കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം ഒമ്പത്


ഉൾച്ചുടുംവേർപ്പുമായ് നട്ടുച്ചനേരത്ത്
തിച്ചൂരില്‍, കാവുങ്ങലെത്തി ആശാന്‍.
മുറ്റത്തുപൈതങ്ങള്‍, പെങ്ങള്‍, മരുമകള്‍
തല്‍പ്പേരുകാരന്‍ യുവാവൊരുത്തന്‍.

അങ്ങനെ യാത്രയ്ക്ക് ശേഷം കാവുങ്ങൽ ശങ്കരപ്പണിക്കർ തന്റെ ജന്മദേശം ആയ തിച്ചൂരിൽ എത്തി. തൃശൂർ ജില്ലയിലാണ് തിച്ചൂർ. ജന്മഗൃഹമായ കാവുങ്ങൽ തറവാടിന്റെ മുന്നിൽ വന്ന് നിന്ന ശങ്കരപ്പണിക്കർ കണ്ടത് പെങ്ങളേയും മക്കളും മരുമക്കളുമായി കുറെ പൈതങ്ങളെയും അതിൽ തന്റെ പേരുള്ള തന്റെ അനന്തരാവകാശിയേയും ആണ്.

കേട്ടുംകേള്‍പ്പിച്ചും വരുന്നയല്‍വീട്ടുകാര്‍,
നാട്ടുവഴികളിലാള്‍ത്തിരക്കായ്.
കണ്‍കളേവര്‍ക്കുമൊരാളില്‍, ഇതെന്തൊരു
സംഭവം; അമ്പരപ്പാര്‍ന്നഭാവം.

ഭ്രഷ്ടനായ ശങ്കരപ്പണിക്കർ നാട്ടിൽ തിരിച്ചെത്തി, മാത്രമല്ല തന്റെ സ്വന്തം തറവാട്ടിൽ തന്നെ എത്തിയിരിക്കുന്നു എന്ന് കേട്ടും കണ്ടും അറിഞ്ഞ് പലരും വന്ന് ചേർന്നു. പലവിധവികാരങ്ങൾ ആയിരുന്നു വന്നവർക്കെല്ലാം.  

ചെറ്റിടയൊട്ടു പരിഭ്രമം ആശാനും;
ചിക്കെന്നുതന്മതിരിച്ചുകിട്ടി.
'പിണ്ഡം‍വെച്ചാലും പടിയടച്ചിട്ടാലും,
മണ്ണേ, നിന്നുണ്ണിമടങ്ങിയെത്തി.
എന്നിലുയിരുള്ളനാള്‍വരെ എങ്ങിനെ
അന്യതാഭാവം നമുക്കുതമ്മില്‍?

നാട്ടുകാരേയും വീട്ടുകാരേയും ഒന്നിച്ച് കണ്ട ശങ്കര പണിക്കർ ആദ്യം തെല്ലൊന്ന് പരിഭ്രമിച്ചു. ഭ്രഷ്ടനല്ലെ, ഇനിയും കൂട്ടത്തിൽ കൂട്ടാതെ വരുമോ എന്ന് ശങ്കിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ശങ്ക ഒഴിവാക്കി സ്വന്തം നില വീണ്ടെടുത്ത് ശങ്കര പണിക്കർ പറഞ്ഞു: “എന്റെ നാട്ടിൽ ഞാൻ തിരിച്ചെത്തിയിരിക്കുന്നു. നിങ്ങൾ എന്നെ ഭ്രഷ്ടനാക്കിയാലും ജീവിക്കിരിക്കുമ്പോൾ തന്നെ പിണ്ഡം വെച്ച് പടിയടച്ചാലും ഞാൻ എന്റെ നാട്ടിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുന്നു. എനിക്കും എന്റെ നാടിനും തമ്മിൽ എന്റെ ഉള്ളിൽ ജീവനുള്ളതുവരെ യാതൊരു അന്യതാഭാവവുമുണ്ടാകില്ല.“

തന്‍കളിത്തൊട്ടില്‍, കളരിപ്പുരക്കുള്ളില്‍
ശങ്കരന്‍ ചെന്നു കൈകൂപ്പിനിന്നു
ചാത്തുണ്ണിയമ്മാവന്‍ ചൊല്ലിയാടിച്ചതാം
നൃത്തങ്ങൾ, ആംഗ്യങ്ങള്‍,  ഉള്‍ക്കളത്തില്‍
താനെന്നു താനായതിങ്ങുതാന്‍ ഈ മണ്ണില്‍
താരിയില്‍, താളത്തില്‍, തായ്‍വഴിയില്‍.

ശങ്കര പണിക്കർ കാവുങ്ങൽ തറവാട്ടിലെ കളരിയിൽ ചെന്ന പരദൈവങ്ങളെ കണ്ട് കൈകൂപ്പി തൊഴുതു. അന്നേരം ഓർത്തു: ചാത്തുണ്ണി അമ്മാമൻ പണ്ട് എന്നെ ചൊല്ലിയാടിപഠിപ്പിച്ചതാണ് ഓരോ ആംഗ്യങ്ങളും നൃത്തങ്ങളും മറ്റെല്ലാം. താൻ താനായത് ഈ മണ്ണിൽ നിന്നുകൊണ്ടാണ്. ഈ കളരിയിലെ (വായ്)താരിയിലൂടേയും താളത്തിലൂടേയും ആണ് താൻ, തനിക്ക്താനായാത്. (ഇന്നത്തെ നിലയിലായത് എന്നർത്ഥം)

നാലയലാകിയ കുന്നുകള്‍ കൂടിയും
കാലില്‍ച്ചിലമ്പിട്ടു ചൊല്ലിയാട്ടം.
സിംഹാസനത്തിലമരും നൃപാലനായ്,
സംഹാരവീര നൃസിംഹമായി,
നീലാളകങ്ങളിളകവേ, ചേണെഴും
ലോലലളിതവിലാസമായി,
പച്ച, കരി, കത്തി, ചെന്താടി, വര്‍ഷത്തില്‍
ഒച്ച വിറച്ചു നിണമണിച്ചില്‍.
ഓരോ ഋതുവിലും വേഷങ്ങള്‍ വെവ്വേറെ
ഓരുന്നീമണ്ണും മലഞ്ചെരിവും.
മണ്ണും മലയും മരവും മനുഷ്യനും
ഒന്നാണിവിടെക്കഥകളിയില്‍.

കവി കഥകളി അരങ്ങും നടന്മാരും പ്രകൃതിയുമൊക്കെ ഒന്നാണ് ഈ കളരിയിൽ എന്ന് പറയുന്നു. കുന്നുകൾ ആണ് അരങ്ങിന്റെ ചുമരുകൾ ഉദ്ധിതവീര്യനായ രാജാവായും സംഹാരത്തിനായി അവതരിച്ച നരസിംഹമായും അഴകാർന്ന മുടി ഇളകിക്കളിക്കുന്ന മോഹിനിയായും മറ്റ് പച്ച, കരി കത്തി ചുവന്നതാടി തുടങ്ങിയ വേഷങ്ങളായും വല്ലപ്പോഴുമുണ്ടാകുന്ന ‘നിണം‘ ആയും ഈ പ്രകൃതി തന്നെ ഓരോ ഋതുവിലും വേഷങ്ങൾ മാറി മാറി കെട്ടുന്നു. പ്രകൃതിയുടെ ഈ വേഷങ്ങളും കഥകളിയിലെ തന്നെ ഇത്തരം വേഷങ്ങളും എല്ലാം ഈ മണ്ണിൽ ഒന്നുതന്നെ. കളിരിപരമ്പരദൈവങ്ങളുടെ മുന്നിൽ നിന്ന് ശങ്കരപ്പണിക്കർ ഓർക്കുകയാണ്. നീലാളകങ്ങൾ=കറുത്ത തലമുടി

പ്രാര്‍ത്ഥന തീര്‍ന്നൊരു തത്വപ്രബോധന-
കര്‍ത്തവ്യനിഷ്ഠയിലെന്നപോലെ,
തന്‍വീട്ടുകാരേയും നാട്ടാരെയും നോക്കി
ഊന്നിയുറച്ചസ്വരത്തിലോതി:
"ഭീരുമചഞ്ഞില്ലിതേവരെ കാവുങ്ങല്‍
ആരും കളിയിലും വീരരായ്.
കൂടാണുയിരിന്നുടല്‍, കുടുംബത്തിനോ
ഈടാര്‍ന്ന താവളം വീടുതന്നെ.
വാഴ്‌വും കലയും വഴിപോലെ, മേലിലും
താഴാതെ വീഴ്ച്ചവരാതെ, നോക്കാം
നമ്മെത്തുണക്കുവാന്‍ നാം തന്നെ, നമ്മുടെ
തന്മാനത്തിന്മേല്‍ നലം വളര്‍ത്തി.
ചെങ്കോലും പൂണൂലുമൊന്നിച്ചിടം‍കോലായ്
എങ്കില്‍ ചങ്കൂറ്റം ശംഖൂതുവാനോ!
നേരിട്ടെതിരിടുന്നോരോടുപോരാടാന്‍
പോരാത്തവര്‍ക്കു പൊറുതിയില്ല.
അങ്കക്കളരിയില്‍ നിന്നവതാരമായ്
ഭംഗംവരാതെയീ കാവ്യരംഗം.
കോപ്പും ചമയവുമില്ലാതെ ഉച്ചയ്ക്കൊ-
രാട്ടക്കഥ അരങ്ങേറ്റമായി,

കളരിദൈവങ്ങളെ വന്ദിച്ച് വന്ന ശങ്കരപണിക്കർ അവിടെ കൂടിയ തന്റെ സ്വന്തം വീട്ടുകാരേയും നാട്ടുകാരേയും അഭിമുഖീകരിച്ച് പറഞ്ഞു: “കാവുങ്ങൽ തറവാട്ടിൽ ഉള്ളവർ ആരും തന്നെ ഭീരുക്കളായിട്ടില്ല. അത് ജീവിതത്തിലായാലും കഥകളിയിലായാലും. എല്ലാവരും വീരന്മാരായിരുന്നു. ശരീരം ജീവനു കൂടാണ് എങ്കിൽ കുടുംബത്തിനു താവളം വീട് തന്നെ ആണ്. നമുക്ക് തന്നെ മാത്രമേ നമ്മെ വലുതാക്കാനും ചെറുതാക്കാനും പറ്റൂ. നമുക്ക് നാം തന്നെ തുണയുള്ളൂ. അതിനാൽ ഇനി ഭാവിയിലും ജീവിതവും കലയും ഒരുമിച്ച് ഒന്ന് പോലെ നോക്കാം. പുരോഹിതവർഗ്ഗവും അധികാരിവർഗ്ഗവും നമുക്കെതിരെ ഒന്നിച്ചു. എന്നിരുന്നാലും ചങ്കൂറ്റത്തോടെ നേരിട്ട് എന്നോട് പൊരുതാനുള്ള ശക്തി അവർക്കില്ല. അതിനാൽ അവർക്ക് ജയവുമില്ല. ഞാൻ പുതിയൊരു ആട്ടത്തിനു തുടക്കം കുറിക്കുകയാണ്.“ ചെങ്കോലും പൂണൂലുമൊന്നിച്ച് എന്ന് പറഞ്ഞത്, രാജവംശത്തേയും നമ്പൂതിരിസമുദായത്തിനേയും പറ്റി ആണ് പരമാരിശിക്കുന്നത്. ചെങ്കോൽ രാജവംശത്തേയും പൂണൂൽ പൗരോഹിത്യ (നമ്പൂതിരി) വംശത്തേയും സൂചിപ്പിക്കുന്നു. അവർ രണ്ടും ഒന്നിച്ച് ഇടംകോലായി ഭവിച്ചു എങ്കിലും എനിക്ക് എന്റെ ചങ്കൂറ്റമുണ്ട്, അതുകൊണ്ട് ഞാൻ ശംഖൂതും എന്ന് സാരം. (ഇടംകോലായി ഭവിക്കുക=എതിരായി ഭവിക്കുക)

അങ്കം പിടിച്ചു ജയിച്ചു പണിക്കന്മാര്‍
അംഗവിക്ഷേപമായിന്നരങ്ങില്‍!
ചോടും കുരലും ചൊടിയോടെയിപ്പോഴും,
ചാഞ്ഞും ചെരിഞ്ഞുമൊടിഞ്ഞതില്ല.

കാവുങ്ങൽ പണിക്കന്മാർ ജീവിതത്തിൽ അങ്കം പിടിച്ച് ജയിച്ചവർ തന്നെ ആണ്. അങ്കം പിടിച്ച് അവരുടെ അടിവേരുകലങ്ങിയിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും ചൊടിയോടെ തന്നെ ഇരിക്കുന്നു.

നാലുമാറും ചക്കിലാടി, അറുപത്തി
നാലുകലയില്‍ രസം ചുരത്തി.
കൊക്കിലൊതുങ്ങാത്ത കോലം കലാകാരന്‍;
കൊത്തുന്ന കൊക്കിനേ കേടുപറ്റൂ.

അറുപത്തിനാലുകലകളിലും അവർ കേമന്മാരായി. അങ്കത്തിനു പോയവർക്കേ ജയപരാജയങ്ങൾ ഉള്ളൂ. ഭീരുക്കളായി അവരാരും അങ്കത്തിനു പോകാതെ വീട്ടിൽ ഇരുന്നിട്ടില്ല എന്നർത്ഥം. നാലുമാറും ചക്കിലാടി എന്ന് ഉദ്ദേശിക്കുന്നത് അറുപത്തിനാലുകലകളും മനസ്സിലാക്കി എന്നാവം.

നാലുമാറും ചക്കിലാടുന്നതിനെ പറ്റി മറ്റൊരു ഐതിഹ്യം കൂടെ ഉണ്ട്:. ഭാഷാപിതാവെന്ന് കരുതുന്ന തുഞ്ചന്റെ ചക്കിൽ എന്തെല്ലാം ആടും എന്ന് പരിഹാസരൂപത്തിൽ തുഞ്ചത്തെഴുത്തച്ഛനോട് ചോദിക്കുകയും ചക്കിൽ നാലുമാറും (അതായത് നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും) ആടുമെന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ എഴുത്തച്ഛൻ കഥ ഓർക്കാം നമുക്ക്. തുഞ്ചത്തെഴുത്തച്ഛൻ ചക്കാലനായർ എന്ന ജാതിയിൽ പെട്ടതായിരുന്നു എന്നും ചക്കിൽ എണ്ണ ആട്ടുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

കലാകാരനായാൽ അവനെ ഒരു കൃത്യമായ ചതുരത്തിൽ കെട്ടിയിടാൻ പറ്റില്ല. അറുപത്തിനാലുകലകളിലും രസം ചുരത്തി അവൻ ശോഭിക്കും. കൊക്കിലൊതുക്കാൻ നോക്കരുത്. എന്നാൽ അവന്റെ കൊക്ക് കൊത്തുന്നതും ആണ്. അതിനാൽ കേടുപറ്റാൻ സാദ്ധ്യത ഉള്ളതും ആണ്.

ആശാനായാദിയിലാടിയതാരുവാന്‍?
ശ്രീശങ്കരന്‍, നടരാജമൂര്‍ത്തി.
ആദരവേകാതദ്ദേവനെ ആരവ-
ഹേളിച്ചു? ദക്ഷന്‍, അയാള്‍ക്കുശിക്ഷ?
തന്‍തലനഷ്ടം, പകരം ലഭിച്ചതോ
തന്തക്കോലാടിന്‍ കറും തലയും !
മറ്റൊരു ശങ്കരന്‍, വേദാന്തദേശികന്‍
ഭ്രഷ്ടായ്, വടക്കോട്ട് തീര്‍ത്ഥയാത്ര.
സര്‍വ്വജ്ഞപീഠം കയറി, തിരിച്ചെത്തി,
സര്‍വ്വരും തന്മുമ്പില്‍ മുട്ടുകുത്തി;
കാലടിക്കാരന്‍റെ ചേവടിച്ചേര്‍പ്പൊടി
മൌലിയില്‍പൂശി വിശുദ്ധരായി.
കാവുങ്ങല്‍ശങ്കരന്‍ ശങ്കരനാണെങ്കില്‍
കാലവും കൈലാസം കൈത്തലത്തില്‍.'

ഇവിടെ ശങ്കരപണിക്കർ തന്റെ പുതിയജീവിതത്തിനും വാദങ്ങൾക്കും ശക്തി കിട്ടാനായി പുരാണത്തേയും ചരിത്രത്തേയും കൂട്ട് പിടിക്കുന്നു. ശിവഭഗവാൻ എന്ന നടരാജമൂർത്തി ആണ് സർവ്വ കലകളുടേയും ആദ്യത്തെ ആശാൻ. ശിവനും ശങ്കരനും ഒന്ന് തന്നെ. എന്നിട്ട് ആ ശങ്കരനെ അവഹേളിച്ച ജാമാതാവ് ദക്ഷനു കിട്ടിയത് എന്താണ്? ദക്ഷന്റെ തലവെട്ടിമാറ്റി ആടിന്റെ തലവെച്ചുകൊടുത്തു വീരഭദ്രനും ഭദ്രകാളിയും ചേർന്ന്. ശങ്കരനോട് എതിർത്തതിന്റെ ഫലം. എന്നിട്ട് ആ ആട്ടിൻ തലവെച്ച് ദക്ഷൻ ശങ്കരനെ വന്ദിച്ചു.
മറ്റൊരു ശങ്കരൻ, കാലടിയിൽ ജനിച്ചു. ആ ശങ്കരനേയും ഭ്രഷ്ടനാക്കി. എന്നിട്ടോ അവനും ഭ്രഷ്ടനായി നാട് വിട്ട് സർവ്വജ്ഞപീഠം കയറി തിരിച്ചു വന്നു. അപ്പോ എല്ലാവരും അവന്റെ മുന്നിൽ മുട്ടുകുത്തി. (ഇത് ശങ്കരാചാര്യരുടെ കഥ ആണ്.)
അതിനാലൊക്കെ തന്നെ കാവുങ്ങൽ ശങ്കരനും, ശങ്കരൻ എന്നാണ് പേർ എങ്കിൽ ഈ കാലത്തിനോടുള്ള അങ്കത്തിൽ, കൈലാസം കൈത്തലത്തിൽ വന്നപോലെ, ഞാൻ ജയിക്കും.

പോര്‍വിളിപോലെ, പുകഴിന്‍ പുലരൊളി
പോലെ, നവശംഖനാദം പോലെ.
ആലയത്തൂമണിയോശപോല്‍, ആശാന്‍റെ
ചേലൊത്ത ശൈലികള്‍ കാതിൽ വീഴ്കെ,
ആഹ്ലാദവീചികള്‍, ആര്‍പ്പുംവിളികളും,
ചുറ്റും മലകളില്‍ മാറ്റൊലികള്‍ !

പുതിയ ശങ്കരന്റെ ഈ പോർവിളി, പുതിയൊരു യുഗത്തിന്റെ ശംഖനാദമായിരുന്നു. പുതിയൊരു ദിവസത്തിന്റെ പുലരൊളി ആയിരുന്നു. അമ്പലമണികളുടെ മാധുര്യമുള്ള ശബ്ദം പോലെ പുതിയ ശങ്കരന്റെ ശബ്ദം കേട്ട് ചുറ്റും ഉള്ളവർ ആഹ്ലാദത്തോടേ ആർപ്പ് വിളിച്ചു. ശങ്കരനു ജയ് വിളിച്ചു. ആ ഒച്ചകൾ ചുറ്റുമുള്ള മലകളിൽ തട്ടി മാറ്റൊലിയായി.

No comments:

Post a Comment