കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം ആറ്‌


'താത്രി, കുളങ്ങരെ രാത്രി മുഴുവനും?
എത്ര, എങ്ങെല്ലാം, തിരഞ്ഞു ഞങ്ങൾ ?‍'
ചൂണ്ടുവിരലിന്മേല്‍ ഭീഷണി, ഏഷണി,
ചുണ്ടില്‍ തെറി, ചൊറിച്ചൊല്ലെറിഞ്ഞു;

കളി കഴിഞ്ഞു. പ്രഭാതമായി. താത്രിയെ അന്വേഷിക്കുന്ന മുത്തശ്ശി താത്രിയെ കുളക്കരയിൽ കണ്ടെത്തിയപ്പോൾ, എവിടെ ഒക്കെ തിരഞ്ഞു നിന്നെ, എവിടെ ആയിരുന്നു രാത്രി മുഴുവൻ എന്ന് താത്രിയോട് ചോദിച്ചു. അപ്പോഴേക്കും മറ്റുള്ളവരും കൂടി. വിരൽ ചൂണ്ടി ഭീഷണിസ്വരത്തിൽ ചോദിക്കാൻ തുടങ്ങി.

'ഗാത്രത്തിലൊക്കെയും ചുട്ടി, കഥകളി-
പ്പെട്ടിയ്ക്കകത്തോ കിടന്നുറങ്ങി !
മാനക്കേടായി മറയോര്‍കുലത്തിനും
മാനിനിമാര്‍ക്കുമിന്നാകമാനം.'
പൊട്ടിക്കരയുന്നു മുത്തശ്ശി, 'കഷ്ടമേ
കുട്ടി നീ പെണ്ണായോ താത്രിക്കുട്ടി.'

ശരീരത്തിലൊക്കെയും കഥകളിച്ചുട്ടിയുടെ ബാക്കി. അഭ്രത്തരികളും തിളങ്ങുന്നു. നീയെന്താ കഥകളിക്കാരുടെ പെട്ടിയ്ക്കുള്ളിലാണോ താത്രീ ഉറങ്ങിയിരുന്നത് എന്ന് മുത്തശ്ശി ചോദിക്കുന്നു. അന്തർജ്ജനങ്ങളുക്കും മറ്റ് സ്ത്രീജനങ്ങൾക്കുമൊക്കെ നീ മാനക്കേട് ഉണ്ടാക്കിവെച്ചല്ലോ താത്രീ എന്ന് കരയുന്നു. ഇന്നലെ വരെ കുട്ടിക്കിടാവായിരുന്ന നീ ഇന്നയ്ക്ക് വലുതായോ താത്രി; എന്നൊക്കെ പറഞ്ഞ് മുത്തശ്ശി ആകട്ടെ സങ്കടപ്പെടുകയാണ്. താത്രിയെ കാണാതിരുന്നപ്പോഴുള്ള മുത്തശ്ശിയുടെ മനോവിചാരങ്ങൾ കവി മുന്നത്തെ ഭാഗത്ത് വരച്ച് കാട്ടിയിരുന്നതാണല്ലൊ.

മാനാപമാനങ്ങള്‍ പെണ്ണിനാല്‍ മാത്രമോ ?
മൌനത്തില്‍ ചോദ്യം ചികഞ്ഞിരുന്നു.
ഇല്ലത്തെ മാനം കെടുത്തിപോൽ‍, എമ്മട്ടില്‍
ഇല്ലാത്ത മാനം ഒരാള്‍ കെടുത്തും !
വേളി കഴിഞ്ഞന്നു രാത്രിയിൽ തന്നെയും
വേശ്യയാക്കാന്‍ വന്നതേതൊരാളോ,
ആദ്യത്തെ കീചകന്‍, ആനീചന്‍ തന്‍ മുന്നില്‍
ആരോപണങ്ങള്‍ തൊടുത്തു നില്‍പ്പൂ !
ഭീമനായില്ല മണവാളന്‍ ആ രാവിൽ‍;
ഭീരു ചമഞ്ഞു കിടന്നുറങ്ങി.
ചാരിത്രചോരനോ ധര്‍മ്മപ്രചാരകന്‍,
ചാരെ മരുവും വിടപ്രമാണി ?

താത്രിയാകട്ടെ കുറ്റപ്പെടുത്തലുകൾക്കും ചോദ്യങ്ങൾക്കും ഒന്നും ഉത്തരം ഏതും പറഞ്ഞില്ല. താത്രിയുടെ മനസ്സിൽ അപ്പോഴുണ്ടായിരുന്ന വിചാരങ്ങൾ ആണ് മുകളിലെ വരികൾ. താത്രി വിചാരിക്കുന്നു: “ഈ സമൂഹത്തിൽ മാനവും അപമാനവും പെണ്ണുങ്ങൾക്ക് മാത്രമാണോ ഉള്ളത്? ഇല്ലത്തിന്റെ മാനം കെടുത്താൻ തക്കവണ്ണം മാനം ഇല്ലത്തിനെവിടെ? എന്നെ വേളികഴിച്ചത് അനിയൻ. ആദ്യരാത്രി തന്നെ കീചകനായി വന്നത് ഏട്ടൻ. എന്നാൽ അന്ന് അനിയൻ, കീചകനെ ഭീമൻ കൊന്ന പോലെ, സ്വന്തം ഭാര്യയുടെ മാനം സംരക്ഷിക്കാനായി ഭീമനായി വന്നില്ല. മറിച്ച് ചുരുണ്ട് കൂടി കിടന്നുറങ്ങി. പിന്നെ എന്നെ ഇപ്പോൾ കുറ്റപ്പെടുത്തന്നവരിൽ ഈ നിൽക്കുന്ന (ചാരെ മരുവും എന്ന് കവി) വിഷയലമ്പടപ്രമാണി അവനല്ലെ, അന്നത്തെ കീചകൻ!” (സ്വന്തം ഭർത്താവിന്റെ ചേട്ടനായിരുന്നു താത്രിയുമായി ആദ്യരാത്രി സംഗമം നടത്തിയത്. അയാളാണ് ഇപ്പോൾ താത്രിയെ കുറ്റപ്പെടുത്തുന്നത് ! വിരോധാഭാസം. )

തേച്ചു കഴികയതില്ല താന്‍ തെറ്റുകള്‍
പച്ചയായ് ചോപ്പായ് പലനിറത്തിൽ‍,
ദേഹവും ദേഹിയും ഓഹരി വയ്ക്കാത്ത
ജീവിതസൌഭാഗ്യം താന്‍ കൊതിച്ചു.
ആയുസ്സിലൊറ്റത്തവണയേ ജീവന്‍റെ
സ്നായുക്കളാ സ്നേഹവര്‍ഷമേറ്റു.

താൻ (അതായത് താത്രി, അവരുടെ മനോഗതങ്ങൾ തുടരുകയാണ്) തെറ്റുകൾ ചെയ്തിട്ടുണ്ട്. അവ തേച്ച് കഴുകി മാന്യയായി ജീവിക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ ഒരു നല്ല ഭർത്താവിനെ, അതും ദേഹവും ആത്മാവും മറ്റുള്ളവരുമായി പങ്കുവെയ്ക്കപ്പെടേണ്ടാത്ത, തനിയ്ക്ക് മാത്രമായ ഭർത്താവിനെ താൻ കൊതിച്ചു. എന്നിട്ടോ? അത് എനിക്ക് ലഭിച്ചില്ല. പക്ഷെ ഇന്നലെ രാത്രി ഞാൻ ജീവിതത്തിൽ ആദ്യമായി എന്റെ ജീവന്റെ ഞരമ്പുകൾ ആ പങ്കുവെയ്ക്കപ്പെടാത്ത സ്നേഹത്തിന്റെ മഴ കൊണ്ടു.
താത്രി വളരെ ആത്മ്വവിശ്വാസത്തോടേ അചഞ്ചലായി തന്നെ നിൽക്കുകയാണ്. അവൾ കുറ്റങ്ങൾ ഒന്നും നിഷേധിക്കുന്നില്ല. തെറ്റുകുറ്റങ്ങൾ പച്ച ചുവപ്പ് എന്നൊക്കെ നിറം കൊടുത്ത് വിഭജിക്കുന്ന രീതി കൗതുകകരമാണ്. തെറ്റുകുറ്റങ്ങളുടെ സ്വഭാവരീതിക്കനുസരിച്ചാവുമല്ലൊ അത്. കഥകളിയിലും കഥാപാത്രസ്വഭാവത്തിനനുസരിച്ചാണ് കഥാപാത്രങ്ങൾ പച്ച, കത്തി, ചുവന്നതാടി എന്നൊക്കെ തിരിച്ചിരിക്കുന്നത്. ഈ ഖണ്ഡകാവ്യത്തിലുടനീളം കഥകളി പിന്നാമ്പുറത്തുണ്ട്.

ഊഴി പിളര്‍ന്നെങ്കിലെന്നൊരു ചിന്തയോ
കേഴാതെ കേഴുമച്ചേതനയില്‍?
പൂരുഷനീതിയെപ്പേടിക്കും പെണ്ണിനു
പൂതസങ്കേതമപ്പുണ്യഗര്‍ഭം!

താത്രിയുടെ ശരിയായ മാനസികാവസ്ഥ കവി ഇവിടെ സൂചിപ്പിക്കുന്നു. തന്റേടിയാണ് താത്രി. അവൾക്ക് കൂസലില്ല. അതിനാൽ തന്നെ അവൾക്ക് കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ ഭൂമി പിളർന്ന് അടിയിലേക്ക് പോയാൽ മതി എന്നൊരു ചിന്തയും ഉണ്ടായില്ല. (സീത, ശകുന്തള എന്നിവരുടെ കഥ ഓർക്കുക.) ഈ ഭൂമിയിൽ പുരുഷന്റെ നീതിയാണ്, അതിനെ പേടിയ്ക്കുന്ന സ്ത്രീകൾക്ക് ഉള്ള ശുദ്ധസങ്കേതമാണ് ഭൂമി പിളർന്ന് ഭൂയുടെ ഗർഭത്തിലേക്ക് പോവുക എന്നത്. അവർ ശുദ്ധിതെളിയിക്കുന്നത് ഭൂമിപിളർന്ന് ഭൂഗർഭത്തിലേക്ക് പോയിക്കൊണ്ടാണല്ലൊ. (തനിക്ക് ഒട്ടും തന്നെ പുരുഷനീതിയെ പേടിയില്ല എന്നർത്ഥം)

സാധനമാണിനി, സാവിത്രിയല്ലനീ,
സ്മാര്‍ത്തന്മാര്‍ സാത്വികരാകയില്ല.
വേണ്ടതെളിവുകള്‍ കണ്ണിലേ കണ്ടവര്‍
ഉണ്ടാക്കും, ബാക്കി തുരന്നെടുക്കും.
തീയ്യില്‍പ്പഴുപ്പിച്ച കമ്പികൾ‍, ചോദ്യങ്ങള്‍
നിന്‍ ചെവിക്കുള്ളില്‍ തുളച്ചു കേറ്റും.
നെയ്യില്‍ കൈമുക്കിയാല്‍ പോരല്ലോ, നീ തന്നെ
നെയ്യായുരുകിയൊലിച്ചുപോണം.

അങ്ങനെ സ്മാർത്തവിചാരം തുടങ്ങി. വേദശാസ്ത്രങ്ങൾ പഠിച്ചവരാണ് സ്മാർത്തന്മാർ. അതേ വിധിപ്രകാരമാണ് സ്മാർത്തവിചാരം എന്ന വിചാരണ നടത്തപ്പെടേണ്ടത്. ആദ്യം  താത്രിയുടെ മേൽ അടുക്കളദോഷശങ്കയും അത് പ്രകാരം താത്രിയുടെ ദാസിയെ വിചാരണചെയ്ത് വെറും ശങ്കയല്ല, വാസ്തവമാണ് എന്ന് തീരുമാനിക്കുകയും ചെയ്തു. അത് പ്രകാരം ആരോപണവിധേയായ താത്രി ‘സാധനം‘ എന്ന് പേരുമാറ്റപ്പെട്ട് അഞ്ചാം പുരയിലേക്ക് മാറ്റി പാർപ്പിച്ചു. സാധനത്തിനെ വിചാരണ ചെയ്യുന്ന സമയം പരമാവധി തെളിവുകൾ കണ്ടെടുക്കാനായി പല ദണ്ഡമുറകളും സ്വീകരിക്കും. തീക്ഷ്ണമായ ചോദ്യങ്ങളെ പോലെ തന്നെ തീയ്യിൽ പഴുപ്പിച്ച കമ്പിയും ചെവിയിൽ കയറ്റും. കുറ്റം തെളിയിക്കാൻ ശുചീന്ദ്രത്ത് തിളച്ച നെയ്യിൽ കൈമുക്ക് നടത്തി കൈ പൊള്ളാതെ രക്ഷപ്പെടണം. അതിനൊന്നും പുരുഷനീതി സമ്മതിക്കില്ല. താത്രീ, നിന്നെ തന്നെ നെയ്യാക്കി ഉരുക്കാനാണ് ഈ സ്മാർത്തന്മാർ തയ്യാറെടുത്ത് വന്നിരിക്കുന്നത്. ‘നീ തന്നെ നെയ്യായുരുകിയൊലിച്ചുപോണം’ എന്ന് പറയുന്നത് വഴി തെറ്റുകുറ്റങ്ങൾ സ്വയം ബോധ്യപ്പെട്ട് കുറ്റബോധത്താൽ സ്വയം വെന്തുരുകി ജീവിതം തീർക്കണം എന്ന് കൂടെ ആണ് പുരുഷനീതിയുടെ ആവശ്യമായി കവി പറയുന്നത്.

ആയിരംസംബന്ധം ചെയ്താലും വേട്ടാലും
ആഢ്യന്‍ തിരുമേനിക്കല്ലദോഷം.
സ്മാര്‍ത്തവിചാരക്കാരെത്തില്ലാ കാമാര്‍ത്തി
പൂര്‍ത്തീകരണയജ്ഞം മുടക്കാന്‍ !
കൊച്ചിരാജാവിനുമീദുരാചാരങ്ങള്‍
നിശ്ചയമില്ലാഞ്ഞിട്ടല്ല, പക്ഷെ...
പെണ്ണുപിഴച്ചാലന്നേരം വിളംബരം;
'ധര്‍മ്മസംസ്ഥാപനം നോന്‍റെ കര്‍മ്മം'

നമ്പൂതിരി സ്വജാതിയിൽ നിന്ന് വേളി കഴിച്ചു. അതും ഒന്നും രണ്ടുമല്ല, ഇഷ്ടം പോലെ, പല തവണ. പോരാത്തതിനു മറ്റ് ജാതികളിൽ നിന്ന് സംബന്ധവും ഉണ്ട്. നമ്പൂതിരിയുടെ ഈ കാമാർത്തി തീർക്കാനും അതിൽ കുറ്റം കണ്ട് പിടിക്കാനും ഒരൊറ്റ സ്മാർത്തവിചാരക്കാരും എത്തില്ല. നാട് ഭരിക്കുന്ന കൊച്ചി രാജാവിനും ഇത്തരം ദുരാചാരങ്ങളെ പറ്റി നന്നായി അറിയാം പക്ഷെ, ഈ പുരോഹിതവർഗ്ഗത്തെ പേടിച്ച് രാജാവും മുഖം തിരിക്കും. എന്നാൽ പെണ്ണ് പിഴച്ചു എന്ന് കേട്ടാൽ ഈ രാജാവ് ഉടൻ വിളംബരപ്പെടുത്തും ‘ധർമ്മ സംസ്ഥാപനമാണ് രാജാവിന്റെ കർമ്മം‘ അതിനാൽ സ്മാർത്തവിചാരം നടക്കട്ടെ എന്ന്. ഇത് പറയുന്ന വഴി കവി സ്ത്രീയ്ക്ക് നീതി ലഭിക്കാത്തതിൽ അന്നത്തെ ഭരണാധികാരികളെ കൂടെ കുറ്റപ്പെടുത്തുന്നു.

ധീരയായ്ത്തന്നെ നീ നിന്നു കുനിയാതെ
ആ മറയ്ക്കപ്പുറം സാധനമായ്.
ദാസിയെ നീയുച്ചഭാഷിണിയാക്കീലാ
നാവില്‍ സരസ്വതികേളിയാടി.
ഓതിക്കന്മാരൊന്നുമോതുവാനില്ലാതെ
ഓര്‍മ്മവെടിഞ്ഞു പകച്ചിരിപ്പായ്,
ആധാരംവായിക്കും പോലെ നിരായാസം-
ആള്‍പ്പേര്‍കുറിച്ചു കഥയുരച്ചു.

താത്രി തന്റേടിയായിരുന്നു. വിദുഷിയുമായിരുന്നു. അവൾക്ക് വരും വരായ്കകളെ പറ്റി നല്ല ബോധമുണ്ടായിരുന്നു. അതിനാൽ തന്നെ വിചാരണ സമയത്ത് ഒട്ടും തന്നെ പേടികൂടാതെ തന്റേടത്തോടെ ഓരോരുത്തരുടേയും പേരുകളും തെളിവുകളും സ്വയം വിളിച്ച് പറഞ്ഞു. എതിർവിചാരണകളെ അവൾ സ്വന്തം നാവുകൊണ്ട് തന്നെ ഖണ്ഡിച്ചു. അത് കേട്ട് മഹാപണ്ഡിതന്മാരായ നമ്പൂതിരിമാർ പകച്ചിരുന്നു. ആധാരം (ഭൂമിയുടെ അവകാശരേഖ) നോക്കി വായിക്കുന്ന പോലെ അനായാസം ഒട്ടും തന്നെ ഇടവിടാതെ താത്രി തന്നെ പ്രാപിച്ച പുരുഷന്മാരുടെ പേരുകളും അതിനുള്ള തെളിവുകളും ഓർമ്മയിൽ നിന്ന് എടുത്ത് പറഞ്ഞു.

സാധനത്തിന്റേയും, വിചാരണ ചെയ്യുന്ന സ്മാർത്തന്മാരുടേയും ഇടയിൽ ദാസി നിൽക്കും. സാധനം പറയുന്നത് ദാസിയാണ് സ്മാർത്തന്മാരോട് പറയുക. സാധനം ആരും കാണാതെ വാതിലിന്റെ അപ്പുറം ഒളിഞ്ഞിരിക്കണം. ദാസി വാതിലിനിപ്പുറവും നിൽക്കും. താത്രി ഈ ദാസിയെ തന്നെ ഒഴിവാക്കി. സ്മാർത്തന്മാരോടേ നേരിട്ട് സംവദിച്ച് അവരെ നിഷ്പ്രഭരാക്കി. കൂടുതൽ അറിയാൻ സ്മാർത്തവിചാരരീതികളും താത്രിയുടെ സ്മാർത്തവിചാരത്തിനെ പറ്റിയും പ്രത്യേകം പ്രത്യേകം വായിക്കേണ്ടതുണ്ട്.  

'നാലുമറുപതുമാളുകൾ‍' ഓതി നീ
നാണംകെടാതെ, നലംവിടാതെ.
മോതിരമൂരാതെ മുന്നിലേക്കൂന്നി നീ
കൈവിരൽ‍, 'ആരുടേതെന്നറിഞ്ഞൊ?'
ആരോപണങ്ങളായ്, ചോദ്യശരങ്ങളായ്,
ആചാര്യപാദരായ് വന്നവരേ !
നാലുമറുപതുമാളുകള്‍ 'ഊരിനീ
മോതിരം; 'ആരുടേതെന്നറിഞ്ഞോ?'
ചോദിച്ചുവീണ്ടും ചൊടിയിലിടിച്ചൊല്ലായ്,
ഓതിക്കര്‍ക്കോതുവാന്‍ വാക്കെവിടേ !

താത്രി ധൈര്യസമേതം അറുപത്തിനാലാളുകളുടെ പേരും വേണ്ട തെളിവുകളും സ്മാർത്തന്മാർക്ക് നൽകി. ഈ അറുപത്തിനാലാളുകളിൽ അന്നത്തെ സമൂഹത്തിലെ പലതുറയിലും പെട്ട പ്രമുഖന്മാരായിരുന്നു അധികവും. (അറുപത്തിയഞ്ചാളുകൾ എന്നും ഒരാൾ ഇടയ്ക്ക് മരിച്ചു എന്നും സ്മാർത്തവിചാരം രേഖകൾ.) നാടാകെ നടുങ്ങി. സമൂഹം ആകെ കലങ്ങി മറിഞ്ഞു. എന്നിട്ടും താത്രി നിർത്തുന്നില്ലായിരുന്നു. അവസാനം താത്രി, തന്റെ മോതിരക്കൈ വാതിലിനു വെളിയിൽ സ്മാർത്തന്മാരുടേ നേരെ നീട്ടി ചോദിച്ചു, ഈ വിരലിൽ കിടക്കുന്ന മോതിരം ആരുടേതെന്ന് അറിയാമോ ആചാര്യന്മാരെ‘ എന്ന്. അത് കണ്ട സ്മാർത്തന്മാർ അന്തിച്ച് ഇരുന്നുപോയി. അവരുടെ മിണ്ടാട്ടം തന്നെ മുട്ടിപ്പോയപ്പോൾ താത്രി ഒന്നുകൂടെ അവരോട് ചോദിച്ചു, ആചാര്യന്മാരെ ഈ മോതിരത്തിന്റെ ഉടമയുടെ പേരും പറയണോ? എന്ന്.

അതോടെ അവരവിടെ വിചാരണ നിർത്തി. (സ്ഥാനമൊഴിഞ്ഞ കൊച്ചിരാജാവ് രാമവർമ്മയായിരുന്നു താത്രിയുടെ സ്മാർത്തവിചാരകാലത്ത് കൊച്ചി രാജ്യം ഭരിച്ചിരുന്നത്. ആ മോതിരം രാജാവിന്റെ ആയിരുന്നുവോ എന്ന് കൃത്യമായി പറയാൻ പറ്റിയ തെളിവുകൾ ഇന്നും ആരുടേയും കയ്യിലില്ല. എന്തായാലും പേടിച്ചാണ് വിചാരണ നിർത്തിയത് എന്നത് വാസ്തവം.) അറുപത്തിനാലു തരം കലകൾ ആണ് ഭാരതീയ രസസിദ്ധാന്തങ്ങളിൽ. അറുപത്തിനാലു കെട്ടുകളാണ് ഒരു കഥകളി വേഷം ചമയിച്ച് ഒരുങ്ങുമ്പോൾ ഉണ്ടാവുക. അറുപത്തിനാലാളുകളുടെ പേരുകൾ ആണ് താത്രി വിളിച്ച് പറഞ്ഞതും.

പൊള്ളുന്നപട്ടാഗം പേടിച്ച സ്മാര്‍ത്തന്മാര്‍
കള്ളക്കളിക്കു കലാശമിട്ടു.

പട്ടാഗം=പട്ടാങ്ങ്; സത്യമാണെന്ന് തോന്നിക്കുന്ന പൊളി എന്ന് ശബ്ദതാരാവലി.
അതെ ആ സ്മാർത്തവിചാരം സത്യമാണെന്ന് തോന്നിക്കുന്ന വലിയ പൊളി തന്നെ ആയിരുന്നു. എന്നാൽ യാഥാർത്ഥ്യം എന്ത് ? മനുഷ്യബന്ധങ്ങൾ എങ്ങിനെ വിശദീകരിക്കാം ?

താത്രിയുടെ വിചാരണയുമായി കുറെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. പല തവണ മാറ്റി വെച്ചു. പല തവണ നടത്തി. താത്രി താമസിച്ചിരുന്ന പുരയ്ക്ക് കനത്ത കാവലായിരുന്നു. താത്രിയെ കൊലപ്പെടുത്തുവാൻ ശ്രമങ്ങൾ നടന്നിരുന്നു എന്നതിൽ നിന്നും അനുമാനിക്കാം. കൂടുതൽ അറിയാൻ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം ലേഖനങ്ങൾ വായിക്കുക. 

No comments:

Post a Comment