കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം അഞ്ച്


രാവിൻകഥ തീര്‍ന്നു, മന്ദം തുടങ്ങുന്നു
ഭൂവിലും ദ്യോവിലും കേളിവേറെ.
കൊറ്റികരിന്തിരികത്തിപ്പതിക്കുന്നു
കുറ്റക്കാർവര്‍ണ്ണം തിരത്തുണികൾ‌‍.
ഏഴുനിറമെഴും മൂര്‍ത്തി, തിരനോട്ട-
മായെഴുന്നെള്ളുന്നു കര്‍മ്മസാക്ഷി.
ഇതുവരെ പറഞ്ഞ ഭാവം അല്ല ഇപ്പോൾ കവിയ്ക്ക്. കവി ചുറ്റുപാടിനെ വർണ്ണിക്കുകയാണ്. രാത്രി കഴിഞ്ഞ് പ്രഭാതമാവുകയാണ്. ഭൂമിയിലും ആകാശത്തും കളികൾ വെവ്വേറെ നടക്കുന്നു. ദ്യോവ് എന്നാൽ ആകാശം കഥകളി രാത്രിയിലാണ്. രാത്രി തീർന്നു.  കൊറ്റി എന്നാൽ പുലർകാല നക്ഷത്രം ആണ്. (അതെന്തിനു കരിന്തിരികത്തിപ്പതിയ്ക്കുന്നു എന്ന് മനസ്സിലായില്ല) തിരത്തുണികൾ മേഘങ്ങളും. ഇരുട്ടിന്റെ കറുത്തനിറമാർന്ന തിരശ്ശീലത്തുണികൾ നീക്കി പുലർകാല നക്ഷത്ര വെളിച്ചത്തിൽ ഏഴുനിറമാർന്ന ആ മൂർത്തി, സമസ്തകർമ്മങ്ങൾക്കും സാക്ഷിയായ സൂര്യൻ, തിരനോക്ക് തുടങ്ങി. സൂര്യൻ മെല്ലെ മെല്ലെ ഉദിയ്ക്കുന്നു.
മൂടുപടം നീക്കിയെത്തുംചിനപ്പുകൾ‌‍,
മൂളുംസ്വരങ്ങളില്‍ സൌഹൃദങ്ങൾ‌.
മദ്ദളമേളമിളകീയലകളിൽ‍;
മുദ്രാവിലാസങ്ങള്‍ പൂക്കള്‍ തോറും.
പക്ഷികള്‍ പാടും പദങ്ങള്‍ ഇളംതെന്നല്‍
ഇക്ഷിതിയെമ്പാടുമേറ്റുപാടി.
കാണുന്നവനും കളിയും കലരുന്നു
കാലസ്ഥലങ്ങള്‍ ലയിച്ചപോലെ.
മൂടുപടം നീക്കിയെത്തുന്നത് സൂര്യരശ്മികൾ ആണ്. പക്ഷികൾ പാടുന്ന പാട്ട്, ഭൂമിയിലാകെ ഇളംതെന്നൽ ഏറ്റ് പാടി. കഥകളിയിലെ പൊന്നാനി ഗായകൻ പാടുന്നത് എടുപാടുന്ന ശങ്കിടി ഗായകനെ പോലെ. ആഴിയിലെ അലകൾ മദ്ദളം വായിക്കുന്നു. പൂക്കളിൽ കവി മുദ്രകൾ കാണുന്നു.
(പ്രഭാതസമയത്ത് അങ്ങിങ്ങായി മൂടുപടം നീക്കിയെത്തുന്ന ചിനപ്പുകൾ അതായത് പക്ഷി മൃഗാദികളുടെ ശബ്ദങ്ങളിൽ സൗഹൃദമാണ് കവി ദർശിക്കുന്നത്. എന്നും വിവക്ഷിക്കാം)
പ്രഭാതസമയം കാണുന്നവനും ആടുന്നവനും ഒക്കെ ഒന്നായി കാലസ്ഥലങ്ങൾ ലയിച്ചപോലെ എന്ന് കവി. നേരം പകലുമല്ല രാത്രിയുമല്ല. രണ്ടും ചേർന്ന സന്ധ്യയാണ് പ്രഭാതം. പ്രദോഷവും സന്ധ്യതന്നെ. അരങ്ങും കാണികളും ഒക്കെ ഒന്നായി മാറുന്നു ഇവിടെ.
ചിനപ്പ് എന്നാൽ കോപം. കോപത്തിന്റെ നിറം ചുവപ്പ്. മൂടുപടം നീക്കിയെത്തുന്ന കോപം എന്ന് വെച്ചാൽ തുടുത്ത് പ്രഭാതകിരണങ്ങൾ, അവതരുന്നത് സൗഹൃദസ്വരങ്ങൾ ആണു.

തോടയുമാടയും താടിയും പെട്ടിയിൽ‍,
തോളില്‍ സമ്മാനങ്ങള്‍ പൊക്കണത്തിൽ‍,
രാത്രിമുഴുവനുറക്കമൊഴിച്ചതിന്‍-
ബാക്കികരളിലും കണ്ണിലുമായ്,
കൂപ്പിത്തൊഴുതുവിടവാങ്ങി ആട്ടക്കാർ‍.
മുപ്പതുനാഴിക അപ്പുറത്ത്
മറ്റെന്നാള്‍ 'ഉത്തരാകല്യാണ'ത്തിന്‍ക്ഷണം.
മുറ്റത്തുമുറ്റുംവിരുന്നുകാരും,
നിര്‍ന്നിമേഷാക്ഷിയായ് താത്രിയിരിക്കുന്നു
നിർവൃതിയാര്‍ന്നും നിറം‍പകര്‍ന്നും.
കഥകളി വേഷത്തിനു ഉപയോഗിക്കുന്ന തോട,വസ്ത്രം,താടിയൊക്കെ അഴിച്ച് പെട്ടിയിൽ വെച്ചു. ആടിയതിനു കിട്ടിയ സമ്മാനങ്ങൾ തോളിലെ പൊക്കണത്തിൽ വെച്ചു. ഉറക്കമില്ലാതെ രാത്രി മുഴുവൻ ആടിയതിന്റെ ക്ഷീണം കണ്ണിലും ആനന്ദം കരളിലും ആയി ആട്ടക്കാർ വിടവാങ്ങാൻ തുടങ്ങി. ആ സമയം  തന്നെ അടുത്ത കളിയരങ്ങിനുള്ള ക്ഷണം കൈമാറും. മറ്റന്നാൾ ഉത്തരാസ്വയംവരം എന്ന ഇരയിമ്മൻ തമ്പി തന്നെ രചിച്ച മറ്റൊരു കഥ ആണ്. വേഷമുണ്ട്, വരണം എന്ന് പലരും പലരേയും ക്ഷണിക്കുന്നു. കളി കഴിഞ്ഞു. ഇല്ലമുറ്റത്ത് നിറയെ കളി കാണാൻ വന്ന വിരുന്നുകാരുണ്ട്. പക്ഷെ, നമ്മുടെ സാവിത്രി എന്ന് താത്രി എന്തെന്നില്ലാത്ത നിർവൃതിയോടെ നിർന്നിമേഷാക്ഷിയായ് കണ്ണിമവെട്ടാതെ ആമോദത്തോടേ ഇരിക്കുകയാണ്. എവിടെ ഇരിക്കുന്നു എന്ന് അടുത്ത വരികളിൽ കവി വ്യക്തമാക്കുന്നു.
മാറിലുംതൻ‌ മുഖതാരിലും മുദ്രകള്‍
മാരിവില്ലോലും മുകില്‍കണക്കെ.
നീട്ടിവരച്ചകുറി വേര്‍പ്പില്‍മാഞ്ഞിടും
അഭ്രത്തരികള്‍ പതിഞ്ഞുമിന്നി.
കണ്ടു കഥകളി, കൊണ്ടു കഥകളി
രണ്ടുമകത്തും പുറത്തുമൊപ്പം.
ആ ഇരിപ്പിനു കാരണം താത്രി കഥകളി കാണുകയും കൊള്ളുകയും ചെയ്തു എന്നതാണ്. അതിനടയാളമായി അഭ്രത്തരികൾ ദേഹത്തുണ്ട്. കീചകന്റെ വേഷം അഴിക്കാതെ ആണ് താത്രി കാവുങ്ങൽ ആശാനോട് വരാൻ പറഞ്ഞത്. കഥകളിവേഷത്തിന്റെ കിരീടത്തിൽ തിളക്കത്തിനും നിറത്തിനും വേണ്ടി വെയ്ക്കുന്നതാണ് ഈ അഭ്രത്തരികൾ. അത് അടർന്ന് വീണു താത്രിയുടെ ദേഹത്ത് വീണതാണ്. നീട്ടിവരച്ച കുറി എല്ലാം മാഞ്ഞിരിക്കുന്നു. മുഖത്തും മാറിലും ‘കൂടിയാട്ട‘ത്തിന്റെ  മുദ്രകൾ വീണിരിക്കുന്നു. താത്രി ജീവിതത്തിൽ ആദ്യമായി കഥകളി അകത്തും പുറത്തും എത്രയും ഇഷ്ടത്തോടെയും ആനന്ദത്തോടെയും അനുഭവിച്ചു. ഇവിടെ കഥകളി അകത്തുകൊള്ളുക താത്രി അനുഭവിച്ച സംഗമരസാനുഭൂതിയാണ് എങ്കിൽ, കഥകളി പുറത്ത് കൊള്ളുക എന്നത് രസാനുഭൂതിയ്ക്ക് കാരണമായ കാവുങ്ങലാശാന്റെ കീചകനടന വൈഭവം ആണ്. കീചക്കണ്ണിന്റെ കാമം നിനക്കെന്തേ കാന്തമാകാൻ എന്ന് കവി മുന്നേ ചോദിച്ചത് ഓർക്കുക.
കല്ലിന്‍പടവിന്‍ഞെരിയാണി, വെള്ളത്തില്‍
ഉള്ളിലെഓര്‍മ്മയും ഓളമാക്കി,
കണ്ണുനീര്‍പോലുള്ള തണ്ണീരിൽ‍, -തന്‍മുഖ
ക്കണ്ണാടി,-ഒട്ടുകുനിഞ്ഞുനോക്കി.
താത്രി കുളപ്പടവിൽ ഇരുന്ന് കാൽ ഞെരിയാണിവെള്ളത്തിൽ വെച്ച് വെള്ളത്തിലേക്ക് കുനിഞ്ഞ് നോക്കുകയാണ്. കണ്ണീരുപോലെ തെളിഞ്ഞ വെള്ളത്തിൽ ഒരു കണ്ണാടിയെലെന്ന പോലെ തന്റെ മുഖത്തിന്റെ പ്രതിബിംബം താത്രി കാണുന്നു.
'അന്യോന്യം' താനും തന്‍ ഛായയും; ഇന്നോളം
ഒന്നിച്ചിണങ്ങി വളര്‍ന്നുവന്നോർ‍,
പുത്തരിയായിതാകണ്ടെന്ന നാട്യത്തില്‍
കുത്തിയിരിക്കുന്നതെന്തുകൂത്ത് !
തന്റെ മുഖവും അതിന്റെ പ്രതിബിംബവും ഇത്രയും കാലമായി ഒന്നിച്ച് തന്നെ വളർന്ന് വന്നത്. പക്ഷെ ഇപ്പോളിതാ ആദ്യമായി മുഖം അതിന്റെ പ്രതിബിംബത്തെ കാണുന്നപോലെ, എന്തൊരു കൂത്ത് ആണിത് എന്ന് താത്രി മനസ്സിൽ അത്ഭുതം കൂറുന്നു. (പുത്തരിയായ് കാണുക = ആദ്യമായി കാണുക). അന്യോന്യം എന്ന് കവി മുന്നേയും പ്രയോഗിച്ചിട്ടുണ്ട്. പരസ്പരം തമ്മിൽ തമ്മിൽ എന്ന് അർത്ഥമെടുക്കാമെങ്കിലും അന്യോന്യത്തിനു മുന്നേ സൂചിപ്പിച്ച സംവാദം എന്നും അർത്ഥം കാണാം. ഇവിടെ രണ്ട് അർത്ഥവും ഉപയോഗിക്കാമെന്ന് തോന്നുന്നു. മുഖവും പ്രതിബിംബവും പരസ്പരം കാണുന്നുമുണ്ട്. അവ തമ്മിൽ താത്രിയുടെ മനസ്സിൽ സംവദിക്കുന്നുമുണ്ട്.
കൈവിരല്‍ത്തുമ്പാല്‍ തുടയ്ക്കുന്നുതന്‍ബിംബം.
ചിന്നി, അതൊന്നാകും കാഴ്ച്ച കാണ്മൂ
തെന്നെനിഷേധിച്ചും നിര്‍മ്മിയ്ക്കുമീവിദ്യ
എന്നുമുതല്‍ക്കുനീയഭ്യസിച്ചു?
സൃഷ്ടിയിലുണ്ടു വിനാശം, വിനാശത്തില്‍
സൃഷ്ടിയും-കര്‍മ്മവൈരുദ്ധ്യശാസ്ത്രം,
വേദാന്തചിന്തയും വെല്ലാത്ത മണ്ഡലം
നീ വേദ്യമാക്കിയീ സംഗമത്തില്‍
ജന്മാനതരങ്ങളിൽ, കര്‍മ്മകാണ്ഡങ്ങളില്‍
ധര്‍മ്മാനുരക്തമാംസത്തയേതോ?
താത്രിയുടെ ശാന്തമായ ഇരിപ്പ് കണ്ടാൽ തന്നെ വരുംവരായ്കകളെ കുറിച്ച് നല്ല ധാരണ അവൾക്ക് ഉണ്ട് എന്ന് മനസ്സിലാകും. ഒരു ഉറച്ച മനസ്സോടെ ആണ് ഇരിപ്പ്. അതുവരെ ഉണ്ടായിരുന്ന ഒരു തലത്തിൽ നിന്നും എത്രയോ ഉത്കൃഷ്ടമായ ഒരു തലത്തിൽ ആണ് താത്രിയുടെ മനസ്സ്. അവൾക്കറിയാം താൻ എന്ത് ചെയ്തെന്ന്. സമൂഹം തരുന്ന അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് അവൾക്ക് വേവലാതി ഇല്ല. മറിച്ച് അവൾ അനുഭവിച്ച ആ അനുഭൂതിയെ വീണ്ടും അയവിറക്കുകയാണ്. ആ സമാഗമം അവളെ വളരെ ഉയർന്ന ഒരു ഉത്കൃഷ്ടനിലയിലേക്ക് കൊണ്ട് പോയിരിക്കുന്നു. അവിടെ തന്റെ യഥാർത്ഥമുഖവും അതിന്റെ പ്രതിബിംബവും ഒന്നാണ്. താത്രി വെള്ളത്തിൽ കൈ ഇട്ട് ഇളക്കി നോക്കി. പ്രതിബിംബം അലകളാൽ ഛിന്നഭിന്നമാക്കപ്പെട്ടു. വെള്ളത്തിന്റെ ഇളക്കം നിന്നപ്പോൾ അതേ പ്രതിബിംബം വീണ്ടും. സൃഷ്ടിയും നാശവും ഒക്കെ ഒന്ന് തന്നെ എന്നും ഒന്നിൽ തന്നെ അടങ്ങിയിരിക്കുന്നു എന്നും താത്രിക്ക് തോന്നി. വിദുഷിയായ താത്രിയുടെ മനസ്സ് എങ്ങനെ ഉത്കൃഷ്ടത കൈവരിക്കാതിരിക്കും?
നീരിലെ നിന്നുടല്‍ ചിന്നിത്തെറിക്കുമ്പോള്‍
നീ നടുങ്ങുന്നോ, വിറച്ചിടുന്നോ ?
താനും തന്‍വാഴ്വും മുഖാമുഖം; ഉള്ളിലെ
താഴും തനിയേ തുറക്കുമെന്നോ?
ഇല്ലെന്നു ചൊല്ലുവതെങ്ങിനെ? നന്മയും
തിന്മയുമൊന്നിച്ചൊരേ മനസ്സില്‍
സാക്ഷകള്‍ നീക്കും മലര്‍ക്കെ മനഃസ്സാക്ഷി
സാക്ഷാല്‍ക്കാരത്തിന്‍ മുഹൂര്‍ത്തമായാൽ‍.
പൂവിടരുന്നപോലൊരനുഭൂതി,
പൂതവികാരം, പുതിയരാഗം.
സ്വര്‍ഗ്ഗനരകങ്ങളെന്നു വിളിക്കുന്ന-
തൊക്കെയൊതുങ്ങുന്നീ സംഗമത്തിൽ‍.
തന്നെത്താന്‍ തന്നെ അറിയുകയെന്നതേ
കര്‍മ്മപ്രപഞ്ചത്തിൻ കാവ്യഭംഗി.
ധ്യാനനിമഗ്നരായ് യോഗികള്‍ തേടുമ-
ന്യൂന മനോജ്ഞമാം ധന്യലോകം,
ആ ലോകം, ആത്മസാക്ഷാല്‍ക്കരമണ്ഡലം
പാപപുണ്യങ്ങള്‍ക്കതീതമെന്നും.
താത്രിയുടെ മനസ്സ് സാധാരണ നിലയിൽ നിന്നും വിട്ട് ഉത്കൃഷ്ടമായ നിലയിലാണെങ്കിലും ഇടക്ക് അവൾക്ക് ഒരു ചാഞ്ചാട്ടവും ഉണ്ടാവുന്നുണ്ട്. അത് മനുഷ്യസഹജമാണല്ലൊ. ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ വേദാന്തം തോന്നിയാൽ കുറ്റമല്ല. താനും തന്റെ ജീവിതവും മുഖാമുഖമിരിക്കുമ്പോൾ മനസ്സിന്റെ ഉള്ളറകൾ ഒക്കെ തുറക്കപ്പെടും. സ്വമനസ്സിലേക്ക് ആഴ്ന്നിറങ്ങിയാൽ ആ മനസ്സിൽ നന്മയുമുണ്ട് തിന്മയുമുണ്ട്. ആത്മസാക്ഷാത്ക്കാരത്തിന്റെ മുഹൂർത്തത്തിൽ മനസ്സിന്റെ സാക്ഷകൾ എല്ലാം താനെ തുറക്കപ്പെടും. അപ്പോൾ മൂടിയിരിക്കുന്ന വികാരങ്ങൾ (പൂതവികാരം) എല്ലാം മൂടുപടം നീക്കി പുതിയ അനുഭൂതിയായി പ്രത്യക്ഷപ്പെടും. ആത്മസാക്ഷാരം നേടിയ ഈ സംഗമത്തിൽ സ്വർഗ്ഗവും നരകവും ഒക്കെ സംഗമിക്കുന്നു. തെറ്റുംശരിയും വേർപിരിവില്ലാതെ ഒന്നിയ്ക്കുന്നു. കർമ്മമെന്നത് തന്നെ താൻ അറിയുക എന്നതാണ്. ആത്മസാക്ഷാത്ക്കാരത്തിന്റെ ഈ ധന്യലോകമാണ് യോഗികളും തപസ്വികളും എല്ലാം തേടുന്നത്. അവിടെ പാപപുണ്യങ്ങൾ ഇല്ല. സ്വർഗ്ഗനരകങ്ങൾ ഇല്ല. നിർഗുണമാണ് ആ ലോകം. അവിടെ ആണ് താത്രി ഈ ഒരു “കൂടിയാട്ടം“ കൊണ്ട് എത്തിയിരിക്കുന്നത് എന്ന് കവി ധ്വനിപ്പിക്കുന്നു.

No comments:

Post a Comment