കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

വായന തുടങ്ങുന്നു



ഒരു കളിഭ്രാന്തന്റെ കവിത വായന

 

സ്ത്രീ അടുക്കളയിൽ ഒതുങ്ങി കഴിയേണ്ടവളാണ് എന്ന ധാരണ അന്നും ഇന്നും ഉണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീയ്ക്ക് ദോഷം പറ്റിയാൽ അത് അടുക്കളദോഷമാവും. ദോഷം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പരപുരുഷബന്ധം. അതുണ്ടായോ എന്ന ശങ്ക അടുക്കളദോഷശങ്ക. ശങ്ക തോന്നിയാൽ സ്ത്രീയുടെ ഗൃഹനാഥൻ അത് ഭരണാധികാരികളെ അറിയിക്കണം. ഭരണാധികാരികൾ ഒരു സ്മാർത്തനടക്കം മീമാംസകാരന്മാരുടെ ഒരു കമ്മറ്റി ഉണ്ടാക്കി സ്ത്രീയെ വിചാരണചെയ്യാൻ ഏൽപ്പിക്കും. സ്ത്രീയുടെ ദാസിയെ ആണ് ആദ്യം വിചാരണ ചെയ്യുക. ശേഷം തീരുമാനമായാൽ സ്ത്രീയെ "സാധനം" എന്ന പേരിട്ട് ആളും അനക്കവും ഇല്ലാത്ത ഒരു കെട്ടിടത്തിലാക്കി കാവലേർപ്പെടുത്തും. അഞ്ചാം പുര എന്നാണ് ആ കെട്ടിടത്തിനെ പിന്നെ വിളിക്കുക. സാധനം എന്ന് ആ സ്ത്രീയേയും. ഇതിന്റെ വിശദവിവരങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം നമ്മുടെ ഭൂമിമലയാളത്തിനെ ഇളക്കി മറിച്ച ഒന്നായിരുന്നു. അതിനു കാരണം അതിൽ ഉൾപ്പെട്ട അറുപത്തിയഞ്ച് പേരിൽ മിക്കവരും സമൂഹത്തിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് ആയി ഉന്നതസ്ഥാനീയരായിരുന്നു എന്നത് തന്നെ ആണ്. ഈ സ്മാർത്തവിചാരവും ചന്തു മേനോന്റെ ഇന്ദുലേഖ എന്ന നോവലും ഇല്ലായിരുന്നെങ്കിൽ നമ്പൂതിരി സമുദായത്തിൽ മാറ്റങ്ങൾ ഒന്നും വരില്ലായിരുന്നു എന്ന് അത്തരം മാറ്റങ്ങൾക്ക് ഒരു പ്രധാന കാരണക്കാരനായ വി. ടി ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. ശേഷം നമ്പൂതിരിസമുദായം അപ്പാടെ ഇനിയും ഒരു തിരിച്ച് വരവ് സാധ്യമല്ലാത്ത രീതിയിൽ മാറി എന്നത് ചരിത്രം.

താത്രിയെ അഞ്ചാം പുരയിലേക്ക് കൊണ്ട് പോയിരുന്നത് ഇരുപത്തിയഞ്ച് തോക്കുധാരികളായ പോലീസുകാരുടെ കാവലിലായിരുന്നു എന്നും അഞ്ചാം പുരയ്ക്കും ചുറ്റും കാവലേർപ്പെടുത്തിയിരുന്നു എന്നും ചരിത്രം പറയുന്നു. അന്നത്തെ കാലത്ത് ഇത്രയും സുരക്ഷിതത്വം ഏർപ്പാടാക്കി എന്നത് തന്നെ താത്രിയുടെ സ്മാർത്തവിചാരത്തിന്റെ പ്രാധാന്യം വിളിച്ച് പറയുന്നുണ്ട്. ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാർ സാമുദായിക സാമൂഹിക കാര്യങ്ങളിൽ കാര്യമായി ഇടപെട്ടിരുന്നില്ല. അതിനൊക്കെ രാജാവിനും മറ്റുള്ളവർക്കും തന്നെ ആയിരുന്നു അധികാരം. എന്നിരുന്നാലും സ്മാർത്തവിചാരം, ശുചീന്ദ്രം കൈമുക്ക് തുടങ്ങിയ അശാസ്ത്രീയമാർഗ്ഗങ്ങൾക്കെതിരെ ബ്രിട്ടീഷുകാർ രാജാവിനോട് പരാതിപ്പെട്ടിരുന്നു. അത് പ്രകാരം 1845ൽ സ്വാതിതിരുന്നാൾ മഹാരാജാവാണ് ശുചീന്ദ്രംകൈമുക്ക്  സമ്പ്രദായം  നിർത്തലാക്കിയത്.

സ്മാർത്തൻ എന്ന വെച്ചാൽ സ്മൃതികൾ പഠിച്ച ബ്രാഹ്മണൻ എന്ന് ശബ്ദതാരാവലി. അത്തരം ബ്രാഹ്മണർ നടത്തുന്ന ശാസ്ത്രീയവിചാരണയ്ക്കാണ് സ്മാർത്ത വിചാരം എന്ന് പറയുന്നത്. ആധാരം ശാങ്കരസ്മൃതിയും. ഇതിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും ഒന്നും നമുക്ക് ഇവിടെ വിഷയമല്ല.

താത്രിയ്ക്കു മുൻപും ശേഷവും ധാരാളം സ്മാർത്തവിചാരങ്ങൾ നടന്നിരുന്നു. 1903ൽ നടന്ന ഒരു സ്മാർത്തവിചാരത്തിൽ പെട്ട ഭ്രഷ്ടനായ മേലാക്കത്ത് ഗോപാല മേനോൻ വേറെ കല്യാണം കഴിച്ച് അതിലുണ്ടായ സന്തതി പിന്നീട് തമിഴിലെ പ്രസിദ്ധ സിനിമാനടനും രാഷ്ട്രീയക്കാരനുമൊക്കെ ആയ കഥ പ്രസിദ്ധം. കൂടുതൽ അറിയാൻ ഡോ.രാജൻ ചുങ്കത്ത്, പട്ടചോമയാരത്ത് കൃഷ്ണൻ നമ്പൂതിരിയുമായി നടത്തിയ, മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കുക. URL: http://www.mathrubhumi.com/features/politics/%E0%B4%87%E0%B4%A8%E0%B4%BF-%E0%B4%86-%E0%B4%B6%E0%B4%BE%E0%B4%AA%E0%B4%82-%E0%B4%95%E0%B5%82%E0%B4%9F%E0%B4%BF-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B5%8D%E0%B4%9F!-1.330089?pq=1.196522

നമ്പൂതിരി സമുദായത്തെ പിടിച്ച് ഉലയ്ക്കുക മാത്രമല്ല താത്രിയുടെ സ്മാർത്തവിചാരപ്രക്രിയ ചെയ്തത്. സ്വാഭാവികമായും അതിന്റെ ഊത്താലുകളായി പല എഴുത്തുകാരും സ്മാർത്തവിചാരത്തിനെ പറ്റി എഴുതി. ഇത്തരം എഴുത്തുകളെ നമുക്ക് അടുക്കളദോഷസാഹിത്യം എന്ന് തന്നെ വിളിക്കാം. ഈ വിളിക്ക് കടപ്പാട് പി. ഭാസ്കരനുണ്ണിയ്ക്ക്.. അത്തരം അടുക്കളദോഷസാഹിത്യങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു.

ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ - അപരാധിയായ അന്തർജ്ജനം (കവിത)
മാടമ്പ് കുഞ്ഞുകുട്ടൻ - ഭ്രഷ്ട് (നോവൽ)
ഉണ്ണികൃഷ്ണൻ പുത്തൂർ - അമൃതമഥനം (നോവൽ)
ശ്രീജ കെ. വി - ഓരോരോ കാലത്തിലും (നാടകം)
എം ഗോവിന്ദൻ - ഒരു കൂടിയാട്ടത്തിന്റെ കഥ (കവിത)
പി ഭാസ്കരനുണ്ണി - സ്മാർത്തവിചാരം (സ്മാർത്തവിചാര രേഖകൾ പഠനം. ഈ പുസ്തകത്തിനോട് എന്റെ എഴുത്തിനു കടപ്പാടുണ്ട്.)
ആലങ്കോട് ലീലാകൃഷ്ണൻ - താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം (ലേഖനങ്ങൾ)
എ. എം. എൻ ചാക്യാർ - അവസാനത്തെ സ്മാർത്തവിചാരം (ആത്മകഥ, ഇദ്ദേഹം 1918ൽ നടന്ന അവസാനത്തെ സ്മാർത്തവിചാരത്തിൽ ഭ്രഷ്ടനാക്കപ്പെട്ട നെടുമ്പരപ്പിൽ ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. കൃഷ്ണൻ നമ്പൂതിരി കുറ്റാരോപണം കേട്ട് ആത്മഹത്യ ചെയ്യുകയും അദ്ദേഹത്തിന്റെ നാലുമക്കളെ ചാക്യാർ കുടുംബത്തിലേക്ക് ചേർക്കപ്പെടുകയും പുതിയ പേരുകൾ നൽകുകയും ചെയ്തതിനാലാണ് ശ്രീ എ. എം. എൻ ചാക്യാർ എന്ന് പേരുവന്നത്.)
നന്ദൻ - കുറിയേടത്ത് താത്രി (നോവൽ)
(സിനിമകൾ) - പരിണയം, വാനപ്രസ്ഥം തുടങ്ങി ഏതാനും ചെറുസിനിമകൾ വരെ.

ഈ പട്ടിക പൂർണ്ണമല്ല എന്ന് ഞാൻ മുൻകൂർ ജാമ്യം എടുക്കുന്നു.

1900ങ്ങൾ വരെ കേരളസമൂഹത്തിന്റെ അധികാരശ്രേണിയിൽ നമ്പൂരിമാർക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അത് സ്വാതന്ത്ര്യം കിട്ടി ഭൂപരിഷ്കരണ നിയമം നിലവിൽ വരുന്നത് വരെ ഏകദേശം സമാനമായി തുടർന്നു. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന നമ്പൂതിരിമാരെല്ലാവരും ഒരുപോലെ സാമ്പത്തികമായും സാമൂഹികമായും ഉന്നതസ്ഥാനത്തല്ലായിരുന്നു. സമ്പന്നരും ദരിദ്രരും അവരുടെ ഇടയിലും ഉണ്ടായിരുന്നു. വിദ്യഭ്യാസം എന്ന് പറഞ്ഞാൽ അവരുടെ തൊഴിലിനുള്ള മനഃപ്പാഠം പഠിക്കൽ ആയിരുന്നു. വി.ടി ഭട്ടതിരിപ്പാടിന്റെ പ്രസിദ്ധമായ ‘മാൻ മാർക്ക് കുടകൾ‘ പറയുന്നത് അതാണ്. നമ്പൂതിരിമാരുടെ ഇടയിൽ ലിംഗസമത്വം ഒട്ടുമേ ഇല്ലായിരുന്നു. മൂത്തപുത്രൻ മാത്രം സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുക അവരുടെ സന്തതികൾക്ക് മാത്രം സ്വത്ത് വീതം വെയ്ക്കുക എന്നതായിരുന്നു രീതി. ഇളയ നമ്പൂതിരി യുവാക്കൾക്ക് ‘സംബന്ധ‘മായിരുന്നു പറഞ്ഞിട്ടുള്ളത്. മൂത്തനമ്പൂതിരിക്ക് ഒന്നല്ല രണ്ടല്ല എത്രയും വേളി ആവാം. എൺപത് വയസ്സുള്ള നമ്പൂതിരി ‘യുവാവ്‘ തന്നേക്കാൾ എത്രയോ ഇളപ്പമായ തീണ്ടാരികൂടെ ആവാത്ത പത്തുവയസ്സുകാരി പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് വളരെ സാധാരണമായിരുന്നു. ഇത്തരത്തിൽ മൂത്ത പുത്രനുമാത്രം സ്വജാതീയവിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്ന ആ കാലത്തും തൊട്ട് താഴെ ഉള്ള പുത്രനു സ്വജാതീയ വിവാഹം നടത്താൻ ഒരു രീതിയുണ്ടായിരുന്നു. അതിന്റെ പേരാണ് ‘പരിവേദനം‘. ഇത്തരമൊരു പരിവേദനത്തിന്റെ കഥ കൂടിയാണ് "ഒരു കൂടിയാട്ടത്തിന്റെ കഥ" എന്ന ശ്രീ എം. ഗോവിന്ദന്റെ ഖണ്ഡകാവ്യം.

ഇത് 1980കളിൽ കലാകൗമുദി വാരികയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോടെ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വായിച്ചു പുളകം കൊണ്ട ഞാൻ, ഇതിനെ ഒന്നുകൂടെ വായിക്കാൻ മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്യ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ (2015 ഒക്റ്റോബർ) തൃശ്ശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽ ചെന്ന് അന്വേഷിച്ചു. അവിടത്തെ ലൈബ്രേറിയനും ജീവനക്കാരും തന്ന സഹായത്തിനു നന്ദി പറയാൻ വാക്കുകൾ ഇല്യ. എന്തായാലും അവിടുന്നാണ് എനിക്ക് ഗോവിന്ദന്റെ കവിതകളുടെ ഒരു സമാഹാരത്തിൽ നിന്നും എനിക്ക് ഈ കൃതി ഒന്നുകൂടെ വായിക്കാൻ കിട്ടുന്നത്. അത് ഉടൻ ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് ഡിജിറ്റൽ കോപ്പിയുമാക്കി. എം. ഗോവിന്ദന്റെ കവിതകൾ എന്ന സമാഹാരത്തിന്റെ രണ്ടാം ഭാഗത്തിൽ ആണ് ഈ കവിത ഉള്ളത്. പ്രസാധനം രഞ്ജിമ പബ്ലിക്കേഷൻസ്, മാമ്മൂട് പി.ഒ, ചങ്ങനാശ്ശേരി - 686553. വിതരണം നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം. ജനുവരി 1989 ലെ ആദ്യ എഡിഷൻ. പകർപ്പവകാശം പ്രസാധകർക്ക്. വില 40 രൂപ.  തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിലെ പുസ്തക സീരിയൽ നമ്പർ 52581 എന്ന് ഞാൻ ഓർക്കുന്നു. 1984 ആണ് കവി ഈ കവിത എഴുതിയത് എന്ന് ഈ സമാഹരത്തിൽ പറയുന്നു.

ഖണ്ഡകാവ്യ വായന തുടങ്ങുന്നതിനു മുന്നേ അതിന്റെ ഒരു പശ്ചാത്തലം അറിഞ്ഞ് വെയ്ക്കുന്നത് നന്ന്. അതിനായിട്ട് സ്മാർത്തവിചാരത്തെ പറ്റിയും അന്നത്തെ മലബാർ-കൊച്ചി രാജ്യങ്ങളിലെ സാമൂഹികാവസ്ഥയെ പറ്റിയും ഒരു ധാരണ ഉണ്ടാക്കുക. പിന്നെ കാവ്യത്തിലെ കഥാപാത്രങ്ങളെ പറ്റിയും ഒരു ധാരണ വേണം.

താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം കഴിഞ്ഞ് അതിൽ പെട്ട് ഭ്രഷ്ടരായ പലരും ആത്മഹത്യ ചെയ്യുകയോ സ്വയം നശിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ് പല പ്രമുഖരും ഭ്രഷ്ടനായിട്ടും ഭ്രഷ്ടിനോട് പൊരുതി ജയിക്കുകയാണ് ഉണ്ടായത്. ദേശമംഗലത്ത് നമ്പൂതിരിപ്പാട് ഒരു ഉദാഹരണം. എന്നാൽ ഇവിടെ നമുക്ക് നമ്മുടെ കഥാപാത്രമായ കാവുങ്ങൽ ശങ്കരപ്പണിക്കരെ തന്നെ എടുക്കാം.

കുറ്റക്കാരുടെ പട്ടികയിൽ 55-ആം നമ്പർ ആയിരുന്നു കാവുങ്ങൽ ശങ്കരപ്പണിക്കർ. എറണാകുളത്തെ റീജിയണൽ ആർക്കീവ്സ് സെന്ററിൽ  ലഭ്യമായ സ്മാർത്തവിചാരം രേഖകളിൽ വാള്യം ഒന്ന് പേജ് 80ൽ പറയുന്നത് പ്രകാരം, താത്രിക്കുട്ടി കാവുങ്ങൽ ആശാനോട് പകൽസമയം പത്തായപ്പുരയിലേക്ക് വരാൻ പറയുകയും, താത്രിക്കുട്ടി തലേദിവസം കണ്ട കീചകവധം കഥയിലെ കീചകന്റെ പദങ്ങൾ എല്ലാം പാടുകയും അതനുസരിച്ച് കാവുങ്ങൽ ആശാൻ ആടുകയും ചെയ്തു എന്നാണ്. ആട്ടത്തിനുശേഷം അവിടെ വെച്ച് തന്നെ സംയോഗം ഉണ്ടായി എന്നാണ് താത്രി മൊഴി. കൊല്ലവർഷം 1070ൽ (1895 English year) ആണ് ഇത് നടക്കുന്നത്. ആ സമയം താത്രിക്കുട്ടിയ്ക്ക് പന്ത്രണ്ട് വയസ്സ് മാത്രം പ്രായം. കാവുങ്ങൽ ആശാനു ഇരുപത്തിരണ്ട്-ഇരുപത്തിമൂന്ന് വയസ്സും. പകൽ സമയത്ത് ഇല്ലത്ത് മറ്റുള്ളവരും ഉണ്ടാകുമെന്നും വെറും പന്ത്രണ്ട് വയസ്സുകാരിയായ ഒരു കുട്ടിയ്ക്ക് കീചകവധം ആട്ടക്കഥയിലെ കീചകന്റെ പദങ്ങൾ മുഴുവൻ ഓർമ്മയിൽനിന്ന് പാടാനാകില്ല എന്നൊക്കെയും സ്മാർത്തവിചാരസമയത്ത് കാവുങ്ങൽ ആശാൻ എതിർവാദം ഉന്നയിച്ചു എങ്കിലും സ്മാർത്തൻ ഇത്തരം എതിർവാദങ്ങളെ തള്ളുകയാണ് ഉണ്ടായത്.

അദ്ദേഹത്തിനു താത്രിയോട് പ്രേമമായിരുന്നുവോ? തെളിവുകൾ ഒന്നും തന്നെ ഇല്യ. അദ്ദേഹവും ഒന്നും പറഞ്ഞതായോ രേഖപ്പെടുത്തിയതായോ അറിവില്യ. ചോദിച്ച് കഴിഞ്ഞാൽ ഒന്നും മിണ്ടാതെ ശാന്തമായി മറ്റ് വിഷയങ്ങളിലേക്ക് കടക്കുമായിരുന്നു എന്ന് അദ്ദേഹത്തെ പറ്റി എവിടേയോ എഴുതിയത് വായിച്ച ഓർമ്മയുണ്ട് എനിക്ക്. കൃത്യമായി അത് എവിടെ എന്ന് ഓർമ്മ കിട്ടുന്നില്യ.

കഥകളിരംഗത്തെ ചരിത്രവും കേട്ട് കേൾവിയും ഐതിഹ്യവും ഒക്കെ രേഖപ്പെടുത്തി വെച്ച പ്രസിദ്ധ ഗ്രന്ഥമായ “കഥകളിരംഗം“ എന്ന ഗ്രന്ഥം എഴുതാൻ തന്നെ കാരണം കാവുങ്ങൽ ശങ്കരപ്പണിക്കരാണ് എന്ന് പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവ് ശ്രീ കെ.പി.എസ്.മേനോൻ എഴുതിയിട്ടുണ്ട്. കാവുങ്ങൽ ശങ്കരപ്പണിക്കർ ഭ്രഷ്ടനായില്ലായിരുന്നുവെങ്കിൽ ഇന്നത്തെ കാലത്തെ കഥകളി അറിയപ്പെടുക അദ്ദേഹത്തിന്റെ പേരിലായിരുന്നു എന്ന് കെ.പി.എസ്. മേനോൻ എഴുതുന്നു. ശ്രീ മേനോൻ, കാവുങ്ങൽ ശങ്കരപ്പണിക്കരുടെ അനവധി അരങ്ങുകൾ കണ്ട് തന്നെ എഴുതിയത്  ആണത്. ഈ ഖണ്ഡകാവ്യം എഴുതിയ കവി എം. ഗോവിന്ദനും കാവുങ്ങൽ ശങ്കരപ്പണിക്കരുടെ കഥകളിവേഷങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിനു വയസ്സായി കഴിഞ്ഞിരുന്നു.

അന്ന് കാലത്തെ കേരളത്തിലങ്ങോളമിങ്ങോളം കളിയോഗങ്ങൾ ധാരാളമുണ്ടായിരുന്നു. മിക്കതും ജന്മിമാരുടെ സഹായം കൊണ്ട് കഴിഞ്ഞ് കൂടുന്നതും ആയിരുന്നു. എന്നാൽ തൃശൂരിലെ തിച്ചൂരടുത്തുള്ള കാവുങ്ങൽ കുടുംബക്കാരുടെ കളിയോഗം അവർ ആരുടേയും സഹായം കൂടാതെ സ്വന്തമായി കൊണ്ട് നടക്കുന്നതായിരുന്നു. കുടുംബത്തിൽ നിന്ന് തന്നെ ഉള്ളവർ കഥകളിയുടെ പല രംഗത്തും ഉണ്ടായിരുന്നു. കാവുങ്ങൽ കളരിയിൽ ഉള്ളവർ അവരുടെ ഉറച്ച ദേഹപ്രകൃതിയ്ക്കും ദേഹലാവണ്യത്തിനും പേരുകേട്ടവരായിരുന്നു. കപ്ലിങ്ങാട് കളരിയിൽ ഉണ്ടായിരുന്ന കാവുങ്ങൽ ഉണ്ണീരിപ്പണിക്കർ (1750-1830) ആണ് കാവുങ്ങൽ കുടുംബത്ത് കളരി തുടങ്ങിയത്.

1872ൽ (English year) കാവുങ്ങൽ ശങ്കരപ്പണിക്കർ ജനിച്ചു. കാരണവന്മാരായ കുഞ്ഞികൃഷ്ണപ്പണിക്കർ, ചാത്തുണ്ണിപ്പണിക്കർ തുടങ്ങിയ ആയിരുന്നു ശങ്കരപ്പണിക്കരുടെ ആദ്യകാല ഗുരുനാഥന്മാർ. പതിനെട്ട് വയസ്സ് തികയുമ്പോഴേയ്ക്കും ശങ്കരപ്പണിക്കർ കോട്ടയം കഥകളിലെയും മറ്റും ആദ്യവസാനവേഷങ്ങൾ കെട്ടി തുടങ്ങിയിരുന്നു.

1904ൽ ഉണ്ടായ സ്മാർത്തവിചാരത്തിൽ ശങ്കരപ്പണിക്കർ ഭ്രഷ്ടനാക്കപ്പെട്ടു. ഭ്രഷ്ടനായവനെ സമൂഹത്തിൽ ആരും സഹകരിപ്പിക്കുക ചെയ്യാത്തതിന്റെ ഫലമായി അദ്ദേഹം മലബാറിലേയും കൊച്ചിയിലേയും കഥകളി അരങ്ങത്ത് നിന്നും വിട്ട് നിൽക്കുവാൻ അദ്ദേഹം നിർബന്ധിതനായി. കഥകളിക്കാരിൽ ശങ്കരപ്പണിക്കർക്കു പുറമെ കാവുങ്ങൽ രാമുപ്പണിയ്ക്കർ, പാലത്തോൾ ഇട്ടീരി നമ്പൂതിരി, കാട്ടാളത്തു മാധവൻ നായർ, പനങ്ങാവിൽ ഗോവിന്ദൻ നമ്പ്യാർ, നായ്കാലി കുഞ്ഞിരാമൻ നമ്പീശൻ, അച്ച്യുത പൊതുവാൾ എന്നിവരും ഭ്രഷ്ടരായിരുന്നു. ശങ്കരപ്പണിക്കർ ഒഴിച്ച് മറ്റുള്ളവരെല്ലാം കഥകളിരംഗത്തുനിന്നും മാറി; അത് പാടെ ഉപേക്ഷിച്ചു. ഭ്രഷ്ടിനെ തുടർന്നുള്ള മൂന്ന് കൊല്ലക്കാലം അദ്ദേഹം പാലക്കാട് പുത്തൂരിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഒരു നായർസ്ത്രീയെ വിവാഹവും കഴിച്ചു.

അക്കാലത്ത് മലബാർ-കൊച്ചി ഭാഗങ്ങളിൽ കഥകളി ഏറ്റവും അധികം നടന്നിരുന്നത് പണക്കാരായ ജന്മികളുടെ ഇല്ലങ്ങളിലും കോവിലകങ്ങളിലും മറ്റുമായിരുന്നു. ഭ്രഷ്ടിനെ തുടർന്ന് ശങ്കരപ്പണിക്കർക്ക് ഇവിടങ്ങളിലേക്ക് പ്രവേശനമില്ലാതായി. നിരാശനായ അദ്ദേഹം നാട് വിട്ടു പോയി.  

1908ൽ പറവൂർ ശങ്കരപ്പിള്ളയുടെ കളിയോഗത്തിൽ ചേർന്നു. ശങ്കരപ്പണിക്കരോടൊപ്പം അദ്ദേഹത്തിന്റെ കാരണവരായ ചാത്തുണ്ണിപ്പണിയ്ക്കരും ഈ കളിയോഗത്തിൽ ചേർന്നു. പറവൂർ കളിയോഗത്തിനു പ്രചാരം ഉത്തരതിരുവിതാംകൂറിലായിരുന്നു. അത് കാരണം 1911ൽ അമ്പലപ്പുഴ വെച്ച് മാത്തൂർ കുഞ്ഞുപ്പിള്ളപ്പണിയ്ക്കരും (ഇദ്ദേഹം അന്നത്തെ കാലത്തെ മഹാകേമനായ നടനും ഗുരുവും ഗ്രന്ഥകർത്താവുമൊക്കെ ആയിരുന്നു) ശങ്കരപ്പണിക്കരും തമ്മിൽ പരിചയപ്പെട്ടു. മാത്തൂരിനു ശങ്കരപ്പണിക്കരോട് ബഹുമാനം ആയിരുന്നു. അങ്ങനെ ശങ്കരപ്പണിക്കർ മാത്തൂർ കളിയോഗത്തിൽ ചേർന്നു. അതുമൂലം തിരുവിതാംകൂറിലെ കഥകളി പ്രേമികളുടെ ഇടയിൽ അദ്ദേഹം അംഗീകാരം നേടി. അത്യാവശ്യം സമ്പാദ്യം ഉണ്ടായിരുന്നു അവിടെ നിന്ന് എങ്കിലും ശങ്കരപ്പണിക്കർ ജന്മനാട്ടിൽ തിരിച്ചെത്തി സ്വന്തം കുടുംബകളിയോഗം പുഷ്ടിപ്പെടുത്താനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിനാൽ കഥകളിക്കാലമായ വൃശ്ചികം തൊട്ട് ഇടവപ്പത്ത് വരെ അദ്ദേഹം തിരുവിതാംകൂറിലും ബാക്കിയുള്ള കാലം പുത്തൂരിലും ആയി ഏകദേശം പത്ത് കൊല്ലം ജീവിച്ചു. പാലക്കാട് ഭാഗത്ത് അദ്ദേഹം പാടങ്ങളിലും പറമ്പുകളിലും കഥകളി അവതരിപ്പിച്ച് നടന്നു. തുടർന്ന് സമൂഹത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളുടെ കാരണമായി അദ്ദേഹത്തിന് മലബാറിൽ തന്നെ ജീവിതാവസാനം കഴിച്ച് കൂട്ടാൻ സാധിച്ചു. 1931ൽ വാച്ചാലി കിട്ടന്റെ കളിവട്ടത്തിലുണ്ടായിരുന്ന കാലത്ത് ചിറയ്ക്കൽ കോവിലകത്ത് വെച്ച് കോലത്തിരി സമക്ഷം അദ്ദേഹത്തിന് അരങ്ങ് ഉണ്ടായിരുന്നു.

1915ൽ പാലക്കാട്ട് സ്ഥിരതാമസമാക്കിയശേഷം അന്ത്യം വരെ അദ്ദേഹം കുടുംബകളിയോഗം കൊണ്ട് നടത്തിയിരുന്നു.  1934 മേടം 3ന് പാലക്കാട്ട് ഗവണ്മെന്റ് കോളെജിന്റെ രജതജൂബിലി കളിയിൽ ശങ്കരപ്പണിക്കരുടെ സൌഗന്ധികം ഹനൂമാനും പട്ടിക്കാംതൊടിയുടെ ഭീമനും, മറ്റൊരു ദിവസം ഹിരണ്യകശിപുവും വെച്ചൂർ ആശാന്റെ നരസിംഹവും ആയി കളി ഉണ്ടായി. സമവയസ്കനായിരുന്ന വെങ്കിച്ചൻ സ്വാമി, ഭ്രഷ്ട് മാനിച്ച് അന്ന് ശങ്കരപ്പണിക്കരുടെ കളിയ്ക്ക് മദ്ദളമെടുത്തില്ല എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും വെങ്കിച്ചൻ സ്വാമിയ്ക്ക് ശങ്കരപ്പണിക്കരെ നല്ല മതിപ്പും ബഹുമാനവും ആയിരുന്നു. 1935 സെപ്റ്റംബർ 26ന് കൊച്ചി മഹാരാജാവ് ചിറ്റൂർക്ക്, കൊല്ലങ്കോട് രാജാ വാസുദേവരാജാവിന്റെ ക്ഷണപ്രകാരം വന്നിരുന്നു. ആ സമയം അദ്ദേഹത്തിന്റെ മുന്നിൽ സൌഗന്ധികം ഭീമന്റെ “ശൌര്യഗുണം“ (=കോട്ടയത്ത് തമ്പുരാന്റെ കല്യാണസൗഗന്ധികം എന്ന ആട്ടക്കഥയിലെ ആദ്യഭാഗത്തുള്ള ഒരു രംഗമാണ് ശൗര്യഗുണം എന്നറിയപ്പെടുന്നത്. ശൗര്യഗുണനീതിജലധേ.. എന്ന് ആണ് പാട്ട് തുടങ്ങുന്നത്. ഭീമൻ ക്രുദ്ധനായി ധർമ്മപുത്രരെ അഭിസംബോധന ചെയ്യുന്നതാണ് ശൗര്യഗുണനീതി ജലധേ എന്ന്) അവതരിപ്പിച്ച് ആദരം പിടിച്ച് പറ്റാൻ സഹായിച്ചത് വെങ്കിച്ചൻ സ്വാമി ആയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പല്ലശ്ശന, തിരുവാലത്തൂർ എന്നീ ദേശക്ഷേത്രങ്ങളിൽ വേഷം കെട്ടുവാൻ സാധിച്ചു. 1111 മിഥുനത്തിൽ (1936 July English year) പനിപിടിച്ച് കിടപ്പിലായ ശങ്കരപ്പണിക്കർ താമസിയാതെ ഇഹലോകം വെടിഞ്ഞു.

ഏകദേശം അറുപത്തിനാലു വയസ്സോളമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ എന്നത് കഥകളിയ്ക്ക് നഷ്ടമാണ്.

ഒട്ടും തന്നെ ദുർമേദസ്സ് ഇല്ലാത്ത ദേഹം, നീണ്ട മൂക്ക്, നല്ല പല്ലുകളും വലിപ്പമുള്ള കണ്ണുകളും ഇങ്ങനെ ആയിരുന്നുവത്രെ ശങ്കരപ്പണിക്കരുടെ പ്രകൃതം. വേഷപ്പകർച്ച അസാമാന്യമായിരുന്നു. അലർച്ച കേമമായിരുന്നു. സ്ത്രീവേഷമൊഴികെ (ദുർലഭമായി അതും ഉണ്ടായിട്ടുണ്ട്) എല്ലാതരം വേഷങ്ങളും ശങ്കരപ്പണിക്കർ കെട്ടിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കിർമ്മീരവധം ലളിതയും ദുർലഭമായി കെട്ടിയിട്ടുണ്ട്. പച്ചയിലും കൂടുതൽ ഭംഗി കത്തിയ്ക്കാണ് എന്ന് അഭിപ്രായവും ഉണ്ട്. അദ്ദേഹത്തിന്റെ കീചകൻ കണ്ടിട്ടാണല്ലൊ താത്രിക്കുട്ടി ഭ്രമിച്ചത്. വീര ഹാസ്യരസങ്ങളെ പോലെ തന്നെ ശൃംഗാരവും ശങ്കരപ്പണിക്കർക്ക് നല്ലപോലെ വഴങ്ങിയിരുന്നു. തെക്കൻ കേരളത്തിൽ നിന്നും മടങ്ങിയതിനുശേഷം രസാഭിനയവും കേമമായിരുന്നു എങ്കിലും ഗോഷ്ഠി (ഗ്രാമ്യത) ഉണ്ടായിരുന്നു എന്ന് മലബാറിലുള്ളവർ പറഞ്ഞിരുന്നു. മാത്തൂരിൽ നിന്നും പല ആട്ടങ്ങളും അദ്ദേഹം കണ്ട് പഠിച്ചിരുന്നു. വേഷപ്രൌഢിയും അഴകുറ്റ മെയ്യും മോടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബാഹുകന്റെ ആട്ടങ്ങളെല്ലാം മാത്തൂരിൽ നിന്നും പഠിച്ചതാണ്. മലബാറിൽ മൂന്നാം ദിവസം നളചരിതത്തിന് പ്രചാരം വരുത്തുന്നതിൽ ശങ്കരപ്പണിക്കർക്ക് ഒരു പങ്കുണ്ടെന്ന് കെ.പി.എസ് മേനോൻ തന്റെ “കഥകളിരംഗം” എന്ന ഗ്രന്ഥത്തിൽ സ്മരിക്കുന്നു.
(കാവുങ്ങൽ ആശാനെ പറ്റിയുള്ള ഇത്രയും വിവരങ്ങൾക്ക്  ശ്രീ കെ.പി.എസ് മേനോന്റെ “കഥകളിരംഗം“ എന്ന പുസ്തകത്തിനോട് കടപ്പാട്)

കഥാനായിക ആയ കുറിയേടത്ത് താത്രിയുടെ മുഴുവൻ ജീവിതം ശങ്കരപ്പണിക്കരുടെ ജീവിതം പോലെ ആരാലും എഴുതി വെയ്ക്കപ്പെട്ടിട്ടില്യ. സാവിത്രി എന്ന് ശരിയായ പേർ. അന്ന് നമ്പൂതിരിസമൂഹത്തിനിടയിൽ ഓരോ ശരിയായ പേരിനും മറ്റൊരു വിളിപ്പേരുണ്ടായിരുന്നു. ചിലത് പറയാം, സാവിത്രി=താത്രി; ഉമ=നങ്ങേമ; ശ്രീദേവി=തേതി; രവി=ഇട്ടീരി; പരമേശ്വരൻ=പാച്ചു. എന്നിങ്ങനെ പോകും അത്. സാവിത്രി എന്ന താത്രിയുടെ ഭർത്തൃഗൃഹമായിരുന്നു കുറിയേടത്ത്. വിവാഹം ചെയ്ത് കൊടുത്ത നമ്പൂതിരി സ്ത്രീകൾക്ക് സ്വഗൃഹത്തിൽ ഒരു സ്ഥാനവും ഇല്യ. കന്യാദാനം എന്നാണ് പറയുക തന്നെ. തൃശ്ശൂർ ജില്ലയിലെ ആറങ്ങോട്ടുകര ദേശത്ത് കൽപ്പകശ്ശേരി മനയിൽ ജനിച്ച താത്രിയെ ചെമ്മന്തിട്ട ദേശത്തിലെ കുറിയേടത്ത് മനയിലേക്ക് ചെറു വയസ്സിൽ വിവാഹം ചെയ്ത് കൊടുക്കുകയാണ് ഉണ്ടായത്. ഇവരുടെ വിദ്യാഭ്യാസാദി കാര്യങ്ങളെ പറ്റി രേഖപ്പെടുത്തിയ ചരിത്രമില്യ. അന്ന് നിലവിൽ ഉണ്ടായിരുന്നത് പോലെ സംസ്കൃതം, മലയാളം ഭാഷകളിലും കഥകളി കൂടിയാട്ടം തുടങ്ങിയ കലകളിലും അവർ നിപുണയായിരിക്കാം. ചിത്രം വരക്കുമായിരുന്നു എന്ന് ഒക്കെ മാടമ്പിന്റെ നോവലിൽ കാണുന്നത് ഭാവനയുമായിരിക്കാം. ഇതെല്ലാം അനുമാനങ്ങൾ മാത്രം  ആണ്.

കുറിയേടത്ത് രാമൻ നമ്പൂതിരി ആണ് താത്രിയുടെ ഭർത്താവ്. രാമൻ നമ്പൂതിരിയുടെ ഏട്ടൻ ഇരിക്കെ തന്നെ ഏട്ടനു ശാരീരികവൈകല്യം ഉണ്ട് എന്ന് പറഞ്ഞ് ‘പരിവേദനം‘ നടത്തുകയാണുണ്ടായത്. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ കാര്യം കഷ്ടത്തിലായി. അനിയനു പകരം ഏട്ടൻ തന്നെ ആയിരുന്നു താത്രിയുമായി രാത്രി കഴിഞ്ഞത്. താത്രി ഒൻപത്-പത്ത് വയസ്സുകൾക്കിടയിൽ പീഢിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്മാർത്തവിചാരം രേഖകൾ പറയുന്നു. അവിടെ തുടങ്ങുന്നു താത്രിയുടെ പടവെട്ടൽ.

എറണാകുളത്തെ റീജിയണൽ ആർക്കീവ്സ് സെന്ററിൽ സ്മാർത്തവിചാരത്തില്‍ പെട്ട 66 പുരുഷന്മാരുടെയും പേരുവിവരങ്ങൾ സ്മാർത്തൻ പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയുടെ ഒപ്പോടുകൂടി തീയ്യതി: കൊല്ലവർഷം 1080 മിഥുനം 32 (ജൂലൈ-1905) സൂക്ഷിച്ചിട്ടുണ്ട്. മറ്റ് സ്മാർത്തവിചാരം രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു. പ്രസ്തുത അറുപത്തിയാറുപേരിൽ രണ്ടുപേർ സ്മർത്തവിചാരത്തിനു മുന്നേയോ ഇടയിലോ മരിച്ചു പോയിരുന്നു. അപ്പോൾ ഭ്രഷ്ടാക്കപ്പെട്ടവർ 64 പേർ.

താത്രിയെ സംബന്ധിച്ചും സ്മാർത്തവിചാരത്തെ സംബന്ധിച്ചും ദുരൂഹതകൾ ഏറെ ഉണ്ട്. ഭഷ്ട് കല്പിക്കപ്പെട്ട ‘സാധന‘ത്തെ പരിപാലിക്കുന്നത് പിന്നീട് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ രേഖകളിൽ താത്രിയെ ഭ്രഷ്ടിനു ശേഷം ചാലക്കുടിപ്പുഴയുടെ സമീപത്തുള്ള സർക്കാർ മഠത്തിലേയ്ക്ക് കൊണ്ടുപോയി എന്നാണ് അവസാനം രേഖപ്പെടുത്തിയിട്ടുള്ളത്. (വിക്കിപീഡിയയിൽ നിന്നും). ഇതിനുശേഷം താത്രിയുടെ ജീവിതത്തെ പറ്റി കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. എന്നാൽ താത്രി ഒരിക്കൽ ഇണങ്ങന്റെ ഗൃഹമായ കണ്ടഞ്ചാതമനയിൽ വന്നതായി പറയപ്പെടുന്നു. തെളിവുകൾ ഇല്യ. അടുക്കളദോഷസാഹിത്യരചയിതാക്കൾക്ക് താത്രിയുടെ ശേഷജീവിതം ഭാവനയ്ക്കും അതീതമാണെന്ന് തോന്നുന്നു.

താത്രിയുടെ കഥ പാടിപ്പാടി മിത്തോളം ഉയർന്ന് കവി ഗോവിന്ദനു ഈ മനോഹര ഖണ്ഡകാവ്യം എഴുതുവാൻ വളം നൽകിയൊരുക്കിയ മണ്ണായി കഴിഞ്ഞിരുന്നു. ഞാനും കേട്ടിരിക്കുന്നത് കീചകവേഷം അഴിക്കാതെ ചെല്ലാൻ താത്രി കാവുങ്ങൽ ആശാനോട് ആളയച്ചു പറഞ്ഞു എന്നാണു. അതുപോലെ തന്നെ കവി അത് കവിതയാക്കിയപ്പോൾ ഭംഗി കൂടി. താത്രിയുടെ മൊഴിയിൽ കീചകവേഷം ചൊല്ലിയാടി എന്നുണ്ട് എന്നോർക്കുക.
കാവുങ്ങലാശാനും താത്രിയുമായുള്ള സംഗമത്തിനു ഹേതുവായുള്ളത് ഇരയിമ്മൻ തമ്പി എഴുതിയ കീചകവധം എന്ന ആട്ടക്കഥയിലെ കീചകകഥാപാത്രമാണ്. പന്ത്രണ്ട് കൊല്ലം വനവാസവും കഴിഞ്ഞ് ഒരു കൊല്ലം അജ്ഞാതവേഷക്കാലത്ത് വിരാടന്റെ കൊട്ടാരത്തിലായിരുന്നു പാണ്ഡവരും അവരുടെ ധർമ്മപത്നി ദ്രൗപദിയും. ദ്രൗപദി വിരാടരാജ പത്നിയുടെ സൈരന്ധ്രി ആയി മാലിനി എന്ന പേരിൽ ആണ് കഴിയുന്നത്. വിരാടരാജാവ് വൃദ്ധനാണ്. അദ്ദേഹത്തിന്റെ സ്യാലനാണ് കീചകൻ. വിരാടസൈന്യാധിപൻ കൂടെ ആണ് കീചകൻ. ആയിരം ആനകളുടെ ബലമാണ് കീചകനെന്നാണ് കഥ. സൂതരാജാവായ കേകയന്റെ പുത്രനാണ് കീചകൻ.

സൈന്യാധിപനായ കീചകൻ, പൂവറുക്കുന്ന സൈരന്ധ്രിയായ പാഞ്ചാലിയെ ഉദ്യാനത്തിൽ വെച്ച് കാണുന്നു. കാമമോഹിതനായി മാലിനിയെ സമീപിക്കുന്നു. മാലിനി എന്ന ദ്രൗപദി സ്വാഭാവികമായും നിരസിക്കുകയും തനിക്ക് അതി ബലവാന്മാരായ അഞ്ച് ഗന്ധർവന്മാർ ഭർത്താക്കന്മാരായിട്ടുണ്ട്,

വഞ്ചനയല്ലിന്നു മമ പഞ്ചബാണ സമന്മാരാ-
യഞ്ചുഗന്ധര്‍വ്വന്മാരുണ്ടു പതികള്‍ ,
പാരം കുശലമതികള്‍ ,
ഗൂഢഗതികള്‍ , കളക കൊതികള്‍ ,
കരുതിടേണ്ട ചതികള്‍
(കീചകവധം ആട്ടക്കഥ - ഇരയിമ്മൻ തമ്പി http://www.kathakali.info/ml/node/1424)

keechakan and sairandhri picture from mudrasociety_org.jpg
സൈരന്ധ്രി മുകളിലെ വരികൾ കീചകനോട് പറയുന്നു. ചിത്രത്തിനു കടപ്പാട്: www.mudrasociety.org

എന്ന് പറയുകയും സീതയെ കട്ട് കൊണ്ടുപോയ രാവണന്റെ ഗതി കീചകനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ പാഞ്ചാലി അഞ്ചുഗന്ധർവ്വന്മാരുടെ കഥ പറയുന്ന സമയത്ത്, കീചകൻ മനോധർമ്മമായി പാഞ്ചാലിയോട് പറയുന്ന ഒരു കാര്യത്തോടെ ആണ് കവി തന്റെ ഖണ്ഡകാവ്യം തുടങ്ങുന്നത്.

മനോധർമ്മമായി പറയുന്നത് ആട്ടക്കഥാകാരൻ എഴുതിയതാവില്ല. എന്നാൽ ഔചിത്യദീക്ഷയോടെ യുക്തിസഹം ആടുന്ന നടൻ സ്വയമായി ഉണ്ടാക്കി കാണിക്കുന്നതാണ്. അത് നടന്റെ കഴിവിനെ കാണിക്കുന്നു. ഇവിടെ കീചകന്റെ സ്വാഭാവികമായ ചോദ്യം, അല്ലയോ മാലിനി നിനക്ക് അഞ്ച് പേർ ഭർത്താക്കന്മാരായിട്ട് ഉണ്ടെങ്കിൽ ആറാമതായി എന്നെ കൂടെ വേൾക്കൂ; അതുമല്ലെങ്കിൽ അഞ്ചുപേരേയും വിട്ട് എന്റെ ഒപ്പം വരൂ എന്നതാണ്.

നമുക്ക് വായന തുടങ്ങാം.

No comments:

Post a Comment