കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം പതിനൊന്ന്


കാലത്തിനുണ്ടുകളിയോഗം സ്വന്തമായ്
ലോകമരങ്ങു അണിയറയും.
ഓരോരോവേഷവും തന്‍കഥയാടിനി-
ന്നോര്‍ക്കാപ്പുറത്തേ പിരിഞ്ഞുപോണം.
ചെല്ലുന്നിടത്തും കളിയോഗം കാണുമൊ?
ചൊല്ലാന്‍ തിരിച്ചിങ്ങുവന്നതാരോ !

കഥ തീരാറായി. കവിയ്ക്ക് ഈ ലോകം തന്നെ അരങ്ങും അണിയറയുമാക്കുകയാണ് കാലം എന്ന് തോന്നുന്നു. എല്ലാവരും അവനവന്റെ വേഷം ആടി തീർക്കണം. ആരെപ്പോൾ ആട്ടം തീർന്ന് പോകും എന്ന് അറിയാൻ പറ്റില്ല. ആട്ടം തീർന്ന് ചെല്ലുന്ന സ്ഥലത്തും കളിയോഗം ഉണ്ടാകുമോ? അതിനു ആട്ടം തീർത്ത് പോയവർ ആരും തന്നെ, കളിയോഗം ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് തരാനായി മടങ്ങി അരങ്ങിൽ വന്നിട്ടില്ല. (മരണത്തിനുശേഷം ആരും പുനർജനിച്ച് നമ്മുടെ മുന്നിൽ നിന്ന് വന്ന് നിന്നിട്ടില്ലല്ലൊ.)

മുപ്പത്തിയഞ്ചിലായ് നൂറ്റാ,ണ്ടതിന്‍ മുന്‍പു
മൂത്തപണിക്കര്‍ വിടപറഞ്ഞു.
നൈഷധം ആട്ടക്കഥ മാത്രമല്ല, തന്‍-
ജീവചരിത്രവുമെന്നു കാട്ടി,
ഭ്രഷ്ടാം കലിയെ വിരട്ടി, മലനാട്ടി-
നിഷ്ടകലയ്ക്ക് കരുത്തുകൂട്ടി.
അന്യപ്പെടാത്ത വരധന്യജീവിതം
മന്നില്‍ മറ്റെന്തഭിരാമമേവം ?
നല്ലവരാരും മരിക്കുന്നതില്ലവര്‍
തന്നിടം മാറിയിരിക്കയല്ലീ !

അങ്ങനെ കവിതയിൽ നിന്നും മറ്റൊരു കഥാപാത്രം കൂടെ പോവുകയാണ്. ഓരോരുത്തരും വരുമ്പോഴും പോകുമ്പോഴും കാലം തന്നെ മാറും.  1936ൽ കാവുങ്ങൽ ശങ്കരപണിക്കർ ഇഹലോകവാസം വെടിഞ്ഞു. വെറുമൊരു ആട്ടക്കാരനല്ല താനെന്നും നളചരിതം ആട്ടക്കഥ മാത്രമല്ല തന്റെ ജീവിത ചരിത്രവും എന്ന് കാവുങ്ങൽ ശങ്കര പണിക്കർ താൻ നയിച്ച ജീവിതത്തിലൂടെ തെളിയിച്ചു. (നൈഷധം ആട്ടക്കഥ എന്നത് നളചരിതത്തിനെ ഉദ്ദേശിക്കുന്നു. അതും ഒരു വേർപാടിന്റെ കഥ ആണല്ലൊ. നിഷധരാജാവായിരുന്നു നളൻ എന്നതിനാൽ നൈഷധൻ എന്ന പേർ. നളൻ ദമയന്തിയുമായി വേർപെട്ട് ഋതുപർണ്ണ രാജധാനിയിൽ കുതിരാലയത്തിൽ സേവകനായിരുന്നു. കാവുങ്ങൽ ആശാൻ തിരുവിതാംകൂർ രാജാവിന്റെ സേവകനായി കഴിഞ്ഞു. സാമ്യതകൾ അങ്ങനെ ധാരാളം.) കാവുങ്ങൽ ശങ്കരപണിക്കരുടെ ജീവിതത്തിൽ കലിയായി വന്നത് സമൂഹം കൽപ്പിച്ച് കൊടുത്ത ഭ്രഷ്ട് ആയിരുന്നു. ആ കലിയേയും അദ്ദേഹം മനോധൈര്യം കൊണ്ട് ആട്ടിയകറ്റി. ആർക്കും അടിമപ്പെടാതെ ആത്മാഭിമാനത്തോടെ ജീവിക്കുക എന്നതിൽ കഴിഞ്ഞ് കൂടുതൽ ഈ ലോകത്ത് മറ്റെന്താണ് വേണ്ടത്? അങ്ങനെ കഴിഞ്ഞ നല്ലവർ ഒരാളും മരിക്കുകയല്ല ചെയ്യുന്നത് തങ്ങൾ ഇരിക്കുന്ന ഇടം ഒന്ന് മാറി ഇരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് കവി പറയുന്നു.

'ഇല്ലത്തെ ദാസിപ്പെണ്ണല്ല കഥകളി
ചെല്ലക്കിടാത്തിയായിന്നെല്ലാവര്‍ക്കും
വേരും വിളയും പെരുകി, വേനല്‍ക്കാല-
വേലയായ് ഇക്കല വേര്‍പ്പിലാടി.
കല്ലയും മാലയും ചാര്‍ത്തിയ കന്നികള്‍
കല്യാണിയാള്‍ക്കുറ്റ തോഴിമാരായ്.
തച്ചോളിഒതേനനും ഭീമനും കൃഷ്ണയും
ആര്‍ച്ചയുമൊത്തു കളിക്കളത്തില്‍.
കാവുങ്ങലാശാന്‍ നടത്തി കലാപങ്ങള്‍:
കാലടിപ്പാടുകള്‍ സാക്ഷ്യപത്രം.'

ഇല്ലങ്ങളിലെ മുറ്റത്തു നിന്നും കഥകളി എന്ന കലയെ മോചിപ്പിച്ച് വിശാലമായ പുറം ലോകത്തേക്ക് കൂട്ടിക്കൊണ്ട് വന്നു കാവുങ്ങൽ ആശാൻ. അതിനാൽ ധാരാളം അരങ്ങുകളും പേരും പെരുമയും കഥകളിയ്ക്കും കളിക്കാർക്കും കിട്ടി. (സാധാരണ വേനൽക്കാലമാണ് കഥകളി സീസൺ. വർഷക്കാലത്ത് ചവുട്ടി ഉഴിയലും മറ്റ് കളരി അഭ്യസനങ്ങളും ഒക്കെ ആയിരിക്കും. വേനൽക്കാലത്തല്ലെ കണ്ടങ്ങളും ഒഴിഞ്ഞ് കിടക്കൂ.) തച്ചോളി ഒതേനന്റേയും ഉണ്ണിയാർച്ചയുടേയും ഭീമന്റേയും ദ്രൗപദിയുടേയും ഒക്കെ കഥകൾ അങ്ങനെ നാട്ടിൽ കഥകളി മാത്രമല്ല,പല ജനകീയകലകളേയും ഉപാധിയാക്കി ആടി. ഇവിടെ കവി കല എന്നത് സമൂഹത്തിലെ ഉന്നതർക്ക് മാത്രമായി ആസ്വദിക്കാനുള്ളതല്ല എന്നും അത് സാധാരണക്കാർക്ക് കൂടെ ഉള്ളതാണെന്നും ആണ് എന്ന് ഓർമ്മിപ്പിയ്ക്കുന്നു. ആടണ്ടതും പാടന്നതും ദൈവകഥകൾ മാത്രമല്ല മറിച്ച് നാട്ടിൽ നടന്ന ഒതേനന്റേതുപോലെ ഉള്ള വീരേതിഹാസങ്ങളും വേണം.
കാവുങ്ങൽ ശങ്കര പണിക്കരുടെ ജീവിതയാത്രയിലെ കാലടിപ്പാടുകൾ അദ്ദേഹം നടത്തിയ കലാപങ്ങളുടെ സാക്ഷ്യപത്രം കൂടി ആണ്.

ആലോചിച്ചോട്ടിടനില്‍ക്കുന്നു വള്ളത്തോള്‍
കാലോചിതം കലാസംക്രമങ്ങള്‍,
വെട്ടത്തുനാട്ടിന്‍റെ സന്തതി, തുഞ്ചന്റെ-
ഈറ്റില്ലം തന്നിലേ താന്‍ പിറന്നു.
തൊട്ടിലിലാടി വളര്‍ന്നു കിളിപ്പാട്ട്
കേട്ടും, കളിക്കളക്കൂത്തുകണ്ടും.

കാലം പിന്നീടും കഴിഞ്ഞു. മാറ്റങ്ങൾ എല്ലാം കാലത്തിനനുസരിച്ച് തന്നെ എന്ന് ആലോചിച്ച് വള്ളത്തോൾ നിൽക്കുന്നു. (കവിയായ വള്ളത്തോൾ നാരായണ മേനോൻ ആണ് കഥകളിയെ ജീർണ്ണതയിൽ നിന്നും രക്ഷിച്ച് ഇന്ന് കാണുന്ന അവസ്ഥയിൽ ആക്കിയത്. കേരള കലാമണ്ഡലം സ്ഥാപിക്കാൻ മുൻകൈ എടുത്തതും പരിശ്രമിച്ചതും അദ്ദേഹം തന്നെ എന്ന് പ്രസിദ്ധം) തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടിലാണ് താൻ ജനിച്ചതും വളർന്നതും. കിളിപ്പാട്ട് കേട്ടും കളിയും കൂത്തും ഒക്കെ കണ്ടും കേട്ടുമാണ് താൻ വളർന്നത്.

വല്ലഭരായവര്‍ വാദവിധികളാം
വില്ലും‍കണയുമായ് വന്നെതിര്‍ക്കാം.
തെല്ലും പതറാതെ ചെയ്യേണ്ടതെന്തതു-
ചെയ്യുകചൊവ്വായ് ചുണവിടാതെ.
ജന്മാവകാശമിതൊന്നേ മനുഷ്യനു
സമ്മാനമായ് നല്‍കി സാക്ഷാലീശന്‍.

കാവുങ്ങൾ എന്താണോ കഥകളിയുക്കും കലയ്ക്കും ചെയ്തത് അതിലധികം വള്ളത്തോൾ ചെയ്തിരിക്കാം. എന്നാലും രണ്ട് കൂട്ടർക്കും പൊതുവായി ഉള്ള പലഗുണങ്ങളും ഉണ്ടായിരുന്നു. അവനവൻ തീരുമാനിച്ച് ഉറച്ച ലക്ഷ്യം നേടുക തന്നെ ചെയ്യാനുള്ള മനക്കരുത്തും ധൈര്യവും. വില്ലും കണയുമായി ആരെതിർത്താലും ഒരു തെല്ലും പതർച്ച ഇല്ലാതെ നേരിടും. ലക്ഷ്യം നേടുക എന്നത് ജന്മാവകാശമാണ് എന്ന് തോന്നുന്നതരത്തിൽ ആയിരുന്നു അവരുടെ പ്രവൃത്തികൾ.

ഊന്നുവടിയുമായ് ഊരെങ്ങും തെണ്ടുവാന്‍
തന്നെ വള്ളത്തോള്‍ തുനിഞ്ഞിറങ്ങി
ഭിക്ഷയാചിച്ചു നടന്നു മഹാകവി,
ബുദ്ധനും ഗാന്ധിയും ചെയ്തപോലെ.
രക്ഷിക്കാന്‍ മുന്നോട്ടു നീങ്ങിയാല്‍, കൈനീട്ടി
ഭിക്ഷയിരുന്നാലേ ദീക്ഷയുള്ളൂ.
തൊട്ടിലില്‍ കൈകാല്‍ കുടഞ്ഞുകളിക്കുന്ന
കുട്ടിയെ കയ്യിലെടുത്തുകൊഞ്ചി,
നാലാളെക്കാണിക്കാനുത്സുകം വാത്സല്യ-
മോലുന്ന കാരണോരെന്നപോലെ,
പെട്ടിയില്‍ പൂട്ടിക്കിടന്ന കലാവിദ്യ
തട്ടിക്കുടഞ്ഞു പുറത്തെടുത്തു,
തെക്കും വടക്കും കിഴക്കും പടിഞ്ഞാറും
ദിക്കായദിക്കെങ്ങും സഞ്ചരിച്ചു.
കേരളത്തിന്‍റെ മഹാകവി, കേവഞ്ചി
കേറി, തീവണ്ടി; വിമാനമേറി.

മഹാകവി വള്ളത്തോൾ നാരായണ മേനോൻ നടക്കുമ്പോൾ ഒരു ഊന്നുവടി എപ്പോഴും കയ്യിലുണ്ടാവുമായിരുന്നു. അദ്ദേഹത്തിനു ചെവികേൾക്കാൻ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം കഥകളിയുടെ ഉന്നമനത്തിനായി കലാമണ്ഡലം സ്ഥാപിച്ചു. സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികസഹായത്തിനായി അദ്ദേഹവും കലാമണ്ഡലം കഥകളിയോഗവും കൂടെ നാടാകെ നടന്നും ടിക്കറ്റ് വെച്ചും കഥകളി അരങ്ങുകൾ നടത്തി. അതും പോരാത്തതിനു വള്ളത്തോൾ ധന്യാഢ്യരുടെ അടുത്ത് സ്വമേധയാ പോയി കലാമണ്ഡലത്തിനു വേണ്ടി സാമ്പത്തികസഹായം നൽകാൻ യാചിച്ചു. കൂടുതൽ അറിയാൻ കലാമണ്ഡലത്തിന്റെ ചരിത്രം വായിക്കുക.
അങ്ങനെ അനങ്ങാൻ വയ്യാതെ കിടന്നിരുന്ന കഥകളിയാകുന്ന കുട്ടിയെ മഹാകവി വള്ളത്തോൾ കയ്യിലെടുത്ത് വാത്സല്യം കാണിക്കാൻ തുടങ്ങി, മറ്റുള്ളവരുടെ അടുത്ത് കൊണ്ടുപോയി കാണിക്കാൻ തുടങ്ങി. അതിനായി സകലവിദ്യകളും അദ്ദേഹം ചെയ്തു. അദ്ദേഹം തീവണ്ടിയും വിമാനവും കാറിലും മറ്റും കയറി നാനാദിക്കിലേക്കും സഞ്ചരിച്ചു. അശ്രാന്തപരിശ്രമം ചെയ്തു.
കൈനീട്ടി ഭിക്ഷ ഇരന്നാലേ ദീക്ഷയുള്ളൂ. ദീക്ഷ എന്നാൽ ഒരാൾ മറ്റൊരാൾക്ക് ഒരു പ്രത്യേക സാഹചര്യത്തിനുവേണ്ട മന്ത്രം ചൊല്ലിക്കൊടുക്കുന്നതാണ്. അല്ലെങ്കിൽ വിദ്യ അഭ്യസിപ്പിക്കുന്നതാണ്, വ്രതം എടുക്കുന്നതാണ്. ഇതിനൊക്കെ ദീക്ഷ എന്ന് പറയാം. ഇവിടെ കഥകളിയുടെ ഉന്നമനം ആയിരുന്നു വള്ളത്തോളിന്റെ ദീക്ഷ. അത് തുടങ്ങുന്നത് ഭിക്ഷ യാചിച്ചിട്ടായിരുന്നു. (കലാമണ്ഡല ചരിത്രം നോക്കുക)

നാടുചുറ്റുന്നു കലാമണ്ഡലം കളി,
നാലുദിശിയുമരങ്ങൊരുക്കീ
ലോകമറിഞ്ഞു കഥകളിപ്പെട്ടിയില്‍
മൂകമുറങ്ങിയമുഗ്ധശില്‍പ്പം.
ചിത്രവര്‍ണ്ണോജ്വലപാത്രങ്ങള്‍, വേഷങ്ങള്‍
എത്രപുരാണം പുതുമ ചൂടി!
രാത്രിനേരത്തരങ്ങത്തവതാരമായ്
പാര്‍ത്തലം കോരിത്തരിച്ചിരുന്നു.
കണ്ടുവോ, പണ്ടിതുപോലെ ഒരു കളി-
കണ്ടുവോ? ചോദ്യത്തില്‍ നിന്നു ചോദ്യം.
ഭ്രഷ്ടന്‍റെ പിന്മുറപാറിപ്പറക്കുന്ന
ധാര്‍ഷ്ട്യം, പാരെങ്ങും കളിയരങ്ങ് !

വള്ളത്തോളിന്റേയും സംഘത്തിന്റേയും അശ്രാന്തപരിശ്രമം കൊണ്ട് ഇന്ന് കലാമണ്ഡലവും കഥകളിയും പേരും പ്രശസ്തിയും ആർജ്ജിച്ചു. (കലാരംഗത്തുള്ള രാജ്യത്തെ ആദ്യ ഡീംഡ് സർവ്വകലാശാലയാണ് കേരള കലാമണ്ഡലം ഇന്ന് എന്ന് ഓർക്കുക. കേന്ദ്ര സർക്കാറിന്റെ കീഴിലാണത് ഇന്ന്.) അതിനാൽ കഥകളി എന്ന കലയെ പറ്റി ലോകം അറിഞ്ഞു. പല പല പുതിയ കഥകളും ചിട്ടപ്പെടുത്തി ആടിതുടങ്ങി. രാത്രി നേരത്ത് വരുന്ന അവതാരമായി കഥകളി. അത് കണ്ട് പാരാകെ കോരിത്തരിച്ചിരുന്നു. സഹൃദയർ ഇതുപോലെ ഒന്ന് മുന്നേ കണ്ടിട്ടുണ്ടോ എന്ന് അത്ഭുതം പൂണ്ടു. ഭ്രഷ്ടന്റെ, ബഹിഷ്കൃതന്റെ ധാർഷ്ട്യം, അവന്റെ പിന്മുറക്കാരുടെ ധാർഷ്ട്യം എന്നതുകൊണ്ടാണ് കഥകളിയ്ക്ക് പാരാകെ കളി അരങ്ങ് ആയി മാറിയത്. (ഇന്ന് രാത്രി മുഴുവൻ കളി വളരെ ചുരുക്കം. വൈകുന്നേരം തുടങ്ങി രാത്രി പത്ത് പത്തരയോടേ തീരുന്ന അരങ്ങുകൾ ആണ് അധികവും.)

വേലിവിലക്കുകള്‍ മാവേലിനാട്ടിലെ
വേദത്തില്‍ വേരൂന്നിനില്‍ക്കയില്ല.
മാലോകരേകം കലയില്‍; കലഹത്തിന്‍
കാലാഹരണമതിന്‍റെ ലക്ഷ്യം.

കേരളനാട്ടിന്റെ സംസ്കാരത്തിൽ കലയെ വേലികെട്ടി മാറ്റിനിർത്തലോ വിലക്ക് കൽപ്പിച്ച് മാറ്റിനിർത്തലോ ഒന്നും തന്നെ അധികം നീണ്ട് നിൽക്കില്ല. അതിനുകാരണം മാവേലി നാടിന്റെ സംസ്കാരം തന്നെ. ഈ സംസ്കാരത്തിൽ നാനാജാതി മതസ്ഥരും കീഴാളമേലാളഭേദം കൂടാതെ ഒന്നാണ്. കലയുടെ ലക്ഷ്യവും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ ആണ് എന്ന് ഫലശ്രുതിയോടെ കവിത സമാപിയ്ക്കുന്നു.

കൂടുതൽ വായിക്കാൻ ചില ലേഖനങ്ങൾ:-

കുറിയേടത്ത് താത്രി കുട്ടി എന്ന സാധനം - വി. ടി .ഭട്ടതിരിപ്പാട്
കലയും കാമവും - എം. ഗോവിന്ദൻ
കലയും കലാപവും - എം. ഗോവിന്ദൻ
തിരനോട്ടം - എം. ഗോവിന്ദൻ
എന്റെ ‘അകത്തുള്ള ആളുകളേ‘ വാഴ്ക! - എം. ഗോവിന്ദൻ
‘സ്ത്രീയേ എനിക്കും നിനക്കും തമ്മിൽ ബന്ധമെന്ത് ‘? - എം. ഗോവിന്ദൻ

===================ശുഭം==========================

No comments:

Post a Comment