കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം ഏഴ്


പൂങ്കോഴികൂകുന്നു, പോകുവാന്‍ നേരമായ്
നിന്‍തോഴിപോലും വെടിഞ്ഞു നിന്നെ.
നിന്നെനീതന്നെവഹിക്കും മുഹൂര്‍ത്തമായ്
മഞ്ചലും ഭാരവും മൂളലും നീ.

അങ്ങനെ സ്മാർത്തവിചാരം എന്ന വിചാരണ അവസാനിച്ചതായി രാജാവ് വിളംബരം പുറപ്പെടുവിച്ചു. കുറ്റക്കാരായ പുരുഷന്മാർ എല്ലാവരേയും ഭ്രഷ്ടരാക്കി ഇരിക്കപിണ്ഡം വെച്ച് പടിയടച്ചു. എന്നാൽ സാധനമോ? സാധനത്തെ പരിപാലിക്കേണ്ടത് രാജാവിന്റെ കടമയാണ്. (അതിനായി അവളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചതായി താത്രീ രേഖകളിൽ കാണുന്നുണ്ട്.)
അതെ എല്ലാം കഴിഞ്ഞു. താത്രിക്ക് ഇറങ്ങാനുള്ള സമയമായി. ഇനി അവൾക്ക് ദാസിമാരില്ല. അവളെ വഹിക്കാൻ മഞ്ചലില്ലാ മഞ്ചൽക്കാരുടെ മൂളലും ഇല്ല. എല്ലാം സ്വന്തം ഒറ്റയ്ക്ക് സഹിക്കണം. പുതിയ യാത്രയ്ക്ക് ഉള്ള സമയം. തയ്യാറെടുപ്പ്. നീതന്നെ നിന്നെ വഹിക്കുന്ന യാത്ര!

ആശീര്‍വ്വദിക്കാനും ശാപവാക്കോതാനും
ആരിവന്‍, പാവം, വെറും മനുഷ്യന്‍!
ചേതോവികാരങ്ങള്‍ ചോദനമേകുന്നു
ജാതാദരം വിടചൊല്‍വതിന്നായ്.
നിന്‍റെ ചരിത്രം, വിചിത്രം, ദുരന്തത്തി-
ലന്തിമിനുക്കം പുതിയചിത്രം.
വാധ്യാന്മാര്‍ക്കാകെരുജയായ് ഭവിച്ചനീ
ആദ്യത്തെ നമ്പൂരിസ്ത്രീ ദ്വിജയായ്
കാലനെവെന്നവള്‍ അന്നത്തെ സാവിത്രി
കാലത്തെവെല്ലുവിളിച്ചവള്‍ നീ

താത്രിയുടെ ധൈര്യത്തിനും തന്റേടത്തിനും മുന്നില കവി തൊഴുകൈകളോടെ നിൽക്കുകയാണ്. ആദരവോടെ (ജാതാദരം) വിട പറയുകയാണ്. അല്ലയോ താത്രീ, നിന്റെ ചരിത്രം അതി വിചിത്രം തന്നെ. ആ ചരിത്രത്തിനു അന്ത്യമാവുന്ന ഈ സമയത്തും ഒരു പുതിയ ചിത്രം പോലെ അതിൽ അന്തിമിനുക്കം കാണുന്നുണ്ട് ഞാൻ. ഓത്ത് പഠിച്ച വാധ്യാന്മാർക്ക് കൂടെ നീ നാശമായി. ഇന്ന് നീ പുറപ്പെട്ട് പോകുമ്പോൾ കാണുന്ന ഈ അന്തിവെളിച്ചം നിന്റെ രണ്ടാം ജന്മമാണോ എന്ന് ശങ്ക. അതിനാൽ തന്നെ നീ നമ്പൂതിരിസ്ത്രീജനങ്ങൾക്കിടയിലെ ആദ്യത്തെ ദ്വിജയായിരിക്കുന്നു. (ദ്വിജ എന്നാൽ രണ്ട് പ്രാവശ്യം ജനിച്ചവൾ, അതായത് ബ്രാഹ്മണസ്ത്രീ എന്നർത്ഥം. സാധാരണ ദ്വിജൻ അതായത് ബ്രാഹ്മണർ രണ്ട് പ്രാവശ്യം ഒരേ ജീവിതത്തിൽ ജനിക്കുമെന്ന് സങ്കൽപ്പം.) അല്ലയോ താത്രീ, പണ്ട് ഒരു സാവിത്രി, തന്റെ ഭർത്താവിനെ നേടാനായി കാലനെ പോലും തോൽപ്പിച്ചു. ഇന്ന് നീ, മറ്റൊരു സാവിത്രി കാലത്തെ തന്നെ വെല്ലുവിളിച്ചു. (താത്രി എന്നത് സാവിത്രിയുടെ വിളിപ്പേരാണ്. മഹാഭാരതത്തിലെ സത്യവാന്റേയും സാവിത്രിയുടേയും കഥ ഓർക്കുക. തന്റെ ഭർത്താവായ സത്യവാനു ദീർഘായുസ്സ് കിട്ടാനായി സാവിത്രി മരണദേവനായ യമധർമ്മരാജാവിനെ പോലും ജയിച്ചു. അത് സാവിത്രിയുടെ പാതിവ്രത്യം മൂലമെന്ന് മഹാഭാരത കഥ)

രുജ എന്നതിനു ദുഃഖം, വിനാശം, പെണ്ണാട് എന്നൊക്കെ ശബ്ദതാരാവലി അർത്ഥം പറയുന്നുണ്ട്. വാധ്യാന്മാർ എന്ന് വെച്ചാൽ വേദം പഠിച്ച് അത് മറ്റുള്ളവരെ പഠിപ്പിക്കുന്നവരെ പറയുന്നതാണ്. വാധ്യാന്മാർക്ക് രുജയായ് ഭവിച്ചവൾ ആണ് താത്രി. നിരവധി വാധ്യാന്മാരുമായും താത്രി ബന്ധപ്പെട്ടിട്ടുണ്ട്. ബന്ധം കാരണം പെണ്ണാടും അതുവഴി ദുഃഖവും (ഭ്രഷ്ട്) ആയി തീരുന്നു താത്രി. ഇതാണ് കാവ്യം! പദങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ ഭംഗി! അഹോ! പദാർത്ഥങ്ങൾ എന്ത് ഏതുവഴി നമുക്ക് വായനക്കാർക്ക് രസാനുഭൂതി തരുന്നു! ഞാനൊന്ന് അത്ഭുതപ്പെടട്ടെ! നമിക്കട്ടെ കവിയെ.

ചെല്ലമക്കുഞ്ഞിനെ മാറോടുചേര്‍ക്കാതെ
ചൊല്ലി നീ, 'ഉണ്ണീ, ഞാന്‍ പോയ്‍വരട്ടെ'
സാക്ഷതുറന്നിട്ടവാതിൽ‍, വലതുകാല്‍
വയ്ക്കുക, വന്നപോലാട്ടെപോക്കും,
മന്ദം അടിവെച്ചു നീങ്ങുക കാല്‍പാടാല്‍
പങ്കിലമാക്കേണ്ട ഇല്ലമുറ്റം!
വായുള്ളതിന്നുവഴിയുണ്ട്, വാതുറ-
ന്നോതിയവള്‍ക്കൊ പെരുവഴിയും.

പടിയിറങ്ങുന്ന താത്രി അരികത്തുള്ള ഒരു ഉണ്ണിയോട് യാത്ര ചോദിക്കുന്നു. വാതിൽ തുറന്നിട്ടുണ്ട്. വലതുകാൽ വെച്ച് തന്നെ പുറത്ത് കടക്കാം. (വേളി കഴിഞ്ഞ് ഭർതൃഗൃഹത്തിൽ ആദ്യമായി പ്രവേശിക്കുമ്പോൾ വലതുകാൽ വെച്ചാണല്ലൊ കയറിയത്. ഇപ്പോൾ അവിടെ നിന്ന് ഇറങ്ങുമ്പോഴും അതേ പോലെ തന്നെ.) ഇല്ലമുറ്റം നിന്റെ കാല്പാടുകളാൽ കറപുരട്ടാതെ മെല്ലെ, കാല്പാടുകൾ കൂടെ പതിയാത്തവിധം മെല്ലെ നീ ഇറങ്ങുക. വായ ഉണ്ടെങ്കിൽ ഉണ്ണാനും വഴിയുണ്ടാകും (എന്ന വരരുചി പറയിപെറ്റ പന്തീരുകുലം കഥ ഓർക്കുക). നിന്നെ പോലെ വായതുറന്ന് സമൂഹത്തിനോട് പോരാടിയാൽ, അവൾക്ക് പെരുവഴി തന്നെ ഗതി!

ആല്‍ത്തറയ്ക്കപ്പുറമത്താണി, അന്തിക-
ത്തക്കരെയെത്താന്‍ നടവരമ്പും.

നിന്‍വഴികാണുക നിന്‍കണ്ണാല്‍ത്തന്നെ നീ
നിന്‍റെമറക്കുട നീലവാനം
ഓര്‍മ്മയും മര്‍മ്മം പിളരുന്നനോവാകും;
ഇന്ന് മറവിയില്‍നിന്‍പിറവി.
ചോപ്പുകൊടിക്കൂറ തൂക്കിയകാവിന്‍റെ
മുറ്റത്തുചെന്നപ്പോള്‍ നിന്നതെന്തേ ?
അമ്മയല്ലാതിനി ആശ്വാസമാരുണ്ട് ?
നന്മനിറഞ്ഞവള്‍ ഭദ്രകാളി
നിഗ്രഹാനുഗ്രഹവ്യഗ്രയദ്ദേവിയെ
ഹൃത്തില്‍കുടിവെച്ചുകൊണ്ടുപോകൂ !

താത്രി അവളുടെ ഏകാന്തയാത്ര പുറപ്പെടുകയാണ്. അപ്പുറം ഭാരമിറക്കി വെയ്ക്കാൻ അത്താണിയുണ്ടാകാം, അക്കരെ എത്താൻ പാടത്തുകൂടെ നടവരമ്പുമുണ്ടാകാം. നിന്റെ വഴി ഇനി മുതൽ നീ തന്നെ കണ്ടെത്തണം. ഇതുവരെ ഉള്ളതല്ല ഇനി മുതൽ ഉള്ള വഴി. പുതുവഴി നടക്കുമ്പോൾ നിനക്കിനി മറക്കുടയായുള്ളത് നീലാകാശം മാത്രം. കഴിഞ്ഞത് ഓർത്താൽ ചെലപ്പോൾ നിനക്ക് നോവും അതിനാൽ അത് മറന്ന് ആ മറവിയിൽ നിനക്ക് പുതുജന്മം കിട്ടട്ടെ.
നീ എന്തിനാണ് താത്രീ, ഇല്ലത്തെ കാവിന്റെ മുറ്റത്തെത്തിയപ്പോൾ ഒന്ന് നിന്നത്? കാവിലമ്മ തന്നെ ശരണം! നിഗ്രഹിക്കാനും അതേ പോലെ അനുഗ്രഹിക്കാനും കഴിവുള്ള ആ ഭദ്രകാളിദേവിയെ നീ മനസ്സിൽ നന്നായി കുടിയിരുത്തി കൊണ്ടുപോകൂ. (മാടമ്പിന്റെ ഭ്രഷ്ട് എന്ന നോവലിൽ താത്രിയെ ഭദ്രകാളിയോട് ഉപമിക്കുന്നു.)

നേരംപുലരാനൊരിത്തിരി‍നാഴിക.
നേരിന്‍നിറകുടം വന്നുദിക്കും
പൂവിനുപുഞ്ചിരി, പുറ്റിനുംചന്തങ്ങള്‍
പൂജിക്കാത്തോര്‍ക്കും പുതുവെളിച്ചം.
എങ്ങോവെളിച്ചം അവിടെ നീ ചെല്ലുക;
മങ്ങാതെ നീയാകനിന്‍വെളിച്ചം.
കൂരിരുള്‍ തീരുമ്പോള്‍ കൂടുതകരുമ്പോൾ‍,
കൂകിയുയരും കിളികണക്കെ
ദൂരെ നവജന്മമേഖലപൂകുക,
പാറുക, പാറിപ്പറന്നുകൊള്‍ക.

നേരം പുലരാനും ആ നേരിൻ നിറകുടമായ ആദിത്യൻ ഉദിക്കാനും അൽപ്പനേരം മാത്രം. ആദ്യത്തിൻ ഈ ദിവസമുദിയ്ക്കുമ്പോൾ പൂക്കൾക്ക് പുതിയ പുഞ്ചിരിയും പൂജിക്കാത്തവർക്ക് കൂടെ പുതിയ വെളിച്ചവും ലഭിക്കും. അങ്ങനെ വെളിച്ചമുള്ളതെവിടേയോ അവിടെ നീ ചെല്ലുക. നീയാകുന്ന വെളിച്ചം ഒരിക്കലും മങ്ങരുത്. പ്രഭാതത്തിലും, അല്ലെങ്കിൽ തന്റെ കൂട് തകരുന്ന സമയത്തും കിളികൾ കൂകിക്കൊണ്ട് മരക്കൊമ്പിൽ നിന്ന് പറന്ന് ഉയരുകയാണല്ലൊ ചെയ്യുക. അതുപോലെ നീയും നിന്റെ പുതിയജന്മത്തിന്റെ കർമ്മകാണ്ഡങ്ങൾ അന്വേഷിച്ച് യാത്രയാവുക. പാറിപ്പറന്നുകൊൾക.

ഇതോടേ താത്രി എന്ന കഥാപാത്രം ഈ ഖണ്ഡകാവ്യത്തിൽ യാത്രയായി. യഥാർത്ഥജീവിതത്തിലും സ്മാർത്തവിചാരം കഴിഞ്ഞ താത്രിയെ പറ്റി വിശ്വസിക്കാവുന്ന യാതൊരു രേഖകളും ഇല്യ. ഒരർത്ഥത്തിൽ അത് അത്ഭുതാവഹം തന്നെ ആണ്. താത്രി ഇനിയും പേരുപറയാത്തവരുടെ പങ്ക് അതിലുണ്ടോ?

നമുക്ക് താത്രിയെ യാത്രയാക്കി കാവ്യം വായന തുടരാം.

No comments:

Post a Comment