന്ന് മറ്റ് വിദ്വാന്മാർ എല്ലാവരും പ്രശംസിച്ചു. എല്ലാം ഗുരുകടാക്ഷം! ഇനി അജ്ഞാതവാസക്കാലം കഴിഞ്ഞ് ചെല്ലുന്ന മറ്റൊരു ഭീമനായി തനിക്ക് പരദൈവങ്ങൾക്ക് തിരുമുന്നിൽ ആടണം.
(അദ്ദേഹത്തിനു തിരിച്ച് നാട്ടിലെത്തണമെന്നും നാട്ടിൽ തന്നെ ജീവിക്കണമെന്നും വലിയ അഭിലാഷമായിരുന്നു. കാലക്കാലെ ആ മോഹത്തിന്റെ ബലംവർദ്ധിച്ചു വരുകയും ചെയ്തു.)

അയ്യപ്പസ്വാമിയ്ക്കു നേദിച്ചനെയ്യപ്പം
കയ്യിൽ‍, കവിളില്‍ തിളക്കമൊപ്പം,
അമ്മവന്നെന്നെത്തഴുകി, അഴകാര്‍ന്ന
കണ്ണില്‍നിന്നുപ്പോളൊഴുകി കണ്ണീർ‍.
'മോനേ' ഉരചെയ്‍വാനായില്ല മറ്റൊന്നും;
മോദത്തിനുമുണ്ടാം ഗദ്ഗദങ്ങൾ‍.
തന്നെമറന്നെന്നെ മാത്രമോര്‍മ്മിച്ച,മ്മ
നിന്നോരാനില്‍പ്പിന്നും കണ്ണിനുള്ളില്‍!

അന്ന് അരങ്ങേറ്റം കഴിഞ്ഞ് എല്ലാവരും ഗംഭീരമായി എന്ന് അനുമോദിച്ചപ്പോൾ അമ്മ സന്തോഷാശ്രുക്കളോടെ അയ്യപ്പസ്വാമിക്ക് നിവേദിച്ച അപ്പവുമായി വന്ന്, തന്നെ ‘മോനെ‘ എന്ന് വികാരഭരിതയായി വിളിച്ചതും ഒന്നും മറക്കില്ല! അമ്മ അതാണല്ലൊ. തന്നെ മറന്ന്, മക്കളെ മാത്രം ഓർമ്മിക്കുന്ന അമ്മ.

അമ്മാവനപ്പടിഊറ്റം, മുഖം മുറ്റി
ഉന്മേഷം, ധന്യരില്‍ദ്ധന്യഭാവം.
ചൊല്ലിയാടുമ്പോഴുതല്‍പ്പം പിഴച്ചാകില്‍
തല്ലുംകിഴുക്കും ശകാരവാക്കും
കണ്മിഴിസാധകം തെറ്റിയാല്‍ താക്കീത്;
'കണ്ണില്ലാത്തോനെ, നീ പോ പുറത്ത് !'
ചെന്നിയിലാഞ്ഞവിരല്‍പ്പാട്, കണ്ണിലോ
മിന്നൽ‍; മനസ്സില്‍പ്പതിഞ്ഞ തേങ്ങല്‍
കന്നിപ്പിഴയ്ക്കും കൊടുംശിക്ഷ, കാരുണ്യ-
മെണ്ണാതെ കാലൂന്നിമെയ്യുഴിച്ചില്‍
എല്ലുമിറച്ചിയും വേറായപോൽ‍, പിന്നെ
എല്ലാം മറന്നൊരുന്മാദശക്തി,
സ്നായുക്കളില്‍ സ്നേഹധാരാപകര്‍ന്നല്ലീ
ആയുഷ്കാലകല കൈക്കലാക്കി!

അമ്മാവൻ ഗൗരവക്കാരനായിരുന്നു. കാവുങ്ങൽ ശങ്കരപ്പണിക്കരുടെ ഗുരു അമ്മാവൻ തന്നെ ആയിരുന്നു. അരങ്ങേറ്റം കഴിഞ്ഞ് എത്തിയപ്പോൾ ആ ഗൗരവഭാവമൊക്കെ മാറി, താൻ അഭ്യസിപ്പിച്ചത് വെറുതെ ആയില്ല എന്ന ധന്യഭാവം അമ്മാവനു വന്നു. അമ്മാമന്റെ ശിക്ഷണം അതി കഠിനം തന്നെ ആയിരുന്നു. (അന്ന് പൊതുവെ ശിക്ഷണം എന്നാൽ ശിക്ഷ എന്നായിരുന്നു എന്ന് ഓർക്കുക. കഥകളിയിൽ പ്രത്യേകിച്ചും) ചൊല്ലിയാടുന്നത് അൽപ്പം പിഴച്ചാൽ മതി തലക്ക് മുട്ടികൊണ്ട് കിഴുക്കും ശകാരവും. കണ്ണ് സാധകം ചെയ്യുന്നതിൽ തെറ്റ് വരുത്തിയാൽ ‘കണ്ണില്ലാത്തോനെ, പോ പുറത്ത്‘ എന്ന് ക്ലാസ്സിൽ നിന്നുതന്നെ പുറത്താക്കും. ആദ്യമായി തെറ്റിയതായാലും കിട്ടും കടുത്ത ശിക്ഷ. ശിക്ഷണത്തിന്റെ കാര്യത്തിൽ കാരുണ്യം എന്നത് ഒട്ടുമില്യായിരുന്നു. ശരീരം ഉഴിയുന്ന കാലത്ത് എണ്ണ ഒഴിച്ച് കിടന്നാൽ തന്റെ ശരീരം അമ്മാമൻ കാലുകൊണ്ട് ശക്തിയായി ചവുട്ടി ഉഴിയും. അപ്പോ എല്ലും ഇറച്ചിയും വേറെ വേറെ ആകും. എല്ലാം സഹിച്ച് അങ്ങനെ പഠിച്ചതാണ് ഈ കല.

ജന്മസാഫല്യം ലഭിച്ചെന്നപോലവേ
അമ്മാവന്‍ വാരിപ്പുണര്‍ന്നിതെന്നെ
മന്ദമെന്‍ മൂര്‍ദ്ധാവില്‍ കൈവച്ചനുഗ്രഹം,
തന്നപ്പോള്‍ കണ്ണുനീര്‍ നാലുകണ്ണില്‍
ഇന്നുഞാനമ്മാവന്‍ അന്യദേശത്തിരു-
ന്നെണ്ണിപ്പെറുക്കുന്നിതോര്‍മ്മ മാത്രം !
സ്വാമീശരണം, ശരണമെന്നയ്യപ്പ-
സ്വാമീ പൊറുത്താലും തെറ്റുസര്‍വ്വം.

അന്ന് തന്റെ അരങ്ങേറ്റം കഴിഞ്ഞ് വന്നപ്പോൾ അമ്മാമൻ എല്ലാം മറന്നു. വാത്സല്യപൂർവം തന്നെ താലോലിച്ചു. സന്തോഷാശ്രുക്കളോടെ കരഞ്ഞുകൊണ്ട് മൂർദ്ധാവിങ്കൽ കൈവെച്ച് അനുഗ്രഹിച്ചു! തന്റേയും കണ്ണ് നിറഞ്ഞു.
അങ്ങനെ എല്ലാം ആയ ഞാൻ ഇന്ന് എവിടെ ? അന്യദേശത്തിൽ ഒരു ബഹിഷ്കൃതനായി കഴിയുന്നു. അയ്യപ്പ സ്വാമീ! ശരണം അയ്യപ്പാ! കാക്കണേ! തെറ്റുകൾ സർവ്വം പൊറുക്കണേ! നിസ്സഹായതാവസ്ഥയിലാണല്ലൊ ദൈവത്തെ ഓർക്കുക.

പോകേണ്ട, പോകേണ്ട പൊക്കണക്കേടാകും
പോരുമോ, പോരും സാരോപദേശം ?
ഭ്രഷ്ടനായ് കെട്ടിക്കളിച്ചിങ്ങു ജീവിത-
ശിഷ്ടവും നഷ്ടമായ്തീര്‍ത്തുകൂടാ,

തന്റെ രാജ്യത്തേയ്ക്ക് മടങ്ങാൻ തുനിഞ്ഞ കാവുങ്ങൽ ശങ്കരപ്പണിക്കരെ ഒപ്പമുള്ളവർ തടഞ്ഞു. ഭ്രഷ്ടനാണെടോ താൻ, എന്ന് ഓർമ്മിപ്പിച്ചു. മാത്രമല്ല തിരുവിതാംകൂറിൽ കഴിയാനുള്ള വകുപ്പ് ഒക്കെ കിട്ടുന്നുമുണ്ട്. അതിനാൽ നാട്ടിൽ പോകണ്ടാ, അവിടെ തന്നെ നിന്നാൽ മതി എന്ന സാരോപദേശമൊന്നും നാട്ടിലേക്ക് മടങ്ങാൻ അതിയായി കൊതിയ്ക്കുന്ന കാവുങ്ങൽ ആശാൻ ചെവിക്കൊണ്ടില്ല. ഇവിടെ ഇങ്ങനെ ഈ അന്യദേശത്ത് ഭ്രഷ്ടനായി തന്നെ ശിഷ്ടജീവിതം കഴിച്ചുകൂടാ എന്ന ദൃഢനിശ്ചയത്തോടേ കാവുങ്ങൽ ശങ്കരപ്പണിക്കർ തിരിച്ച് നാട് പിടിക്കാൻ ഒരുങ്ങി.

കാലത്തുകയ്‌മെയ്യുഴിഞ്ഞു കുളികഴി-
ഞ്ഞോരോകാല്‍വെപ്പും കലയിലൂട്ടി,
നെറ്റിയില്‍ ചന്ദനപ്പൊട്ടും, ഇരുചെവി-
ക്കുറ്റിയിൽതൃത്താവും, അമ്പലത്തില്‍
സാഷ്ടാംഗം വീണു പണിഞ്ഞു പണിക്കർ‍, 'എന്‍-
പത്മനാഭസ്വാമീ, പാഹി, പാഹി'
വാത്സല്യപൂർവ്വമഭയമരുളിയ
വഞ്ചീശ്വരനെ വണങ്ങി വാഴ്ത്തി
വന്നവഴിയേ വടക്കോട്ട്, കയ്യിലെ
ഭാണ്ഡത്തില്‍ തൻമുടിച്ചാര്‍ത്തുമായി,
നാടുവാഴിന്നുകിരീടക്കാർ‍, ശങ്കര-
നാടിവാഴുമ്പോള്‍ കിരീടമുണ്ട്.
രണ്ടുകിരീടം കിടമത്സരങ്ങളിൽ‍;
രണ്ടിലൊന്നിന്നേ വിജയമുള്ളൂ !

അങ്ങനെ ഒരുദിവസം കാവുങ്ങൽ ശങ്കരപ്പണിക്കർ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി ശ്രീപദ്മനാഭസ്വാമിയുടെ പാദങ്ങളിൽ വീണുവണങ്ങി തിരുവിതാംകൂർ രാജാവിനെ മുഖം കാണിച്ചു. ഇതുവരെ ചെയ്ത് തന്നതിനെല്ലാം നന്ദി പറഞ്ഞ് തന്റെ ഭാണ്ഡത്തിൽ താൻ കളിയരങ്ങിൽ ധരിക്കുന്ന കിരീടവുമായി ഒരു അജ്ഞാതവാസം കഴിഞ്ഞെന്ന പോലെ സ്വന്തം നാട്ടിലേക്ക്, സ്വന്തം നാട്ടുകാരുടേയും വീട്ടുകാരുടേയും അടുക്കലേക്ക് മടങ്ങി. കിരീടവും ചെങ്കോലുമുള്ളവർ നാട് ഭരിക്കും, പക്ഷെ ഈ ശങ്കരനു അരങ്ങ് ഭരിക്കുമ്പോൾ കിരീടം ഉണ്ട്. നിർബന്ധവുമാണല്ലൊ. ഈ നാടുവാഴുന്ന കിരീടവും അരങ്ങ് വാഴുന്ന കിരീടവും തമ്മിൽ ആണു മത്സരം. മത്സരത്തിൽ രണ്ടിൽ ഒന്നിനേ വിജയിക്കാൻ പറ്റൂ.

ഇവിടെ നാട് വാഴുന്നവരേയും അവരുടെ കിരീടത്തിനേയും പറ്റി പറയുന്നത് ഒരു പ്രത്യേക രാജ്യത്തേയോ രാജാവിനേയോ ഉദ്ദേശിച്ചായിരിക്കില്ല. കാവുങ്ങൽ ആശാൻ അതുവരെ ഉള്ള ഒരു വ്യവസ്ഥയോടാണ് മത്സരിക്കുന്നത്. അതിനു കൂട്ട് ആശാന്റെ കിരീടം മാത്രം (കിരീടം എന്ന് വെച്ചാൽ കലാവൈഭവം). ഒന്നുകിൽ ആ വ്യവസ്ഥ ജയിക്കും അല്ലെങ്കിൽ ആശാൻ ജയിച്ച് നിലവിലുള്ള വ്യവസ്ഥയെ മാറ്റി മറിക്കും.

No comments:

Post a Comment