കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം പതിനൊന്ന്


കാലത്തിനുണ്ടുകളിയോഗം സ്വന്തമായ്
ലോകമരങ്ങു അണിയറയും.
ഓരോരോവേഷവും തന്‍കഥയാടിനി-
ന്നോര്‍ക്കാപ്പുറത്തേ പിരിഞ്ഞുപോണം.
ചെല്ലുന്നിടത്തും കളിയോഗം കാണുമൊ?
ചൊല്ലാന്‍ തിരിച്ചിങ്ങുവന്നതാരോ !

കഥ തീരാറായി. കവിയ്ക്ക് ഈ ലോകം തന്നെ അരങ്ങും അണിയറയുമാക്കുകയാണ് കാലം എന്ന് തോന്നുന്നു. എല്ലാവരും അവനവന്റെ വേഷം ആടി തീർക്കണം. ആരെപ്പോൾ ആട്ടം തീർന്ന് പോകും എന്ന് അറിയാൻ പറ്റില്ല. ആട്ടം തീർന്ന് ചെല്ലുന്ന സ്ഥലത്തും കളിയോഗം ഉണ്ടാകുമോ? അതിനു ആട്ടം തീർത്ത് പോയവർ ആരും തന്നെ, കളിയോഗം ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് തരാനായി മടങ്ങി അരങ്ങിൽ വന്നിട്ടില്ല. (മരണത്തിനുശേഷം ആരും പുനർജനിച്ച് നമ്മുടെ മുന്നിൽ നിന്ന് വന്ന് നിന്നിട്ടില്ലല്ലൊ.)

മുപ്പത്തിയഞ്ചിലായ് നൂറ്റാ,ണ്ടതിന്‍ മുന്‍പു
മൂത്തപണിക്കര്‍ വിടപറഞ്ഞു.
നൈഷധം ആട്ടക്കഥ മാത്രമല്ല, തന്‍-
ജീവചരിത്രവുമെന്നു കാട്ടി,
ഭ്രഷ്ടാം കലിയെ വിരട്ടി, മലനാട്ടി-
നിഷ്ടകലയ്ക്ക് കരുത്തുകൂട്ടി.
അന്യപ്പെടാത്ത വരധന്യജീവിതം
മന്നില്‍ മറ്റെന്തഭിരാമമേവം ?
നല്ലവരാരും മരിക്കുന്നതില്ലവര്‍
തന്നിടം മാറിയിരിക്കയല്ലീ !

അങ്ങനെ കവിതയിൽ നിന്നും മറ്റൊരു കഥാപാത്രം കൂടെ പോവുകയാണ്. ഓരോരുത്തരും വരുമ്പോഴും പോകുമ്പോഴും കാലം തന്നെ മാറും.  1936ൽ കാവുങ്ങൽ ശങ്കരപണിക്കർ ഇഹലോകവാസം വെടിഞ്ഞു. വെറുമൊരു ആട്ടക്കാരനല്ല താനെന്നും നളചരിതം ആട്ടക്കഥ മാത്രമല്ല തന്റെ ജീവിത ചരിത്രവും എന്ന് കാവുങ്ങൽ ശങ്കര പണിക്കർ താൻ നയിച്ച ജീവിതത്തിലൂടെ തെളിയിച്ചു. (നൈഷധം ആട്ടക്കഥ എന്നത് നളചരിതത്തിനെ ഉദ്ദേശിക്കുന്നു. അതും ഒരു വേർപാടിന്റെ കഥ ആണല്ലൊ. നിഷധരാജാവായിരുന്നു നളൻ എന്നതിനാൽ നൈഷധൻ എന്ന പേർ. നളൻ ദമയന്തിയുമായി വേർപെട്ട് ഋതുപർണ്ണ രാജധാനിയിൽ കുതിരാലയത്തിൽ സേവകനായിരുന്നു. കാവുങ്ങൽ ആശാൻ തിരുവിതാംകൂർ രാജാവിന്റെ സേവകനായി കഴിഞ്ഞു. സാമ്യതകൾ അങ്ങനെ ധാരാളം.) കാവുങ്ങൽ ശങ്കരപണിക്കരുടെ ജീവിതത്തിൽ കലിയായി വന്നത് സമൂഹം കൽപ്പിച്ച് കൊടുത്ത ഭ്രഷ്ട് ആയിരുന്നു. ആ കലിയേയും അദ്ദേഹം മനോധൈര്യം കൊണ്ട് ആട്ടിയകറ്റി. ആർക്കും അടിമപ്പെടാതെ ആത്മാഭിമാനത്തോടെ ജീവിക്കുക എന്നതിൽ കഴിഞ്ഞ് കൂടുതൽ ഈ ലോകത്ത് മറ്റെന്താണ് വേണ്ടത്? അങ്ങനെ കഴിഞ്ഞ നല്ലവർ ഒരാളും മരിക്കുകയല്ല ചെയ്യുന്നത് തങ്ങൾ ഇരിക്കുന്ന ഇടം ഒന്ന് മാറി ഇരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് കവി പറയുന്നു.

'ഇല്ലത്തെ ദാസിപ്പെണ്ണല്ല കഥകളി
ചെല്ലക്കിടാത്തിയായിന്നെല്ലാവര്‍ക്കും
വേരും വിളയും പെരുകി, വേനല്‍ക്കാല-
വേലയായ് ഇക്കല വേര്‍പ്പിലാടി.
കല്ലയും മാലയും ചാര്‍ത്തിയ കന്നികള്‍
കല്യാണിയാള്‍ക്കുറ്റ തോഴിമാരായ്.
തച്ചോളിഒതേനനും ഭീമനും കൃഷ്ണയും
ആര്‍ച്ചയുമൊത്തു കളിക്കളത്തില്‍.
കാവുങ്ങലാശാന്‍ നടത്തി കലാപങ്ങള്‍:
കാലടിപ്പാടുകള്‍ സാക്ഷ്യപത്രം.'

ഇല്ലങ്ങളിലെ മുറ്റത്തു നിന്നും കഥകളി എന്ന കലയെ മോചിപ്പിച്ച് വിശാലമായ പുറം ലോകത്തേക്ക് കൂട്ടിക്കൊണ്ട് വന്നു കാവുങ്ങൽ ആശാൻ. അതിനാൽ ധാരാളം അരങ്ങുകളും പേരും പെരുമയും കഥകളിയ്ക്കും കളിക്കാർക്കും കിട്ടി. (സാധാരണ വേനൽക്കാലമാണ് കഥകളി സീസൺ. വർഷക്കാലത്ത് ചവുട്ടി ഉഴിയലും മറ്റ് കളരി അഭ്യസനങ്ങളും ഒക്കെ ആയിരിക്കും. വേനൽക്കാലത്തല്ലെ കണ്ടങ്ങളും ഒഴിഞ്ഞ് കിടക്കൂ.) തച്ചോളി ഒതേനന്റേയും ഉണ്ണിയാർച്ചയുടേയും ഭീമന്റേയും ദ്രൗപദിയുടേയും ഒക്കെ കഥകൾ അങ്ങനെ നാട്ടിൽ കഥകളി മാത്രമല്ല,പല ജനകീയകലകളേയും ഉപാധിയാക്കി ആടി. ഇവിടെ കവി കല എന്നത് സമൂഹത്തിലെ ഉന്നതർക്ക് മാത്രമായി ആസ്വദിക്കാനുള്ളതല്ല എന്നും അത് സാധാരണക്കാർക്ക് കൂടെ ഉള്ളതാണെന്നും ആണ് എന്ന് ഓർമ്മിപ്പിയ്ക്കുന്നു. ആടണ്ടതും പാടന്നതും ദൈവകഥകൾ മാത്രമല്ല മറിച്ച് നാട്ടിൽ നടന്ന ഒതേനന്റേതുപോലെ ഉള്ള വീരേതിഹാസങ്ങളും വേണം.
കാവുങ്ങൽ ശങ്കര പണിക്കരുടെ ജീവിതയാത്രയിലെ കാലടിപ്പാടുകൾ അദ്ദേഹം നടത്തിയ കലാപങ്ങളുടെ സാക്ഷ്യപത്രം കൂടി ആണ്.

ആലോചിച്ചോട്ടിടനില്‍ക്കുന്നു വള്ളത്തോള്‍
കാലോചിതം കലാസംക്രമങ്ങള്‍,
വെട്ടത്തുനാട്ടിന്‍റെ സന്തതി, തുഞ്ചന്റെ-
ഈറ്റില്ലം തന്നിലേ താന്‍ പിറന്നു.
തൊട്ടിലിലാടി വളര്‍ന്നു കിളിപ്പാട്ട്
കേട്ടും, കളിക്കളക്കൂത്തുകണ്ടും.

കാലം പിന്നീടും കഴിഞ്ഞു. മാറ്റങ്ങൾ എല്ലാം കാലത്തിനനുസരിച്ച് തന്നെ എന്ന് ആലോചിച്ച് വള്ളത്തോൾ നിൽക്കുന്നു. (കവിയായ വള്ളത്തോൾ നാരായണ മേനോൻ ആണ് കഥകളിയെ ജീർണ്ണതയിൽ നിന്നും രക്ഷിച്ച് ഇന്ന് കാണുന്ന അവസ്ഥയിൽ ആക്കിയത്. കേരള കലാമണ്ഡലം സ്ഥാപിക്കാൻ മുൻകൈ എടുത്തതും പരിശ്രമിച്ചതും അദ്ദേഹം തന്നെ എന്ന് പ്രസിദ്ധം) തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടിലാണ് താൻ ജനിച്ചതും വളർന്നതും. കിളിപ്പാട്ട് കേട്ടും കളിയും കൂത്തും ഒക്കെ കണ്ടും കേട്ടുമാണ് താൻ വളർന്നത്.

വല്ലഭരായവര്‍ വാദവിധികളാം
വില്ലും‍കണയുമായ് വന്നെതിര്‍ക്കാം.
തെല്ലും പതറാതെ ചെയ്യേണ്ടതെന്തതു-
ചെയ്യുകചൊവ്വായ് ചുണവിടാതെ.
ജന്മാവകാശമിതൊന്നേ മനുഷ്യനു
സമ്മാനമായ് നല്‍കി സാക്ഷാലീശന്‍.

കാവുങ്ങൾ എന്താണോ കഥകളിയുക്കും കലയ്ക്കും ചെയ്തത് അതിലധികം വള്ളത്തോൾ ചെയ്തിരിക്കാം. എന്നാലും രണ്ട് കൂട്ടർക്കും പൊതുവായി ഉള്ള പലഗുണങ്ങളും ഉണ്ടായിരുന്നു. അവനവൻ തീരുമാനിച്ച് ഉറച്ച ലക്ഷ്യം നേടുക തന്നെ ചെയ്യാനുള്ള മനക്കരുത്തും ധൈര്യവും. വില്ലും കണയുമായി ആരെതിർത്താലും ഒരു തെല്ലും പതർച്ച ഇല്ലാതെ നേരിടും. ലക്ഷ്യം നേടുക എന്നത് ജന്മാവകാശമാണ് എന്ന് തോന്നുന്നതരത്തിൽ ആയിരുന്നു അവരുടെ പ്രവൃത്തികൾ.

ഊന്നുവടിയുമായ് ഊരെങ്ങും തെണ്ടുവാന്‍
തന്നെ വള്ളത്തോള്‍ തുനിഞ്ഞിറങ്ങി
ഭിക്ഷയാചിച്ചു നടന്നു മഹാകവി,
ബുദ്ധനും ഗാന്ധിയും ചെയ്തപോലെ.
രക്ഷിക്കാന്‍ മുന്നോട്ടു നീങ്ങിയാല്‍, കൈനീട്ടി
ഭിക്ഷയിരുന്നാലേ ദീക്ഷയുള്ളൂ.
തൊട്ടിലില്‍ കൈകാല്‍ കുടഞ്ഞുകളിക്കുന്ന
കുട്ടിയെ കയ്യിലെടുത്തുകൊഞ്ചി,
നാലാളെക്കാണിക്കാനുത്സുകം വാത്സല്യ-
മോലുന്ന കാരണോരെന്നപോലെ,
പെട്ടിയില്‍ പൂട്ടിക്കിടന്ന കലാവിദ്യ
തട്ടിക്കുടഞ്ഞു പുറത്തെടുത്തു,
തെക്കും വടക്കും കിഴക്കും പടിഞ്ഞാറും
ദിക്കായദിക്കെങ്ങും സഞ്ചരിച്ചു.
കേരളത്തിന്‍റെ മഹാകവി, കേവഞ്ചി
കേറി, തീവണ്ടി; വിമാനമേറി.

മഹാകവി വള്ളത്തോൾ നാരായണ മേനോൻ നടക്കുമ്പോൾ ഒരു ഊന്നുവടി എപ്പോഴും കയ്യിലുണ്ടാവുമായിരുന്നു. അദ്ദേഹത്തിനു ചെവികേൾക്കാൻ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം കഥകളിയുടെ ഉന്നമനത്തിനായി കലാമണ്ഡലം സ്ഥാപിച്ചു. സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികസഹായത്തിനായി അദ്ദേഹവും കലാമണ്ഡലം കഥകളിയോഗവും കൂടെ നാടാകെ നടന്നും ടിക്കറ്റ് വെച്ചും കഥകളി അരങ്ങുകൾ നടത്തി. അതും പോരാത്തതിനു വള്ളത്തോൾ ധന്യാഢ്യരുടെ അടുത്ത് സ്വമേധയാ പോയി കലാമണ്ഡലത്തിനു വേണ്ടി സാമ്പത്തികസഹായം നൽകാൻ യാചിച്ചു. കൂടുതൽ അറിയാൻ കലാമണ്ഡലത്തിന്റെ ചരിത്രം വായിക്കുക.
അങ്ങനെ അനങ്ങാൻ വയ്യാതെ കിടന്നിരുന്ന കഥകളിയാകുന്ന കുട്ടിയെ മഹാകവി വള്ളത്തോൾ കയ്യിലെടുത്ത് വാത്സല്യം കാണിക്കാൻ തുടങ്ങി, മറ്റുള്ളവരുടെ അടുത്ത് കൊണ്ടുപോയി കാണിക്കാൻ തുടങ്ങി. അതിനായി സകലവിദ്യകളും അദ്ദേഹം ചെയ്തു. അദ്ദേഹം തീവണ്ടിയും വിമാനവും കാറിലും മറ്റും കയറി നാനാദിക്കിലേക്കും സഞ്ചരിച്ചു. അശ്രാന്തപരിശ്രമം ചെയ്തു.
കൈനീട്ടി ഭിക്ഷ ഇരന്നാലേ ദീക്ഷയുള്ളൂ. ദീക്ഷ എന്നാൽ ഒരാൾ മറ്റൊരാൾക്ക് ഒരു പ്രത്യേക സാഹചര്യത്തിനുവേണ്ട മന്ത്രം ചൊല്ലിക്കൊടുക്കുന്നതാണ്. അല്ലെങ്കിൽ വിദ്യ അഭ്യസിപ്പിക്കുന്നതാണ്, വ്രതം എടുക്കുന്നതാണ്. ഇതിനൊക്കെ ദീക്ഷ എന്ന് പറയാം. ഇവിടെ കഥകളിയുടെ ഉന്നമനം ആയിരുന്നു വള്ളത്തോളിന്റെ ദീക്ഷ. അത് തുടങ്ങുന്നത് ഭിക്ഷ യാചിച്ചിട്ടായിരുന്നു. (കലാമണ്ഡല ചരിത്രം നോക്കുക)

നാടുചുറ്റുന്നു കലാമണ്ഡലം കളി,
നാലുദിശിയുമരങ്ങൊരുക്കീ
ലോകമറിഞ്ഞു കഥകളിപ്പെട്ടിയില്‍
മൂകമുറങ്ങിയമുഗ്ധശില്‍പ്പം.
ചിത്രവര്‍ണ്ണോജ്വലപാത്രങ്ങള്‍, വേഷങ്ങള്‍
എത്രപുരാണം പുതുമ ചൂടി!
രാത്രിനേരത്തരങ്ങത്തവതാരമായ്
പാര്‍ത്തലം കോരിത്തരിച്ചിരുന്നു.
കണ്ടുവോ, പണ്ടിതുപോലെ ഒരു കളി-
കണ്ടുവോ? ചോദ്യത്തില്‍ നിന്നു ചോദ്യം.
ഭ്രഷ്ടന്‍റെ പിന്മുറപാറിപ്പറക്കുന്ന
ധാര്‍ഷ്ട്യം, പാരെങ്ങും കളിയരങ്ങ് !

വള്ളത്തോളിന്റേയും സംഘത്തിന്റേയും അശ്രാന്തപരിശ്രമം കൊണ്ട് ഇന്ന് കലാമണ്ഡലവും കഥകളിയും പേരും പ്രശസ്തിയും ആർജ്ജിച്ചു. (കലാരംഗത്തുള്ള രാജ്യത്തെ ആദ്യ ഡീംഡ് സർവ്വകലാശാലയാണ് കേരള കലാമണ്ഡലം ഇന്ന് എന്ന് ഓർക്കുക. കേന്ദ്ര സർക്കാറിന്റെ കീഴിലാണത് ഇന്ന്.) അതിനാൽ കഥകളി എന്ന കലയെ പറ്റി ലോകം അറിഞ്ഞു. പല പല പുതിയ കഥകളും ചിട്ടപ്പെടുത്തി ആടിതുടങ്ങി. രാത്രി നേരത്ത് വരുന്ന അവതാരമായി കഥകളി. അത് കണ്ട് പാരാകെ കോരിത്തരിച്ചിരുന്നു. സഹൃദയർ ഇതുപോലെ ഒന്ന് മുന്നേ കണ്ടിട്ടുണ്ടോ എന്ന് അത്ഭുതം പൂണ്ടു. ഭ്രഷ്ടന്റെ, ബഹിഷ്കൃതന്റെ ധാർഷ്ട്യം, അവന്റെ പിന്മുറക്കാരുടെ ധാർഷ്ട്യം എന്നതുകൊണ്ടാണ് കഥകളിയ്ക്ക് പാരാകെ കളി അരങ്ങ് ആയി മാറിയത്. (ഇന്ന് രാത്രി മുഴുവൻ കളി വളരെ ചുരുക്കം. വൈകുന്നേരം തുടങ്ങി രാത്രി പത്ത് പത്തരയോടേ തീരുന്ന അരങ്ങുകൾ ആണ് അധികവും.)

വേലിവിലക്കുകള്‍ മാവേലിനാട്ടിലെ
വേദത്തില്‍ വേരൂന്നിനില്‍ക്കയില്ല.
മാലോകരേകം കലയില്‍; കലഹത്തിന്‍
കാലാഹരണമതിന്‍റെ ലക്ഷ്യം.

കേരളനാട്ടിന്റെ സംസ്കാരത്തിൽ കലയെ വേലികെട്ടി മാറ്റിനിർത്തലോ വിലക്ക് കൽപ്പിച്ച് മാറ്റിനിർത്തലോ ഒന്നും തന്നെ അധികം നീണ്ട് നിൽക്കില്ല. അതിനുകാരണം മാവേലി നാടിന്റെ സംസ്കാരം തന്നെ. ഈ സംസ്കാരത്തിൽ നാനാജാതി മതസ്ഥരും കീഴാളമേലാളഭേദം കൂടാതെ ഒന്നാണ്. കലയുടെ ലക്ഷ്യവും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ ആണ് എന്ന് ഫലശ്രുതിയോടെ കവിത സമാപിയ്ക്കുന്നു.

കൂടുതൽ വായിക്കാൻ ചില ലേഖനങ്ങൾ:-

കുറിയേടത്ത് താത്രി കുട്ടി എന്ന സാധനം - വി. ടി .ഭട്ടതിരിപ്പാട്
കലയും കാമവും - എം. ഗോവിന്ദൻ
കലയും കലാപവും - എം. ഗോവിന്ദൻ
തിരനോട്ടം - എം. ഗോവിന്ദൻ
എന്റെ ‘അകത്തുള്ള ആളുകളേ‘ വാഴ്ക! - എം. ഗോവിന്ദൻ
‘സ്ത്രീയേ എനിക്കും നിനക്കും തമ്മിൽ ബന്ധമെന്ത് ‘? - എം. ഗോവിന്ദൻ

===================ശുഭം==========================

ഭാഗം പത്ത്


അത്താണിമേല്‍ ഊക്കന്‍ പെട്ടികള്‍, ആല്‍ച്ചോട്ടില്‍
കുത്തിയിരിക്കുന്നു പുത്തനാള്‍ക്കാര്‍.
നാട്ടുകാരാരാഞ്ഞറിഞ്ഞു: 'കാവുങ്ങലും
കൂട്ടരും; കളിമുറ്റം തേടിയെത്തി'

അങ്ങനെ കാവുങ്ങൽ ശങ്കരപണിക്കർ നാട്ടിലെത്തി തന്റെ പുതിയ ജീവിത യാത്ര തുടങ്ങി.  മലബാറിലും കൊച്ചിയിലും അക്കാലത്ത് അധികവും കഥകളി അരങ്ങുകൾ ഉണ്ടായിരുന്നത് ജന്മിഗൃഹങ്ങളിൽ ആയിരുന്നു. ഭ്രഷ്ടനാക്കപ്പെട്ടതുകൊണ്ട് കാവുങ്ങൽ ശങ്കരപണിക്കരെ ആരും തന്നെ കളിയ്ക്ക് വിളിച്ചിരുന്നില്ല. സമൂഹത്തിൽ നിന്ന് തന്നെ ഭ്രഷ്ടനായവനാണല്ലൊ ശങ്കരൻ. അങ്ങനെ ഉള്ള ശങ്കരനു തന്റെ പുതിയയാത്രയിൽ കളിയ്ക്കാൻ അരങ്ങുകൾ വേണം. എന്തായാലും ഒരു ജന്മിഗൃഹങ്ങളിലും അത് കിട്ടില്ല. കാവുങ്ങൽ ശങ്കരൻ നാട് മുഴുവൻ കഥകളിപ്പെട്ടിയുമായി കളിയോഗത്തിനോടൊപ്പം കളിയരങ്ങുകൾ അന്വേഷിച്ച് നടന്നു. ഭാരമുള്ള ഊക്കൻ കഥകളി പെട്ടികൾ അത്താണിമേൽ ഇറക്കി വെച്ച് ആൽമരച്ചോട്ടിൽ ഇരുന്ന ക്ഷീണം തീർത്തു.

കാവുങ്ങല്‍ ശങ്കരന്‍, ഭ്രഷ്ടന്‍, അറുപത്തി-
നാലിലൊരുത്തൻ, കുരുത്തം കെട്ടോന്‍.
ഭ്രഷ്ടനു ഭ്രഷ്ടുകലയിലും, ഇല്ലത്തെ
മുറ്റത്തവനിനി ആട്ടമില്ല.'
ആശാനും കൂട്ടരും കേട്ടു; കോലാഹലം
ആലിന്‍ തണലിലും ചെന്നലച്ചു.

കളിയരങ്ങ് തേടി നടക്കുന്ന ശങ്കരപണിക്കരേയും സംഘത്തേയും കണ്ട് ചിലർ പറഞ്ഞു: “കാവുങ്ങൽ ശങ്കരൻ സമൂഹത്തിൽ നിന്നും നിഷ്കാസിതനാക്കപ്പെട്ടവനാണ്. അതിനാൽ തന്നെ അവനെ കഥകളിയിൽ നിന്നും കൂടെ ഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. അവന്റെ കളി ഈ മുറ്റത്ത് വേണ്ടാ. കടന്ന് പോ.“
ഇത് ആശാനും കേട്ടു. പക്ഷെ കുലുങ്ങിയില്ല. ആശാനു തന്റെ മോഹങ്ങൾ സാധിക്കാൻ ഇതല്ലാതെ വേരെ വഴിയും ഇല്ലായിരുന്നു.

മുറ്റത്തെ മുത്തങ്ങപ്പുല്ലോ കഥകളി
കറ്റയുണ്ടെങ്കില്‍ കളങ്ങള്‍ കാണും.
ആടലും പാടലും താളമേളങ്ങളും
ആത്മാനുഭൂതിതന്‍ സ്പന്ദനങ്ങള്‍.
ജീവന്‍ മനുഷ്യനിലുണ്ടോ, കലകള്‍ക്കും
ജീവചൈതന്യം, മരണമില്ല.

കഥകളി എന്നത് ജന്മിഗൃഹങ്ങളിലെ മുറ്റത്തുള്ള മുത്തങ്ങപ്പുല്ല് അല്ല. അത് കലയാണ്. മനുഷ്യജീവൻ നിലനിൽക്കുന്നിടത്തോളം കാലം കലയും നിലനിൽക്കും. കലകൾക്ക് ജീവചൈതന്യവുമുണ്ടാകും. കഥകളി ആടുന്നതും പാടുന്നതും എല്ലാം ആത്മാനുഭൂതി ആണ്. അത് ആർക്കും നിരാകരിക്കാനൊ നിരസിക്കാനോ പറ്റില്ല.

ഇല്ലത്തിറയത്തു ചെല്ലേണ്ട, നെല്‍പ്പാടം
ചൊല്ലിയാട്ടത്തിന്‍ ചുണക്കളങ്ങള്‍.
പച്ചയില്‍, മഞ്ഞയില്‍ ഉച്ചമാം ചോപ്പിലും
ഒച്ചവച്ചാര്‍ക്കും കരിമുകിലില്‍,
തട്ടങ്ങളിട്ടു തലയലം‍കാരമായ്
തിത്തിത്തൈപാടും തരുപ്പടര്‍പ്പില്‍
ദൂതു ചൊല്ലാന്‍ വരും കണ്ണന്‍, കരിക്കോലില്‍
കൌതുകം കൊള്ളും ഹലായുധന്മാര്‍.
വാല്‍പൊക്കിയെത്തുന്ന വാനരസേനകള്‍,
വാരിയില്‍ കാത്തുവാഴും ബകന്മാര്‍,
അന്തിയണിഞ്ഞ നിണത്തില്‍ നിലവിളി
അംബുധി കൈപൊക്കി അട്ടഹാസം.

ജന്മിഗൃഹങ്ങളുടെ ഇറയത്ത് ഇറങ്ങി കളിക്കണ്ട കാര്യമില്ല. നമുക്ക് വിശാലമായ നെൽപ്പാടങ്ങൾ ഉണ്ട്. അതാകട്ടെ ഇനി ചൊല്ലിയാടാനുള്ള കളങ്ങൾ, കളരികൾ. നെൽപ്പാടങ്ങളുടെ പച്ചപ്പിലും, ഒച്ചവെച്ച് പെയ്യുന്ന കറുത്ത മഴ മേഘങ്ങളിലും. മഞ്ഞ വെയിലിലും സന്ധ്യകളുടെ ചുവപ്പിലും, മഴയത്തും കാറ്റിലും ആടിയുലയുന്ന മരങ്ങളുടെ കൂട്ടത്തിലും എല്ലാം ദൂതുചൊല്ലാൻ വരുന്ന കൃഷ്ണനും കലപ്പ ആയുധമാക്കിയ ബലരാമനും (ഹലായുധൻ), വാനരസേനകളും, വഴിയിൽ ഭക്ഷണം കാത്തുനിൽക്കുന്ന ബകനും എല്ലാമുണ്ട്. (വാരി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉള്ളതിൽ ഒന്ന് വഴി എന്നാണ്. കഥകളിയിലെ വേഷങ്ങൾ തിരിച്ചിരിക്കുന്നത് പച്ച, കത്തി, ചുവന്നതാടി, കരി, എന്നിങ്ങനെ ആണെന്ന് ഓർക്കുക). അന്തിയുടെ ചുവപ്പിൽ ചോരപുരണ്ട നിണത്തിന്റെ അലർച്ച സമുദ്രത്തിന്റെ അലയടികളിൽ അലർച്ച എന്നിവയെല്ലാം കേൾക്കാം. (നിണം എന്നത് ഒരു പ്രത്യേക വേഷമാണ് കഥകളിയിൽ. മൂക്കും മുലയും മുറിച്ചെടുക്കപ്പെട്ട സ്ത്രീ കഥാപാത്രമാണ് നിണം. ദേഹമാകെ ചോരയും മാംസം തൂക്കിയിട്ടും അലറിവിളിച്ച് ഒരു ഭീഭത്സരൂപമായാണ് നിണം പ്രത്യക്ഷപ്പെടുക.)

വേലയില്‍നിന്നും വേറിട്ടതില്ലിക്കല,
വേര്‍പ്പില്‍ കുതിര്‍ന്ന കതിരിഴകള്‍.
കാലവര്‍ഷങ്ങള്‍ വരട്ടെ, കൊടും വേന-
ലാവട്ടെ, കേളി മുടക്കമില്ല.
നാടോടിപ്പാട്ടിലും വീരകഥയിലും
ചോടും ചുമലും ചമഞ്ഞൊരുങ്ങി.
ആടിപ്പതിഞ്ഞതീമണ്ണും, മനോരഥം-
ഓടിച്ചു മോടിതകഞ്ഞകണ്ണും.

പ്രകൃതിയുമായി വളരെ ഒട്ടിച്ചേർന്ന് നിൽക്കുന്ന ഈ കല മനുഷ്യാദ്ധ്വാനം കൂടെ ആണ്. അതിനാൽ കാലവർഷങ്ങൾ, കൊടും വേനലുകൾ എല്ലാം മാറി മാറി വന്നാലും കേളി മുടക്കമില്ല. അതിന്റെ തെളിവുപോലെ നമ്മുടെ നാടോടിപ്പാട്ടുകളും വീരകഥകളും നമുക്ക് ധാരാളമുണ്ട്. അതെല്ലാം കേട്ടും കണ്ടും അനുഭവിച്ചും ജീവിച്ച മനുഷ്യരാണ് നമ്മൾ.

ഉല്‍പ്പതിഷ്ണുക്കള്‍ ചെറുപ്പക്കാരൊട്ടുപേര്‍
ഉത്സാഹവാന്മാരവിടെയെത്തി.
'നല്ല കലയുമായ്‍വന്ന കാര്‍ന്നോന്മാരെ
നല്‍വരവേല്‍പൊരുക്കുന്നു ഞങ്ങള്‍
കുണ്ടും കുഴിയുമായ് മുണ്ടകക്കണ്ടങ്ങള്‍
രണ്ടും കിളച്ചു നിരപ്പിലാക്കാം
അല്‍പമേനക്കേടുണ്ടാകാം മെനക്കെടും,
മൂപ്പരുമെപ്പേരുമ്മാപ്പരുള്‍ക.'

കാവുങ്ങൽ ശങ്കരപ്പണിക്കരേയും കൂട്ടരേയും കണ്ട് ചിലർ മുഖം തിരിച്ചു എങ്കിലും, ഉൽപ്പതിക്ഷ്ണുക്കളായ ചെറുപ്പക്കാർ പലരും അവരെ സഹായിക്കാൻ കൂടി. അവർ പറഞ്ഞു: “ കലാവൈഭവമുള്ള നിങ്ങളെ ഞങ്ങൾ വരവേൽക്കുന്നു. നമ്മുടെ മുണ്ടകകണ്ടങ്ങൾ കൊയ്ത്തു കഴിഞ്ഞ് മൺകട്ടകൾ മാത്രം ആയി കിടക്കുകയാണ്. അവ നമുക്ക് കിളച്ചും ഇടിച്ചും നിരപ്പാക്കി അവിടെ അരങ്ങ് നിർമ്മിക്കാം. അൽപ്പം ബുദ്ധിമുട്ടാണെങ്കിലും ഇതേ വഴി ഉള്ളൂ നിങ്ങൾ മാപ്പ് തരണം അതിന്.“
(ഞാൻ കണ്ട കളിയരങ്ങുകൾ മിക്കതും ഇത് പോലെ കൊയ്ത് കഴിഞ്ഞ കണ്ടങ്ങളിലെ കട്ടകൾ ഉടച്ച് നിരപ്പാക്കി അതിനുമുകളിൽ പരമ്പുകൾ ഇട്ട് നാലു കവുങ്ങിൻ കാലുകൾ നാട്ടി മൂന്ന് സൈഡും പട്ടകൾ കൊണ്ട് മറച്ച് ഉള്ളതായിരുന്നു എന്ന് ഓർക്കുന്നു. ഇന്ന് അതും മാറി. കാലത്തിനൊത്ത് ഓഡിറ്റോറിയങ്ങളിലോ ഹാളുകളിലോ ആയി കഥകളി. മുഴുരാത്രി കളികളും നന്നേ ചുരുങ്ങി)

കെട്ടിപ്പുണരുന്നവരെ കളിക്കൂട്ടം:
'മക്കളെ, നിങ്ങളേ രക്ഷിതാക്കള്‍!'
കാണികള്‍ തന്നെയൊരുക്കിയരങ്ങുകള്‍
കാലത്തു കൈക്കോട്ടു കയ്യിലേന്തി-
പട്ടിണിപെട്ടിട്ടും നാട്ടിന്‍പുറം അതിന്‍
നട്ടെല്ലുപൊട്ടാതെ കാത്തുവച്ചു:
പാട്ടബാക്കിക്കുള്ള കൂട്ടങ്ങള്‍ കോര്‍ട്ടിലും
ആട്ടക്കഥകള്‍ മാര്‍ത്തട്ടിലുമായ്.

ചോരത്തിളപ്പുള്ള ഉൽപ്പതിക്ഷ്ണുക്കളായ യുവാക്കളുടെ ഇത്തരം വർത്തമാനം കേട്ട് കാവുങ്ങൽ ശങ്കരപണിക്കരും സംഘവും അവരെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. എന്നിട്ട് അവരോട് പറഞ്ഞു: “മക്കളേ, നിങ്ങൾ തന്നെ ആണ് കലയുടെ രക്ഷിതാക്കൾ.“ അങ്ങനെ കാണികൾ തന്നെ ഒരുക്കിയ അരങ്ങ് കണ്ടങ്ങളിൽ കഥകളി നടന്നു. പട്ടിണിയും മറ്റുമുണ്ടെങ്കിലും നാടിനു നട്ടെല്ലുണ്ട് എന്ന് അവർ തെളിയിച്ചു. കാലം മാറി, സ്മാർത്തവിചാരം നടത്തിയ സാമൂഹിക അന്തരീക്ഷമല്ല ഇപ്പോൾ. കുടിയാന്മാർ പാട്ടബാക്കി കിട്ടാൻ വേണ്ടി ജന്മിമാർക്കെതിരെ കേസുകൾ കൊടുക്കാൻ തുടങ്ങി. ആട്ടക്കഥകൾക്ക് ഉള്ള അരങ്ങുകൾ ജന്മിഗൃഹങ്ങളുടെ മുറ്റത്ത് നിന്നും മാറി കണ്ടങ്ങളിലേക്കും പുറമ്പോക്ക് ഭൂമികളിലേക്കുമായി.

ഭ്രഷ്ടന്‍ ജനാവലിക്കിഷ്ടനായ്, നാട്ടുകാര്‍
കഷ്ടനഷ്ടങ്ങള്‍ മറന്നു പാടേ.
മാധുര്യമോലുന്നിതോര്‍മ്മകള്‍, പില്‍പാടു
മാറിന്‍ തുടിപ്പിലഴലിയറ്റി

അങ്ങനെ കാവുങ്ങൽ ശങ്കരപണിക്കർ എന്ന കഥകളി നടനു തന്റെ നടനവൈഭവം സ്വന്തം നാട്ടിൽ തന്നെ തെളിയിക്കാൻ അവസരം കിട്ടി. അദ്ദേഹം തിരുവിതാംകൂർ പോയി പലതും അഭ്യസിച്ചിരുന്നു. അതിന്റെ ഉൾക്കാഴ്ച്ച കൂടെ ആയപ്പോൾ ഭ്രഷ്ടനെ നാട്ടുകാർക്ക് വലിയ ഇഷ്ടമായി. അവർ എല്ലാവരും അദ്ദേഹത്തെ പുകഴ്ത്താൻ തുടങ്ങി. പോയകളിയരങ്ങുകളുടെ ഓർമ്മകൾ തന്നെ ഹൃദയത്തിന്റെ വേദന അകറ്റി.

എന്നും കഥകളി, യെന്നെന്നുമോര്‍മ്മയില്‍
അന്നുതാനാടിയ കൂടിയാട്ടം.

അതേ, എന്നും കഥകളി, എങ്കിലും അന്ന് താൻ ആടിയ ആ കൂടിയാട്ടം, അതിന്റെ മധുരമുള്ള ഓർമ്മ ഇന്നും നിലനിൽക്കുന്നു. ( കാവുങ്ങൽ ആശാനു താത്രിയോട് പ്രണയമായിരുന്നുവോ? )

വാര്‍മുടിപോലെ അലുക്കുകള്‍ മൌലിയില്‍
ആലോലലാലസം ലീലയാടി,
ഒട്ടിക്കുഴിഞ്ഞുചുളിഞ്ഞ കവിള്‍, രംഗ-
ത്തെത്തവെ, പൂന്തൊത്തുപോല്‍ തുടുത്തു.
ബാഹുകനാകിലോ യൌവ്വനം, ദൂതനാം
ബ്രാഹ്മണരൂപത്തില്‍ ശുദ്ധവൃദ്ധൻ.
നാകത്തിന്‍കല്‍പകവാടി വര്‍ണ്ണിക്കവേ
രാഗപ്രകാശം മനോഗതങ്ങള്‍.
അപ്സരകന്യകളൂഞ്ഞാലിലാടുന്ന
വിസ്മയം തന്‍ വിരല്‍ത്തുമ്പിലൂടെ.
ദുശ്ശാസനന്‍റെ രുധിരം കുടിക്കുന്ന
രൌദ്രഭീമന്‍റെ ബീഭത്സദൃശ്യം
എത്രപൊടുന്നനെ മായുന്നു കൃഷ്ണതൻ
ചപ്രത്തലമുടി കോതിടുമ്പോള്‍ !
കൈയിലെച്ചോരയും ചന്ദനച്ചാറായീ
കണ്ണിലെ രോഷം പ്രണയവര്‍ഷം.

ഇവിടെ കാവുങ്ങൽ ശങ്കരപണിക്കരുടെ വേഷപ്പകർച്ചയെ പറ്റി കവി പറയുന്നു. തലയിലെ കിരീടാലങ്കാരങ്ങളിലെ അലുക്കുകൾ ഇരുന്ന് ആലോലമാടി. കാവുങ്ങൽ ശങ്കരപണിക്കർ വൃദ്ധനായി എങ്കിലും ഒട്ടിക്കുഴിഞ്ഞു ചുളിഞ്ഞ അദ്ദേഹത്തിന്റെ കവിൾ വേഷം കെട്ടി അരങ്ങത്തെത്തവേ പൂന്തൊത്ത്(=പൂക്കുല) പോലെ തുടുത്ത് വിടർന്ന് യൗവനം പൂണ്ടു. (കവി കാവുങ്ങൽ ശങ്കരപണിക്കരുടെ വേഷം കണ്ടിരിക്കുന്നത് കാവുങ്ങൽ ആശാൻ വൃദ്ധനായതിനു ശേഷം ആയിരുന്നു എന്ന് ഓർക്കുക). ബാഹുകവേഷം കെട്ടിയാൽ യൗവനയുക്തനായി. എന്നാൽ ദൂതനായ ബ്രാഹ്മണവേഷം കെട്ടിയാലോ ശുദ്ധവൃദ്ധനും. സ്വർഗവർണന നടത്തുന്ന അർജ്ജുനൻ കെട്ടുമ്പോൾ ദേവസ്ത്രീകളെ കണ്ട് തരളിതനായി മനോധർമ്മം ആടും. ദേവസ്ത്രീകൾ ഊഞ്ഞാലുടുന്നത് ശരീരാഭിനയത്തിലൂടെ മനോഹരമായി ആടും. എന്നാൽ ദുശ്ശാസനനെ കൊന്ന് ചോരകുടിയ്ക്കുന്ന രൗദ്രഭീമനാകുമ്പോൾ ഭീഭത്സമാകും ആ മുഖഭാവം.  ദുശ്ശാസനന്റെ ചോരകൊണ്ട് ദ്രൗപദിയുടെ മുടികെട്ടിക്കൊടുക്കുന്ന സമയമാകുമ്പോൾ ഈ രൗദ്രഭീമന്റെ തന്നെ മുഖഭാവം സൗമ്യമായി നിമിഷങ്ങൾ കൊണ്ട് മാറും. ആ സമയം കയ്യിലെ ചോര ചന്ദനച്ചാറായും കണ്ണിലെ രൗദ്രം പ്രണയമായും പെട്ടെന്ന് മാറും. (താത്രിയുടെ ഓർമ്മ അത്ര തീക്ഷ്ണമായി കാവുങ്ങൽ ആശാന്റെ മനസ്സിൽ നിൽക്കുന്നതിനാലാണ് എത്ര രൗദ്രഭാവമായാലും തന്നെ ഞൊടിയിടയിൽ പ്രണയം, ശൃംഗാരം എന്നീ ഭാവങ്ങൾ മുഖത്ത് പെട്ടെന്ന് വരുന്നത്. താത്രിയെ ഒന്ന് ഓർമ്മിച്ചാൽ എല്ലാ രൗദ്രവും മാറി മനസ്സിൽ പ്രണയം നിറയും എന്ന് കവി പറയാതെ പറയുന്നതായി എനിക്ക് തോന്നി. അല്ലെങ്കിൽ എന്നും കഥകളി, എന്നെന്നുമോർമ്മയിൽ അന്നുതാനാടിയ കൂടിയാട്ടം എന്ന് കവി ആവർത്തിക്കേണ്ടതില്ലല്ലൊ.)

എന്നും കഥകളി, എന്നെന്നുമോര്‍മ്മയില്‍
അന്നുതാനാടിയ കൂടിയാട്ടം.

അതേ, എന്നും കഥകളി, എങ്കിലും അന്ന് താൻ ആടിയ ആ കൂടിയാട്ടം, അതിന്റെ മധുരമുള്ള ഓർമ്മ ഇന്നും നിലനിൽക്കുന്നു. ( കാവുങ്ങൽ ആശാനു താത്രിയോട് പ്രണയമായിരുന്നുവോ? )

മുപ്പതും നാല്‍പതുമാട്ടങ്ങള്‍കണ്ടവര്‍
ഒട്ടല്ലഭിനയമഭ്യസിച്ചു.
ചില്ലിയിളക്കങ്ങള്‍, ചുണ്ടുചലിപ്പിച്ചു
മെല്ലെന്നലര്‍ച്ച, മിഴിയുരുട്ടി
വീടിന്‍റെപൂമുഖത്തിണ്ണയില്‍, വൃക്ഷങ്ങൾ
ആടിയുലാവിടും കാവിനുള്ളില്‍,
കൈതകള്‍പൂത്തകുളക്കരെ, അക്കരെ
കൈത്തുഴയായ് പോകും തോണിക്കുള്ളില്‍.
ഭ്രഷ്ടന്‍‍തുറന്നിട്ടൊരാട്ടക്കലാശാല
നാട്ടിന്‍പുറത്തിനു പുത്തനൂറ്റം !

മുണ്ടകക്കണ്ടങ്ങൾ കഥകളി അരങ്ങ് ആക്കുക വഴി ജന്മി ഗൃഹങ്ങളിലെ അംഗങ്ങളും അവരുടെ ആശ്രിതരും മാത്രം കണ്ട് ആസ്വദിച്ചിരുന്ന കഥകളി എന്ന കല, സമൂഹത്തിലെ മറ്റ് പലതുറകളിൽ ഉള്ളവർക്കും കൂടെ പ്രാപ്യമായി. അവർ അത് കണ്ട് ആസ്വദിച്ചു. ധാരാളം കളി അരങ്ങുകൾ ശ്രദ്ധിച്ച് കണ്ട ചിലർ കഥകളിയിലെ പുരികമിളക്കലും, ചുണ്ട് ചലിപ്പിക്കലും, അലർച്ചയും കണ്ണുരുട്ടലും ഒക്കെ കണ്ട് പഠിച്ചു. അവർ വീടിന്റെ ഉമ്മറത്തിരുന്നും കാവിൽ ഇരുന്നും കുളക്കരെ ഇരുന്നും അക്കരെ പോകുമ്പോൾ തോണിയിലിരുന്നും കഥകളി കാര്യങ്ങൾ പറഞ്ഞും രസിച്ചും കണ്ടത് കാണിച്ചും കഴിച്ചുകൂട്ടി.

ഭ്രഷ്ടനാക്കപ്പെട്ടവനാൽ പകർന്ന് തന്ന ആ പുതിയ വിദ്യ നാട്ടിലാകെ പരക്കുകയും കളി ആസ്വദിക്കുക എന്നത് പരിഷ്കൃതസമൂഹത്തിന്റെ അടയാളമായും ഭവിച്ചു.

ഭാഗം ഒമ്പത്


ഉൾച്ചുടുംവേർപ്പുമായ് നട്ടുച്ചനേരത്ത്
തിച്ചൂരില്‍, കാവുങ്ങലെത്തി ആശാന്‍.
മുറ്റത്തുപൈതങ്ങള്‍, പെങ്ങള്‍, മരുമകള്‍
തല്‍പ്പേരുകാരന്‍ യുവാവൊരുത്തന്‍.

അങ്ങനെ യാത്രയ്ക്ക് ശേഷം കാവുങ്ങൽ ശങ്കരപ്പണിക്കർ തന്റെ ജന്മദേശം ആയ തിച്ചൂരിൽ എത്തി. തൃശൂർ ജില്ലയിലാണ് തിച്ചൂർ. ജന്മഗൃഹമായ കാവുങ്ങൽ തറവാടിന്റെ മുന്നിൽ വന്ന് നിന്ന ശങ്കരപ്പണിക്കർ കണ്ടത് പെങ്ങളേയും മക്കളും മരുമക്കളുമായി കുറെ പൈതങ്ങളെയും അതിൽ തന്റെ പേരുള്ള തന്റെ അനന്തരാവകാശിയേയും ആണ്.

കേട്ടുംകേള്‍പ്പിച്ചും വരുന്നയല്‍വീട്ടുകാര്‍,
നാട്ടുവഴികളിലാള്‍ത്തിരക്കായ്.
കണ്‍കളേവര്‍ക്കുമൊരാളില്‍, ഇതെന്തൊരു
സംഭവം; അമ്പരപ്പാര്‍ന്നഭാവം.

ഭ്രഷ്ടനായ ശങ്കരപ്പണിക്കർ നാട്ടിൽ തിരിച്ചെത്തി, മാത്രമല്ല തന്റെ സ്വന്തം തറവാട്ടിൽ തന്നെ എത്തിയിരിക്കുന്നു എന്ന് കേട്ടും കണ്ടും അറിഞ്ഞ് പലരും വന്ന് ചേർന്നു. പലവിധവികാരങ്ങൾ ആയിരുന്നു വന്നവർക്കെല്ലാം.  

ചെറ്റിടയൊട്ടു പരിഭ്രമം ആശാനും;
ചിക്കെന്നുതന്മതിരിച്ചുകിട്ടി.
'പിണ്ഡം‍വെച്ചാലും പടിയടച്ചിട്ടാലും,
മണ്ണേ, നിന്നുണ്ണിമടങ്ങിയെത്തി.
എന്നിലുയിരുള്ളനാള്‍വരെ എങ്ങിനെ
അന്യതാഭാവം നമുക്കുതമ്മില്‍?

നാട്ടുകാരേയും വീട്ടുകാരേയും ഒന്നിച്ച് കണ്ട ശങ്കര പണിക്കർ ആദ്യം തെല്ലൊന്ന് പരിഭ്രമിച്ചു. ഭ്രഷ്ടനല്ലെ, ഇനിയും കൂട്ടത്തിൽ കൂട്ടാതെ വരുമോ എന്ന് ശങ്കിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ശങ്ക ഒഴിവാക്കി സ്വന്തം നില വീണ്ടെടുത്ത് ശങ്കര പണിക്കർ പറഞ്ഞു: “എന്റെ നാട്ടിൽ ഞാൻ തിരിച്ചെത്തിയിരിക്കുന്നു. നിങ്ങൾ എന്നെ ഭ്രഷ്ടനാക്കിയാലും ജീവിക്കിരിക്കുമ്പോൾ തന്നെ പിണ്ഡം വെച്ച് പടിയടച്ചാലും ഞാൻ എന്റെ നാട്ടിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുന്നു. എനിക്കും എന്റെ നാടിനും തമ്മിൽ എന്റെ ഉള്ളിൽ ജീവനുള്ളതുവരെ യാതൊരു അന്യതാഭാവവുമുണ്ടാകില്ല.“

തന്‍കളിത്തൊട്ടില്‍, കളരിപ്പുരക്കുള്ളില്‍
ശങ്കരന്‍ ചെന്നു കൈകൂപ്പിനിന്നു
ചാത്തുണ്ണിയമ്മാവന്‍ ചൊല്ലിയാടിച്ചതാം
നൃത്തങ്ങൾ, ആംഗ്യങ്ങള്‍,  ഉള്‍ക്കളത്തില്‍
താനെന്നു താനായതിങ്ങുതാന്‍ ഈ മണ്ണില്‍
താരിയില്‍, താളത്തില്‍, തായ്‍വഴിയില്‍.

ശങ്കര പണിക്കർ കാവുങ്ങൽ തറവാട്ടിലെ കളരിയിൽ ചെന്ന പരദൈവങ്ങളെ കണ്ട് കൈകൂപ്പി തൊഴുതു. അന്നേരം ഓർത്തു: ചാത്തുണ്ണി അമ്മാമൻ പണ്ട് എന്നെ ചൊല്ലിയാടിപഠിപ്പിച്ചതാണ് ഓരോ ആംഗ്യങ്ങളും നൃത്തങ്ങളും മറ്റെല്ലാം. താൻ താനായത് ഈ മണ്ണിൽ നിന്നുകൊണ്ടാണ്. ഈ കളരിയിലെ (വായ്)താരിയിലൂടേയും താളത്തിലൂടേയും ആണ് താൻ, തനിക്ക്താനായാത്. (ഇന്നത്തെ നിലയിലായത് എന്നർത്ഥം)

നാലയലാകിയ കുന്നുകള്‍ കൂടിയും
കാലില്‍ച്ചിലമ്പിട്ടു ചൊല്ലിയാട്ടം.
സിംഹാസനത്തിലമരും നൃപാലനായ്,
സംഹാരവീര നൃസിംഹമായി,
നീലാളകങ്ങളിളകവേ, ചേണെഴും
ലോലലളിതവിലാസമായി,
പച്ച, കരി, കത്തി, ചെന്താടി, വര്‍ഷത്തില്‍
ഒച്ച വിറച്ചു നിണമണിച്ചില്‍.
ഓരോ ഋതുവിലും വേഷങ്ങള്‍ വെവ്വേറെ
ഓരുന്നീമണ്ണും മലഞ്ചെരിവും.
മണ്ണും മലയും മരവും മനുഷ്യനും
ഒന്നാണിവിടെക്കഥകളിയില്‍.

കവി കഥകളി അരങ്ങും നടന്മാരും പ്രകൃതിയുമൊക്കെ ഒന്നാണ് ഈ കളരിയിൽ എന്ന് പറയുന്നു. കുന്നുകൾ ആണ് അരങ്ങിന്റെ ചുമരുകൾ ഉദ്ധിതവീര്യനായ രാജാവായും സംഹാരത്തിനായി അവതരിച്ച നരസിംഹമായും അഴകാർന്ന മുടി ഇളകിക്കളിക്കുന്ന മോഹിനിയായും മറ്റ് പച്ച, കരി കത്തി ചുവന്നതാടി തുടങ്ങിയ വേഷങ്ങളായും വല്ലപ്പോഴുമുണ്ടാകുന്ന ‘നിണം‘ ആയും ഈ പ്രകൃതി തന്നെ ഓരോ ഋതുവിലും വേഷങ്ങൾ മാറി മാറി കെട്ടുന്നു. പ്രകൃതിയുടെ ഈ വേഷങ്ങളും കഥകളിയിലെ തന്നെ ഇത്തരം വേഷങ്ങളും എല്ലാം ഈ മണ്ണിൽ ഒന്നുതന്നെ. കളിരിപരമ്പരദൈവങ്ങളുടെ മുന്നിൽ നിന്ന് ശങ്കരപ്പണിക്കർ ഓർക്കുകയാണ്. നീലാളകങ്ങൾ=കറുത്ത തലമുടി

പ്രാര്‍ത്ഥന തീര്‍ന്നൊരു തത്വപ്രബോധന-
കര്‍ത്തവ്യനിഷ്ഠയിലെന്നപോലെ,
തന്‍വീട്ടുകാരേയും നാട്ടാരെയും നോക്കി
ഊന്നിയുറച്ചസ്വരത്തിലോതി:
"ഭീരുമചഞ്ഞില്ലിതേവരെ കാവുങ്ങല്‍
ആരും കളിയിലും വീരരായ്.
കൂടാണുയിരിന്നുടല്‍, കുടുംബത്തിനോ
ഈടാര്‍ന്ന താവളം വീടുതന്നെ.
വാഴ്‌വും കലയും വഴിപോലെ, മേലിലും
താഴാതെ വീഴ്ച്ചവരാതെ, നോക്കാം
നമ്മെത്തുണക്കുവാന്‍ നാം തന്നെ, നമ്മുടെ
തന്മാനത്തിന്മേല്‍ നലം വളര്‍ത്തി.
ചെങ്കോലും പൂണൂലുമൊന്നിച്ചിടം‍കോലായ്
എങ്കില്‍ ചങ്കൂറ്റം ശംഖൂതുവാനോ!
നേരിട്ടെതിരിടുന്നോരോടുപോരാടാന്‍
പോരാത്തവര്‍ക്കു പൊറുതിയില്ല.
അങ്കക്കളരിയില്‍ നിന്നവതാരമായ്
ഭംഗംവരാതെയീ കാവ്യരംഗം.
കോപ്പും ചമയവുമില്ലാതെ ഉച്ചയ്ക്കൊ-
രാട്ടക്കഥ അരങ്ങേറ്റമായി,

കളരിദൈവങ്ങളെ വന്ദിച്ച് വന്ന ശങ്കരപണിക്കർ അവിടെ കൂടിയ തന്റെ സ്വന്തം വീട്ടുകാരേയും നാട്ടുകാരേയും അഭിമുഖീകരിച്ച് പറഞ്ഞു: “കാവുങ്ങൽ തറവാട്ടിൽ ഉള്ളവർ ആരും തന്നെ ഭീരുക്കളായിട്ടില്ല. അത് ജീവിതത്തിലായാലും കഥകളിയിലായാലും. എല്ലാവരും വീരന്മാരായിരുന്നു. ശരീരം ജീവനു കൂടാണ് എങ്കിൽ കുടുംബത്തിനു താവളം വീട് തന്നെ ആണ്. നമുക്ക് തന്നെ മാത്രമേ നമ്മെ വലുതാക്കാനും ചെറുതാക്കാനും പറ്റൂ. നമുക്ക് നാം തന്നെ തുണയുള്ളൂ. അതിനാൽ ഇനി ഭാവിയിലും ജീവിതവും കലയും ഒരുമിച്ച് ഒന്ന് പോലെ നോക്കാം. പുരോഹിതവർഗ്ഗവും അധികാരിവർഗ്ഗവും നമുക്കെതിരെ ഒന്നിച്ചു. എന്നിരുന്നാലും ചങ്കൂറ്റത്തോടെ നേരിട്ട് എന്നോട് പൊരുതാനുള്ള ശക്തി അവർക്കില്ല. അതിനാൽ അവർക്ക് ജയവുമില്ല. ഞാൻ പുതിയൊരു ആട്ടത്തിനു തുടക്കം കുറിക്കുകയാണ്.“ ചെങ്കോലും പൂണൂലുമൊന്നിച്ച് എന്ന് പറഞ്ഞത്, രാജവംശത്തേയും നമ്പൂതിരിസമുദായത്തിനേയും പറ്റി ആണ് പരമാരിശിക്കുന്നത്. ചെങ്കോൽ രാജവംശത്തേയും പൂണൂൽ പൗരോഹിത്യ (നമ്പൂതിരി) വംശത്തേയും സൂചിപ്പിക്കുന്നു. അവർ രണ്ടും ഒന്നിച്ച് ഇടംകോലായി ഭവിച്ചു എങ്കിലും എനിക്ക് എന്റെ ചങ്കൂറ്റമുണ്ട്, അതുകൊണ്ട് ഞാൻ ശംഖൂതും എന്ന് സാരം. (ഇടംകോലായി ഭവിക്കുക=എതിരായി ഭവിക്കുക)

അങ്കം പിടിച്ചു ജയിച്ചു പണിക്കന്മാര്‍
അംഗവിക്ഷേപമായിന്നരങ്ങില്‍!
ചോടും കുരലും ചൊടിയോടെയിപ്പോഴും,
ചാഞ്ഞും ചെരിഞ്ഞുമൊടിഞ്ഞതില്ല.

കാവുങ്ങൽ പണിക്കന്മാർ ജീവിതത്തിൽ അങ്കം പിടിച്ച് ജയിച്ചവർ തന്നെ ആണ്. അങ്കം പിടിച്ച് അവരുടെ അടിവേരുകലങ്ങിയിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും ചൊടിയോടെ തന്നെ ഇരിക്കുന്നു.

നാലുമാറും ചക്കിലാടി, അറുപത്തി
നാലുകലയില്‍ രസം ചുരത്തി.
കൊക്കിലൊതുങ്ങാത്ത കോലം കലാകാരന്‍;
കൊത്തുന്ന കൊക്കിനേ കേടുപറ്റൂ.

അറുപത്തിനാലുകലകളിലും അവർ കേമന്മാരായി. അങ്കത്തിനു പോയവർക്കേ ജയപരാജയങ്ങൾ ഉള്ളൂ. ഭീരുക്കളായി അവരാരും അങ്കത്തിനു പോകാതെ വീട്ടിൽ ഇരുന്നിട്ടില്ല എന്നർത്ഥം. നാലുമാറും ചക്കിലാടി എന്ന് ഉദ്ദേശിക്കുന്നത് അറുപത്തിനാലുകലകളും മനസ്സിലാക്കി എന്നാവം.

നാലുമാറും ചക്കിലാടുന്നതിനെ പറ്റി മറ്റൊരു ഐതിഹ്യം കൂടെ ഉണ്ട്:. ഭാഷാപിതാവെന്ന് കരുതുന്ന തുഞ്ചന്റെ ചക്കിൽ എന്തെല്ലാം ആടും എന്ന് പരിഹാസരൂപത്തിൽ തുഞ്ചത്തെഴുത്തച്ഛനോട് ചോദിക്കുകയും ചക്കിൽ നാലുമാറും (അതായത് നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും) ആടുമെന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ എഴുത്തച്ഛൻ കഥ ഓർക്കാം നമുക്ക്. തുഞ്ചത്തെഴുത്തച്ഛൻ ചക്കാലനായർ എന്ന ജാതിയിൽ പെട്ടതായിരുന്നു എന്നും ചക്കിൽ എണ്ണ ആട്ടുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

കലാകാരനായാൽ അവനെ ഒരു കൃത്യമായ ചതുരത്തിൽ കെട്ടിയിടാൻ പറ്റില്ല. അറുപത്തിനാലുകലകളിലും രസം ചുരത്തി അവൻ ശോഭിക്കും. കൊക്കിലൊതുക്കാൻ നോക്കരുത്. എന്നാൽ അവന്റെ കൊക്ക് കൊത്തുന്നതും ആണ്. അതിനാൽ കേടുപറ്റാൻ സാദ്ധ്യത ഉള്ളതും ആണ്.

ആശാനായാദിയിലാടിയതാരുവാന്‍?
ശ്രീശങ്കരന്‍, നടരാജമൂര്‍ത്തി.
ആദരവേകാതദ്ദേവനെ ആരവ-
ഹേളിച്ചു? ദക്ഷന്‍, അയാള്‍ക്കുശിക്ഷ?
തന്‍തലനഷ്ടം, പകരം ലഭിച്ചതോ
തന്തക്കോലാടിന്‍ കറും തലയും !
മറ്റൊരു ശങ്കരന്‍, വേദാന്തദേശികന്‍
ഭ്രഷ്ടായ്, വടക്കോട്ട് തീര്‍ത്ഥയാത്ര.
സര്‍വ്വജ്ഞപീഠം കയറി, തിരിച്ചെത്തി,
സര്‍വ്വരും തന്മുമ്പില്‍ മുട്ടുകുത്തി;
കാലടിക്കാരന്‍റെ ചേവടിച്ചേര്‍പ്പൊടി
മൌലിയില്‍പൂശി വിശുദ്ധരായി.
കാവുങ്ങല്‍ശങ്കരന്‍ ശങ്കരനാണെങ്കില്‍
കാലവും കൈലാസം കൈത്തലത്തില്‍.'

ഇവിടെ ശങ്കരപണിക്കർ തന്റെ പുതിയജീവിതത്തിനും വാദങ്ങൾക്കും ശക്തി കിട്ടാനായി പുരാണത്തേയും ചരിത്രത്തേയും കൂട്ട് പിടിക്കുന്നു. ശിവഭഗവാൻ എന്ന നടരാജമൂർത്തി ആണ് സർവ്വ കലകളുടേയും ആദ്യത്തെ ആശാൻ. ശിവനും ശങ്കരനും ഒന്ന് തന്നെ. എന്നിട്ട് ആ ശങ്കരനെ അവഹേളിച്ച ജാമാതാവ് ദക്ഷനു കിട്ടിയത് എന്താണ്? ദക്ഷന്റെ തലവെട്ടിമാറ്റി ആടിന്റെ തലവെച്ചുകൊടുത്തു വീരഭദ്രനും ഭദ്രകാളിയും ചേർന്ന്. ശങ്കരനോട് എതിർത്തതിന്റെ ഫലം. എന്നിട്ട് ആ ആട്ടിൻ തലവെച്ച് ദക്ഷൻ ശങ്കരനെ വന്ദിച്ചു.
മറ്റൊരു ശങ്കരൻ, കാലടിയിൽ ജനിച്ചു. ആ ശങ്കരനേയും ഭ്രഷ്ടനാക്കി. എന്നിട്ടോ അവനും ഭ്രഷ്ടനായി നാട് വിട്ട് സർവ്വജ്ഞപീഠം കയറി തിരിച്ചു വന്നു. അപ്പോ എല്ലാവരും അവന്റെ മുന്നിൽ മുട്ടുകുത്തി. (ഇത് ശങ്കരാചാര്യരുടെ കഥ ആണ്.)
അതിനാലൊക്കെ തന്നെ കാവുങ്ങൽ ശങ്കരനും, ശങ്കരൻ എന്നാണ് പേർ എങ്കിൽ ഈ കാലത്തിനോടുള്ള അങ്കത്തിൽ, കൈലാസം കൈത്തലത്തിൽ വന്നപോലെ, ഞാൻ ജയിക്കും.

പോര്‍വിളിപോലെ, പുകഴിന്‍ പുലരൊളി
പോലെ, നവശംഖനാദം പോലെ.
ആലയത്തൂമണിയോശപോല്‍, ആശാന്‍റെ
ചേലൊത്ത ശൈലികള്‍ കാതിൽ വീഴ്കെ,
ആഹ്ലാദവീചികള്‍, ആര്‍പ്പുംവിളികളും,
ചുറ്റും മലകളില്‍ മാറ്റൊലികള്‍ !

പുതിയ ശങ്കരന്റെ ഈ പോർവിളി, പുതിയൊരു യുഗത്തിന്റെ ശംഖനാദമായിരുന്നു. പുതിയൊരു ദിവസത്തിന്റെ പുലരൊളി ആയിരുന്നു. അമ്പലമണികളുടെ മാധുര്യമുള്ള ശബ്ദം പോലെ പുതിയ ശങ്കരന്റെ ശബ്ദം കേട്ട് ചുറ്റും ഉള്ളവർ ആഹ്ലാദത്തോടേ ആർപ്പ് വിളിച്ചു. ശങ്കരനു ജയ് വിളിച്ചു. ആ ഒച്ചകൾ ചുറ്റുമുള്ള മലകളിൽ തട്ടി മാറ്റൊലിയായി.